Monday 27 August 2018

അനുസരണ

ഒരു ഞായർ ദിവസം.. ഞാൻ ഫേസ്ബുക്കും കുത്തി ഇരിക്കുന്നു ... പെട്ടന്ന് കുഞ്ഞുവാവ  ഭയങ്കര കരച്ചിൽ..നീതു അടുക്കളയിൽ തിരക്കിലാണ്..
ഞാനാണ് കൊച്ചിന്റെ കെയർ ടേക്കർ ...പാട്ടു പാടി നോക്കി ... കോക്രി കാണിച്ചു നോക്കി ...കരച്ചിൽ മാറ്റാൻ പഠിച്ച പണി ഇരുപത്തൊന്നും ഞാൻ പയറ്റി നോക്കിയിട്ടും ഏൽക്കുന്നില്ല...ചെറുത് കരച്ചിലോടു കരച്ചിൽ...  അങ്ങനെ വീടിന്റെ പുറത്തുള്ള റോഡിലൂടെ കൊച്ചിനേം എടുത്തു നടപ്പായി... കാഴ്ചകളൊക്കെ രസിച്ചതു കൊണ്ടാവണം കുഞ്ഞുവാവ കരച്ചിൽ നിർത്തി... എന്നാൽ ഇനി ഇത്തിരി കളിപ്പിച്ചേക്കാം എന്ന് ഞാനും കരുതി ...

റോഡിലൂടെ ഇത്തിരി നടന്നപ്പോ കുയിൽ കരയുന്ന പോലെ ഒരു ശബ്ദം.. കൊച്ചിന് ആ ഒച്ച അങ്ങ് രസിച്ചു... എന്നാ വിദ്യാരംഭം റോഡിൽ തന്നെ കുറിച്ചേക്കാം എന്ന് ഞാനും വെച്ച്.. കിളിയെ ചൂണ്ടി കാണിച്ചു "കുയിൽ കുയിൽ" എന്ന് പറഞ്ഞു... കാട്ടു കോഴിക്ക് എന്ത് ചങ്കരാന്തി എന്ന് പറഞ്ഞ പോലെ , ആറു മാസം പ്രായമുള്ള പീക്കിരി കൊച്ചിന് എന്തോന്ന് കുയിൽ.. കുഞ്ഞുവാവ വേറെന്തൊക്കെയോ തിരക്കിലാണ്..

ഞാൻ ഏതായാലും കൊച്ചിന്  ബാല പാഠങ്ങൾ പഠിപ്പിക്കാൻ തീരുമാനിച്ചു.. റോഡിലൂടെ ഇത്തിരി മുന്നോട്ടു പോയപ്പോ ഒരു സ്കൂൾ ബസ് പോകുന്നത് കണ്ടു ... ആ വണ്ടി ചൂണ്ടി കാണിച്ചു "ബസ് ബസ്" എന്ന് പറഞ്ഞു നോക്കി..
ചെറുതിനു പിന്നേം മൈൻഡ് ഒന്നും ഇല്ല ..

വഴിയിൽ പൂത്തു നിന്ന ഒരു കോളാമ്പി പൂ ചൂണ്ടി കാട്ടി പൂവ് പൂവ് എന്ന് ഞാൻ പറഞ്ഞു നോക്കി... എവിടെ ... ഒരു മൈണ്ടും ഇല്ല ..

ഇത്തിരി കഴിഞ്ഞപ്പോ ഒരു ടിപ്പർ ലോറി കണ്ടു..."നോക്കിക്കേ ലോറി ലോറി ".. ആടിന് എന്ത് അങ്ങാടി ... ആള് വേറേതോ ലോകത്താണ്.. അവളുടെ തലയിലെ ഹെയർ ബാൻഡ് എങ്ങനേലും കയ്യിൽ എടുക്കാനുള്ള ശ്രമത്തിലാണ് പുള്ളിക്കാരി..

