Friday 8 May 2020

ജാക്കി മോനും കല്യാണം മുടക്കികളും

ആറ്റു നോറ്റു കൂട്ടുകാരൻ "റോ-കുട്ടന് "  ഒരു പെണ്ണ് കാണൽ ഒത്തു വന്നു ... റോക്കുട്ടൻ വിദേശത്തെ വിമാനക്കമ്പനിയിൽ എഞ്ചിനീയർ ആണ് ..  പക്ഷെ ചെക്കന് ബുദ്ധിവികാസം കുറവായതു കൊണ്ട് , പക്വതക്കൂടുതലുള്ള രണ്ടു കൂട്ടുകാരെ (എന്നെയും  കോണയെയും )  ചെക്കന്റെ അച്ഛൻ , ചെക്കനൊപ്പം പെണ്ണുകാണാൻ കൂട്ടിനു അയച്ചു.. പെണ്ണിന്റെ വീട് കണ്ണൂരാണ് .. കുറ്റിയാടി  നിന്നും പള്ളൂര് - മാഹി വഴി കണ്ണൂർക്ക് .. സാദാരണ ഗതിയിൽ മാഹിയിൽ പോയാൽ രണ്ടുണ്ട് കാര്യം .. ചില്ലറ പൈസക്ക് വണ്ടി ഫുൾ ടാങ്കും അടിക്കാം, ഹരത്തിന് വേണേൽ രണ്ടു പെഗ്ഗും അടിക്കാം ,.. പക്ഷെ തികച്ചും നിഷ്കളങ്കരായ എന്റെയും കൂട്ടരുടെയും ഉദ്ദേശം, പോകുന്ന കാര്യം നന്നായി ഭവിക്കാൻ വേണ്ടി  മാഹിപ്പള്ളിയിൽ കേറി മാഹിയിലമ്മയുടെ അടുത്ത് പ്രാർത്ഥിക്കുക എന്നത് മാത്രമായിരുന്നു.. (കഥയിലെ ഫസ്റ്റ് നൊണ)

പെണ്ണുകാണലിലെ പലഹാരങ്ങൾ കഴിക്കുന്നത് ഞങ്ങളുടെ ലക്‌ഷ്യം ആയിരുന്നതിനാൽ യാത്ര മദ്ധ്യേ കാര്യമായ ഫുഡ് അടി ഒന്നും ഇല്ലായിരുന്നു ..

ഉച്ചയോടടുപ്പിച്ചു ഞങ്ങള് പെണ്ണിന്റെ നാട്ടിലെത്തി..കണ്ണൂർ ഇരിട്ടിയിൽ നിന്നും ഒരു പത്തു കിലോമീറ്റര് പോകുമ്പോൾ ഉള്ളൊരു നൽക്കവല .. മലയോര പ്രദേശമാണ്.. വീട് കണ്ടുപിടിക്കാൻ ഒരു നിവൃത്തിയും ഇല്ല .. എഡ്ജ് കണക്ടിവിറ്റി ആയതുകൊണ്ട് ഗൂഗ്ൾ മാപ്പ് പണി മുടക്കിയിരിക്കുകയാണ് ..കല്യാണം മുടക്കികൽ ഉണ്ടെങ്കിലോ എന്ന് കരുതി നാട്ടുകാരോട് വീട് ചോദിക്കാനും മടി.. ഒടുവിൽ  നിവൃത്തിയില്ലാതെ ഭാവി അമ്മായിയപ്പനെ നമ്മുടെ ചെക്കൻ വിളിച്ചു ..പെണ്ണിന്റെ അപ്പൻ മൂവർ സംഘത്തെ തേടി എത്തി.. സന്തോഷത്തോടെ വീട്ടിലേക്കു ആനയിച്ചു..