തൽക്കാലം ഇന്നത്തെ വിദ്യാരംഭം ഇവിടെ നിർത്താം എന്ന് കരുതി  ഞാൻ കൊച്ചിനേം കൊണ്ട് വീട്ടിലേക്കു തിരിച്ചു നടന്നു.. പെട്ടന്ന്  ഒരു കാറ് ചീറി പാഞ്ഞു പോകുന്നത് കണ്ടു.. ബി എം ഡബ്ല്യൂ ആണ്... കുഞ്ഞുവാവക്ക് ബി എം ഡബ്ല്യൂ പരിചയപ്പെടുത്താമെന്നു കരുതി ഞാൻ " നോക്കിയേ കാറ്.... കാറ്.. " എന്ന് പറഞ്ഞു കൊടുത്തു ..

തെറ്റ് പറയരുതല്ലോ.. നല്ല അനുസരണയുള്ള കൊച്ചാണ്.. കാറ് എന്ന് കേട്ടതും കിടന്നു കാറി പൊളിക്കാൻ തുടങ്ങി..

എന്ത് ചെയ്യാം.. വിത്ത് ഗുണം എന്നല്ലേ പറയേണ്ടതുള്ളൂ ...

Thursday 9 August 2018

പത്രം v/s Phone


വീട്ടിലെ സിറ്റ് ഔട്ട്  ആണ് ലൊക്കേഷൻ... സമയം രാവിലെ ഏഴു മണി ആയിക്കാണും... കയ്യിൽ കിട്ടിയ പത്രം കുഞ്ഞിപ്പെങ്ങൾ രാവിലെ തന്നെ അരിച്ചു പെറുക്കുകയാണ്.. മഴ കാരണം കളക്ടർ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാനുള്ള വ്യഗ്രത ആണ്   ..  ഞാൻ   കട്ടൻ കാപ്പിയിം ബിസ്ക്റ്റും കടിച്ചു ചാറ്റൽ മഴയും നോക്കി ഇരിക്കുന്നു .. കെട്ടിയോൾ ആണേൽ ടാബ്ലറ്റ് ഫോണിൽ എന്തോ കുത്തിക്കൊണ്ടു ഇരിക്കുവാന്  ...


അപ്പോളാണ് അപ്പന്റെ എൻട്രി.. അപ്പൻ  കുറച്ചു നേരം പെങ്ങളെ സൂക്ഷിച്ചു നോക്കി ..രാവിലെ അപ്പന് പത്രം നിര്ബന്ധമാണ്.. പെങ്ങളാണേൽ അപ്പനെ മൈൻഡ് ചെയ്യുന്നു പോലുമില്ല..ചാച്ച പത്രം ചോദിച്ചിട്ടു അവള് കൊടുത്തും ഇല്ല ..

ഇക്കണക്കിനാണേൽ ഇനി വീട്ടിൽ രണ്ടു പത്രം മേടിക്കേണ്ടി വരുമല്ലോ എന്നായി അപ്പൻ..

"പത്രം ഒക്കെ outdated ആയി ചാച്ച.. ഇപ്പൊ എല്ലാം ഈ മൊബൈലിലും ടാബ്‌ലെറ്റിലും കിട്ടും" - പ്ലേറ്റിൽ നിന്നും അടുത്ത ബിസ്കറ് എടുത്തു കടിച്ചു കൊണ്ട് ഞാൻ പറഞ്ഞു



അങ്ങനാണേൽ നിന്റെ ഫോൺ ഇങ്ങു തന്നെ.. പത്രം പോലെ തന്നെ ആണോ എന്ന് നോക്കട്ടെ..
അമ്മായിഅപ്പന്‌ എന്റെ ഭാര്യ സ-സന്തോഷം അവളുടെ സാംസങ് ഗ്യാലക്സി  ടാബ് വെച്ച് നീട്ടി.. ഫോൺ കയ്യിൽ കിട്ടിയതും ചാച്ച ഫോൺ എടുത്തു  ബിസ്‌ക്കറ് വെച്ച പ്ലേറ്റിൽ ആഞ്ഞൊരടി..


"ഇല്ലെടാ.. ഫോണ് പത്രത്തിന്റെ അത്രേം പോരാ.. ഈച്ചയെ അടിക്കാൻ പത്രം തന്നെയാ ബെസ്ററ്"

ശുഭം.

വാൽകഷ്ണം -  ഞാൻ പോയി ഫോണിന്റെ സ്ക്രീൻ ശെരിയാക്കിയിട്ടു വരാം

Tuesday 7 August 2018

PRADO

നാട്ടിൽ കള്ളന്മാരുടെ ശല്യം പെരുകിയപ്പോൾ വീട്ടിലൊരു പട്ടികുഞ്ഞിനെ വാങ്ങി..  അൾസേഷ്യൻ ആണ്.. പട്ടിക്ക് പേരിടാൻ ഉള്ള ഡ്യൂട്ടി  അപ്പൂപ്പൻ എന്നെ ഏല്പിച്ചു... കൈസർ , ടൈഗർ , റോക്കി.... സ്ഥിരം പട്ടി പേരുകളൊന്നും മൂപ്പർക്ക് പിടിക്കുന്നില്ല.. നോക്കിയപ്പോ വണ്ടികളെ കുറിച്ചുള്ള ഒരു മാസിക വീട്ടിൽ കിടക്കുന്നു.. ഫാസ്ട്രാക്ക്.. പേജുകൾ ചുമ്മാ മറിച്ചപ്പോള് കിടിലൻ പേരുകളും.. സ്കോർപിയോ , എൻഡവർ , മസ്താങ്, ഫോർച്ചുണർ, പ്രാഡോ... അവസാനത്തെ പ്രാഡോ എന്ന പേര് അപ്പൂപ്പന് അങ്ങ് ബോധിച്ചു.. സംഗതി പത്തു അമ്പതു  ലക്ഷം രൂപ വിലയുള്ള വണ്ടിയുടെ പേരാണെന്നൊന്നും അപ്പൂപ്പന് പിടികിട്ടിയില്ല .. അങ്ങനെ നമ്മുടെ  വീട്ടിലെ പട്ടിക്കുട്ടി ഔദ്യോഗികമായി പ്രാഡോ എന്ന പേര് സ്വീകരിച്ചു..

എനിക്ക് "രാജാവ്" എന്ന് പേരുള്ള ഒരു കൂട്ടുകാരൻ ഉണ്ട്.. എന്നെ പോലെ തന്നെ പട്ടികളെ മൂപ്പർക്കും പേടിയാണ് ... ഒരു ക്രിസ്മസിന് രാജാവ് വീട്ടിൽ വന്നപ്പോൾ പ്രാഡോ പട്ടി രാജാവിന്റെ പിന്നാലെ ഓടി.. പേടിച്ചു ഉരുണ്ടു വീണ രാജാവിനെ ഒരു വിധത്തിൽ ആണ് പ്രാഡോയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്..

വണ്ടി പ്രാന്തന്മാരായ കുറെ കൂട്ടുകാർ ഉണ്ടെനിക്ക്..പലപ്പോഴും യാത്രകളും , പുതിയ വണ്ടി കഥകളും ആവും ആ ഗ്രൂപിന്റെ മെയിൻ ചർച്ച വിഷയം.. നമ്മുടെ "രാജാവും" അതിൽ ഉൾപ്പെടും.. എന്റെ വീട്ടിൽ പോയപ്പോൾ ഉള്ള വിശേഷങ്ങൾ  ആ കൂട്ടുകാരോട് രാജാവ് ഇങ്ങനെ പങ്കുവെച്ചു  ..

" എന്റെ സുഭാഷേട്ടാ , കുറ്റിയാടിയിൽ നിന്ന് ജീപ്പിനു കേറി വേണം ഓന്റെ വീട്ടിൽ പോകാൻ.. മൊത്തം മലയോരം.. ഒരു മാതിരി ഇടുക്കി ഒക്കെ പോയ പോലെ.. വീട്ടിലെത്തിയപ്പോ രസമാണ് ... ഓന്റെ വീട്ടിൽ പോയിട്ടാണെലോ  പ്രാഡോ ഓടിക്കുകയും ചെയ്തു "

പ്രാഡോ എന്ന് കേട്ടതും സുഭാഷേട്ടൻ ഞെട്ടി - " എന്ത് ? പ്രാഡോയോ? കേരളത്തിൽ ആകപ്പാടെ ഇതുവരെ 120  പ്രാഡോയെ ഇറങ്ങിയിട്ടുള്ളു.. അതിൽ ഒന്ന് അമലിന്റെ വീട്ടിലാണോ .. ഭയങ്കരൻ... നീയും ഭാഗ്യമുള്ളവനാടാ .. ഒന്നൂല്ലേലും നിനക്ക്  പ്രാഡോ  ഓടിക്കാൻ പറ്റിയല്ലോ !!!!"