പെണ്ണിന്റെ ചുറ്റുപാടൊക്കെ നോക്കി വെക്കാൻ റോ-കുട്ടന്റെ അപ്പൻ ഞങ്ങളോട് പറഞ്ഞേൽപ്പിച്ചിരുന്നു .. ചെന്നപാടേ ഞാനും കൊണയും ചുറ്റുപാടൊക്കെ നിരീക്ഷിക്കാൻ തുടങ്ങി..    മുറ്റത്തൊരു സ്വിഫ്റ്റ് കിടക്കുന്നു..സ്ത്രീധനമായി മിനിമം ഒരു മാരുതി എണ്ണൂരെങ്കിലും പ്രതീക്ഷിക്കാം..

പെണ്ണുവീടിന്റെ മുന്നിൽ ഞങ്ങൾ വന്ന കാറ്  ഞാൻ പാർക്ക് ചെയ്തു പുറത്തിറങ്ങിയപ്പോൾ ഭാവി അമ്മായിയപ്പൻ ഇടപെട്ടു..

"അതേയ് വണ്ടിയൊന്നു ഒതുക്കി പാർക്ക് ചെയ്യണേ .. ഇത്തിരി കഴിയുമ്പോ ജാക്കി മോൻ  വരും.. അവനു വീടിന്റെ പുറകിൽ കിടക്കുന്ന  ജീപ്പ് പുറത്തെടുക്കാനുള്ളതാ"

അമ്മായിയപ്പൻ ആള് കൊള്ളാം ..വീട്ടിൽ രണ്ടു വണ്ടി ഉണ്ടെന്നറിയിക്കാനുള്ള സൈക്കിൾ ഓടിക്കൽ മൂവ്  .. ഭാവി അളിയന്റെ ഊള  പേരും കൊള്ളാം "ജാക്കി"

"അതിനെന്താ അങ്കിളേ .. ഇപ്പൊ ശെരിയാക്കി തരാം.. "
ഞാൻ വണ്ടി ഒന്നൂടെ ഒതുക്കി

തന്നെ ഏല്പിച്ച ജോലി കോണ വൃത്തിയായി ചെയ്യുകയാണ് ..മുറ്റത്തു നിന്ന് പറമ്പിലേക്ക് നോക്കി തെങ്ങിന്റെ എണ്ണം എടുക്കുകയാണ് .. അതുപോലെ അയലിന്റെ മേലെ ഉണങ്ങി ഇട്ടിരിക്കുന്ന റബ്ബർ ഷീറ്റിന്റെ എണ്ണവും, പ്രത്യക്ഷത്തിൽ കാണുന്ന ആലയിലുള്ള പശുവിന്റെ എണ്ണവും കോണ സാർ ആൾറെഡി എടുത്തു കഴിഞ്ഞിരുന്നു..

റോ-കുട്ടൻ  ഇത്തിരി ദ്രിതിയിൽ ആണ് .. ഭാവി വധുവിനെ കാണാനുള്ള ആകാംക്ഷയിൽ വീട്ടിലുള്ള എല്ലാ മുക്കിലും കോണിലേക്കും ആള് കണ്ണോടിക്കുന്നുണ്ട് .. കാരണവർ വീട്ടിലുള്ള എല്ലാവരെയും ഞങ്ങൾക്ക് പേരെടുത്തു പരിചയപ്പെടുത്തി..

"ഇത് പെണ്ണിന്റെ പാപ്പൻ.. അങ്ങ് ഷാർജയിലാ.. "
"ഇത് മൂത്ത ആന്റി.. ആന്റിയുടെ മോൻ മലേഷ്യയിലാ.."
"ജാക്കിമോൻ ഒരു അമേരിക്കൻ കമ്പനിയിലാ.. ഈ അമുൽ പാൽ ഒക്കെ ഉണ്ടാക്കുന്ന കമ്പനിയ .."

അതിനു അമുൽ പാൽ പഞ്ചാബികളുടെ  സംരംഭമല്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ കൂട്ടുകാരന്റെ കല്യാണം മുടക്കേണ്ടല്ലോ എന്നാലോചിച്ചു ഞാൻ മൗനം അവലംബിച്ചു..

ഒരു നൂറു പേരെ പരിചയപ്പെടുത്തിയതിനു ശേഷം ഒടുവിൽ പെണ്ണെത്തി.. പക്ഷെ കയ്യിൽ ചായ ഇല്ല.. ചായ പിന്നാലെ വരുമായിരിക്കും, അതാണല്ലോ നാട്ടുനടപ്പ് .. 

ചെക്കനും പെണ്ണിനും തനിച്ചു സംസാരിക്കാൻ വീട്ടുകാർ അവസരമൊരുക്കി.. റോക്കുട്ടന്റെ  മനസ്സിൽ ലഡു പൊട്ടി ..റോക്കുട്ടൻ സീനിൽ നിന്നും സ്കൂട്ടായി

തലമൂത്ത കാരണവന്മാരുടെ മുന്നിൽ ചെറുപ്പക്കാര് പെട്ടാൽ ഉണ്ടാവുന്ന സ്ഥിരം അവസ്ഥയാണ് എനിക്കും കോണയ്‌ക്കും സംഭവിച്ചത് .. അവര് ചോദിക്കുകയും  പറയുകയും  ചെയ്യുന്ന സംഭവങ്ങളെ കുറിച്ച് ഞങ്ങൾക്ക് രണ്ടിനും ഒരു ഐഡിയയും ഇല്ല .

റോക്കുട്ടന്റെ ഭാവി അമ്മയിയപ്പൻ ഞങ്ങളെ വിടാൻ പ്ലാൻ ഇല്ല..

"ഇവിടൊക്കെ സ്ഥലത്തിന്റെ വില കുതിച്ചു കെറുവാ.. ഇപ്പൊ തന്നെ സെന്റിന് നാലു  നാലരയോക്കെ ആണ് റേറ്റ് .. പിന്നെ പുതിയ ഹൈവേ നമ്മുടെ മുറ്റതൂടെയല്ലേ പോകുന്നെ.. ആ ഹൈവേ വന്നാൽ മംഗലാപുരത്തേക്ക് വെറും അര മണിക്കൂര് മതിയാവും.. പിന്നെ താമസിയാതെ മട്ടന്നൂര് എയർപോർട്ടും തുറക്കും.. ഇവിടൊക്കെ ഭയങ്കര പുരോഗതിയാ.. "

കോണകോണി മൊബൈലിൽ നോക്കി.. BSNL ഇന് പോലും റേഞ്ച് ഇല്ല.. നല്ല പുരോഗതി

പെണ്ണിന്റെ പാചക നൈപുണ്യത്തെ കുറിച്ച് അമ്മായി അപ്പൻ ഇടയ്ക്കിടെ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു..

പെട്ടന്ന് ഞങ്ങൾ രണ്ടുപേരെയും കൂട്ടി പെണ്ണിന്റെ അപ്പൻ അടുക്കളയിലേക്കു പോയി.. അവിടുണ്ടായിരുന്ന കിച്ചൺ ക്യാബിനും , കട്ലെരികലും , ഗ്യാസ് അടുപ്പും , പുകയില്ലത്തടുപ്പും ഒക്കെ കാണിക്കാൻ തുടങ്ങി

"മോഡുലാർ കിച്ചനാ.. ജാക്കി മോന്റെ ഫ്രണ്ടിന്റെ കമ്പനി ചെയ്തതതാ.. ലക്ഷം അഞ്ചു അഞ്ചരയായെ.." - അമ്മായിയപ്പൻ മൊഴിഞ്ഞു

"ഇതെന്താ സംഭവം ? നമ്മളെ ഇങ്ങേരെന്തിനാ ഈ പാത്രവും ഗ്യാസ് അടുപ്പും ഒക്കെ കാണിക്കുന്നത് ?" എന്റെ സംശയം ഞാൻ കോണയുടെ ചെവിയിൽ മൊഴിഞ്ഞു..

"എടാ ഈ കണ്ണൂരൊക്കെ അടുക്കള കാണൽ എന്നൊരു ചടങ്ങുണ്ടെന്നാ കേട്ടത്.. ചെലപ്പോ അതാവും" - കോണയുടെ ഉത്തരമെത്തി

"വാ നമുക്കിനി ജീപ്പ് കാണാം.." - അമ്മായിയപ്പൻ വീണ്ടാമതും മൊഴിഞ്ഞു

എന്തോന്നിതു.. അല്പത്തരത്തിനു കയ്യും കാലും വെച്ചതോ ? ഞങ്ങൾ മനസ്സിൽ പറഞ്ഞു 

"രണ്ടു വണ്ടിക്കും ഫാൻസി നമ്പര് വേണമെന്നു ജാകിമോന് ഒരേ നിർബന്ധം .. പൈസ കുറെ പൊടിഞ്ഞു "
2957.. കൊള്ളാം..  നല്ല ഫാൻസി നമ്പർ ..