പ്രാഡോ എന്നുള്ളത് പട്ടിയുടെ പേരാണ് എന്നും , ആ പട്ടി തന്നെ ആണ് ഓടിച്ചതെന്നും രാജാവ്  പറഞ്ഞപ്പോ ഈ കഥകളെല്ലാം കേട്ടുകൊണ്ടിരുന്ന എന്റെ മുതുകത്തു  സുഭാഷേട്ടൻ  ഒരു അടി - " കണ്ട ചാവാലി പട്ടിക്ക് പ്രാഡോ എന്ന് പേരും ഇട്ടു ഓരോ ശവങ്ങള്  ; ഇനി മേലാൽ കണ്ടു പോകരുത് നിന്നെ ഈ ടെറിട്ടറിയിൽ"

അടുത്ത ആഴ്ച തന്നെ പട്ടിയുടെ  പ്രാഡോ എന്നുള്ള പേര് ഞാൻ മാറ്റി.. ഇപ്പൊ ഞങ്ങൾ അവനെ മെഴ്‌സിഡസ് ബെൻസ് S- ക്ലാസ് എന്നാ വിളിക്കുന്നെ !!!!

Thursday 2 August 2018

നിരൂപണം

കുറെ കാലമായി എഴുത്തു ചളിയും കൊണ്ട് നടക്കുന്നു.. ബുദ്ധി ജീവി ആകണമെങ്കിൽ ഒന്നുകിൽ മുടി നീട്ടി തുകൽ സഞ്ചിയും ഇട്ടു നടക്കണമെന്നും അല്ലെങ്കിൽ വല്ല നിരൂപണങ്ങൾ എഴുതണമെന്നു നമ്മുടെ കോമെഡി ഉത്സവത്തിലെ മിഥുൻ ചേട്ടന്റെ ഭാര്യ ലക്ഷ്മിചേച്ചി ഒരു വിഡിയോയിൽ പറഞ്ഞത് ഓർമയുണ്ട് .. അങ്ങനെ കഴിഞ്ഞ കുറച്ചു ദിവസമായി എനിക്ക് നിരൂപിക്കാൻ പറ്റിയ ടോപ്പിക്കുകൾ തേടി നടപ്പാണ്...


പുസ്തക നിരൂപണം നടത്താൻ ആണേൽ വായിച്ച കൃതികളുടെ ലിസ്റ്റിൽ ബാലരമേം ബാലമംഗലവും ഒക്കെയേ ഉള്ളു ... പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥയും" , ബെന്യാമിന്റെ "ആടുജീവിതവും" , രാമകൃഷ്ണന്റെ "ഇട്ടിക്കോരയും" ഒക്കെ കയ്യിൽ സ്റ്റോക്ക് ഉണ്ട് .. പക്ഷെ ലാലേട്ടൻ രാവണപ്രഭുവിൽ പറഞ്ഞ പോലെ "ഒന്നിനും ഡൈം കിട്ടിയില്ല".. വേറൊരു തരത്തിൽ പറഞ്ഞാൽ "സൂത്രനും ഷേരുവും" വായിക്കുമ്പോൾ കിട്ടുന്ന ഒരു മനസ്സുഖം ഈ പുസ്തകങ്ങൾ എനിക്ക് തരാറില്ല (ഒരുപക്ഷെ എന്റെ ഉയർന്ന ചിന്ദാഗതി കൊണ്ടാവും)


സിനിമ നിരൂപണം എഴുതണമെങ്കിൽ അരവിന്ദന്റെയോ, ജോൺ പോളിന്റെയോ
കുറഞ്ഞത് അടൂരിന്റെ എങ്കിലും ഒരു പടം കണ്ട ആളെക്കൊണ്ടേ പറ്റുള്ളൂ എന്നൊരു വിശ്വാസം കേരളത്തിലെ പ്രക്ഷുപ്തരായ ജനങ്ങൾക്ക് ഉള്ളത് കൊണ്ട് ആ ഉദ്യമത്തിൽ നിന്നും ഞാൻ പിൻവാങ്ങുന്നു (പ്രക്ഷുപ്തരായ എന്ന വാക്കിന്റെ അർഥം എനിക്കും കറക്റ്റ് അറിഞ്ഞൂടാ..പക്ഷെ ഒരു പഞ്ച് ഉള്ളത്‌ കൊണ്ട് തട്ടി വിട്ടതാ)