ചുറ്റുമുള്ള പറമ്പോക്കെ കാണിച്ചു , അടുത്തുള്ള ഗവണ്മെന്റ് സ്കൂളും , അതിനോട് ചേർന്നുള്ള  ഗ്രൗണ്ടും അവരുടെ കുടുംബ സ്വത്താണെന്നു തള്ളും  കേട്ട് മടുത്തു ഞങ്ങൾ ഒടുവിൽ ചായ കുടിക്കൽ ചടങ്ങിലേക്ക് കടന്നു..

സ്വകാര്യ സല്ലാപം കഴിഞ്ഞു റോ-കുട്ടൻ മുറിക്കു പുറത്തിറങ്ങി .. മുഖത്തൊരു സന്തോഷമില്ല..

ചായ സൽക്കാരം  ഒരുമാതിരി മാമാങ്കം സിനിമ പോലെ ആയി പോയി..
വൻ  ബിൽഡപിന് ശേഷം ഞങ്ങൾക്ക് കിട്ടിയത് ഓരോ വാട്ട ചായയും, കടലയില്ലാത്ത  മിച്ചറും , കുറെ 50-50 ബിസ്കറ്റും.. .. 

"മിച്ചര് പെണ്ണ് ഉണ്ടാക്കിയതാണോ" എന്ന കൌണ്ടർ അടിക്കണം എന്ന് ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ ആ കൌണ്ടർ ഞാൻ അങ്ങ് വിഴുങ്ങി 

റോക്കുട്ടൻ വാട്ടച്ചായ വലിച്ചു കുടിച്ചു.. 

കുറെ നേരമായിട്ടും ജാക്കിമോനെ ഞങ്ങൾ കണ്ടില്ല.. അമേരിക്കൻ കമ്പനിയിൽ , അമുൽ പാൽ ഉണ്ടാക്കുന്ന ജാക്കി മോനെ കാണാതിരുന്നത് ഞങ്ങളുടെ ഭാഗ്യമാണെന്ന് ഞങ്ങൾ കരുതി.. അപ്പൻ ഇതാണെങ്കിൽ മോൻ എന്താവും അവസ്ഥ

ബാക്കി കാര്യങ്ങൾ വീട്ടുകാർ തമ്മിൽ സംസാരിച്ചോളും എന്നും പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി.. 

റോ കുട്ടന്റെ മുഖം ആകെ വാടി  ഇരിക്കുന്നു.. കുറെ തവണ തിരക്കിയപ്പോൾ ആശാൻ കാര്യം മൊഴിഞ്ഞു

ജോളി മോൾക്ക് ചെക്കനെ ഇഷ്ടായില്ല പോലും.. 
എങ്ങനെ നോക്കിയാലും ചെക്കൻ തന്റെ ജാക്കി ആങ്ങളയുടെ അത്രയും പോരത്രേ.. 

കൂട്ടുകാരന് സങ്കടമായി.. സങ്കടം വന്നാൽ  സോമനരസം വേണം .. റോക്കുട്ടന്റെ വിഷമം തീര്ക്കാന് തിരിച്ചു വരുന്ന വഴിക്കു ഞങ്ങൾ വീണ്ടും ഒരു മാഹി സന്ദർശനം നടത്തി..   

വീട്ടുകാരുടെ വിളി ഒഴിവാക്കാൻ ഞങ്ങൾ എല്ലാരും ഫോണും സ്വിച്ച് ഓഫ് ചെയ്തു..

വിഷമം  ഒക്കെ തീർത്തപ്പോളെക്കും രാത്രി ആയി ..പാതി രാത്രി ഏറെ വൈകിയാണ് ഞങ്ങൾ റോ കുട്ടനെ വീട്ടിൽ എത്തിച്ചത്.. മൂവർ സംഘത്തെ കാത്തു റോ-കുട്ടന്റെ അപ്പനും അമ്മയും ചേട്ടത്തി അമ്മയും എല്ലാരും പടിക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു..

ഒരല്പം സോമനരസം ഉള്ളിൽ ഉള്ളത് കൊണ്ട് റോക്കുട്ടന്റെ സങ്കടം ഭരണിപ്പാട്ടായി പുറത്തു വന്നു..

"മൂഞ്ചി അപ്പാ മൂഞ്ചി.. ഓൾക്കെന്നെ പിടിച്ചില്ല പോലും.. ഞാൻ ആ മൈ%%%ടെ ജാക്കി അങ്ങളെടെ അത്രേം പോരത്രേ"
എങ്ങും നിശബ്ദത..

"ഹോ ഭാഗ്യം.. അപ്പൊ വിചാരിച്ചപോലെ അത് മുടങ്ങി അല്ലെ ?" - റോക്കുട്ടന്റെ അപ്പൻ മൊഴിഞ്ഞു

ഒരിത്തിരി നേരത്തെ മൗനത്തിനു ശേഷം , എന്റെയുള്ളിലെ സംശയം കോണയുടെ വായിലൂടെ പുറത്തെത്തി - "അതെന്താ അങ്കിളേ അങ്ങനെ പറഞ്ഞെ ?"

"അനേഷിച്ചപ്പോൾ , ആ ബന്ധം നമുക്ക് പറ്റുന്നതല്ലെന്നു ഞങ്ങൾക്ക് ആദ്യമേ മനസ്സിലായിരുന്നു .. പിന്നെ വാക്കു പറഞ്ഞതിന്റെ പേരിൽ ആണ് പെണ്ണ് കാണാൻ പോകാൻ തീരുമാനിച്ചത്.. എന്തേലും കാരണം കൊണ്ട് ചെക്കനും പെണ്ണിനും ഇഷ്ടായെങ്കിൽ , അത് മുടക്കാൻ വേണ്ടിയാണ് നിങ്ങളെ പോലെയുള്ള രണ്ടു മര  ഊളകളെ കൂടെ വിട്ടത്.. ഏതായാലും കാരണവന്മാർ പറയുന്നത് എത്ര സത്യമാ.. മൂന്നു പേര് കൂടെ പോയാൽ മൂഞ്ചി പോകും എന്ന് .. ഏതായാലും നിങ്ങൾ രണ്ടു പേർക്കും,  എന്റെ വ്യക്തിപരമായ പേരിലും മണവാളൻ ആൻഡ് മണവാളൻ കമ്പനിയുടെ പേരിലും കല്യാണം മുടക്കിയതിന്റെ നന്ദി രേഖപ്പെടുത്തുന്നു.." - റോക്കുട്ടന്റെ തന്തപ്പടിയുടെ വാക്കുകൾ ഞങ്ങൾക്കൊരു ഷോക് ആയിരുന്നു..

റോക്കുട്ടന്റെ അപ്പന്റെ കൌണ്ടർ അറ്റാക്കിൽ , ഒന്നും മിണ്ടാനാവാതെ ,  രണ്ടു മര പൊട്ടന്മാർ ആ വീട്ടിൽ നിന്നും ഇറങ്ങി.. ചമ്മി നാറി വണ്ടിയിൽ കേറി പോകാൻ നേരം കോണ എന്നോട് ആട് സിനിമയിലെ അറക്കൽ അബുവിന്റെ ഡയലോഗ് മൊഴിഞ്ഞു - "ഷാജിയേട്ടാ , നമ്മൾ പോലും അറിയാതെ നമ്മൾ കല്യാണം മുടക്കികൾ ആയി മാറി കഴിഞ്ഞു.."

ശുഭം..

എന്നെ അറിയുന്ന നാട്ടുകാർക്ക് അപര നാമ ധാരികളായ  റോക്കുട്ടനെയും , കോണയെയും കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല 

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...