പണ്ട് സിനിമ മംഗളത്തിൽ ടി പി ശാസ്‌തമംഗലം എന്നൊരു എഴുത്തുകാരൻ ഗാന നിരൂപണം എന്നൊരു കോളം എഴുതിയിരുന്നു.. ചിന്ദിച്ചു നോക്കിയപ്പോൾ അത് എന്നെ കൊണ്ട് പറ്റുന്ന പണിയാണ്.. അങ്ങനെ ഞാൻ ഒരു ഗാനത്തെ കീറി മുറിച്ചു നിരൂപിക്കാൻ പോകുന്നു..
ചിത്രം : ഗൂഡാലോചന
കോഴിക്കോടിനേയും കോഴിക്കോട്ടുകാരെയും കുറിച്ചുള്ള ആ പാട്ടു ഇങ്ങനെയാണ് ...
"ഖൽബിലെ തേനോഴുകനെ
കോയിക്കോട്..
കടലമ്മ മുത്തണ
കര കോയിക്കോടെ ..
അലുവ മനസുള്ളൊരീ
കോയിക്കോടെ ..
വേണേൽ കണ്ടോളീ ..
ചെങ്ങായീ ..
ഞമ്മടെ കോയിക്കോടേ..."
"തേൻ ഒഴുകുന്ന ഖൽബ്"...- സാധാരണ തേൻ ഒഴുകുന്നത് തേനീച്ച കൂട്ടിൽ നിന്നും ആണ് .. കറുത്ത മെഴുകു കൊണ്ടാണല്ലോ തേനീച്ച കൂടുകൾ ഉണ്ടാവുന്നത്..കൂടുകൾ കാണാൻ ആണേൽ ഒരു ഭംഗിയുമില്ല താനും.. പോരാത്തതിന് ഫുൾ ടൈം തേനീച്ചകളും ഉണ്ടാകും.. അവറ്റകളും മൂളലും ഇരമ്പലും മൊത്തത്തിൽ ഒരു അലമ്പ് ഫീലിംഗ് ആണ്.. ചുരുക്കി പറഞ്ഞാൽ കോഴിക്കോടിന്റെ ഖൽബ് തീർത്തും ആസ്വാദ്യകരം അല്ലെന്നു കവി പറഞ്ഞു വെക്കുന്നു..
"ഹൽവ മനസുള്ള കോഴിക്കോട്" - അലുവ എന്ന സാധനം മൈദാ കൊണ്ടാണല്ലോ ഉണ്ടാക്കുന്നത്.. മൈദാ എന്ന് പറയുമ്പോൾ ഗോതമ്പു പൊടിയുടെ എല്ലാ പോഷക ഗുണങ്ങളും ഊറ്റി എടുത്തതിനു ശേഷം ഉള്ള ചണ്ടി വേസ്റ്റ്..അതായത് മൈദാ പോലെ ഒരു ഗുണവും ഇല്ലാത്ത മനസ്സുള്ളവരാണത്രെ കോഴിക്കോട്ടുകാർ...
ഇത്രേം നിരൂപിച്ചപ്പോൾ എന്നിലെ നിരൂപകന് ഒരു സംശയം..മേൽ പറഞ്ഞ പാട്ടിലെ " സമൂഹത്തിനു ഒരു ഗുണവും ഇല്ലാത്ത കോഴിക്കോട്ടുകാരൻ " ഇനി ഞാനാണോ.. ആവോ..
ശ്രീകണ്ഠൻ നായർ പറയുന്ന പോലെ ..."പുതിയ നിരൂപണവുമായി , അടുത്ത ആഴ്ച , ഇതേ ദിവസം , ഇതേ സമയം .., ഗുഡ് ബൈ"

വെസ്റ്റ് ഇൻഡീസിൽ നിന്ന് വന്ന പാമ്പും കോണിയും

കരീബിയൻ ദ്വീപുകളുടെ ഭാഗമായ  വെസ്റ്റ് ഇൻഡീസ് എന്ന ദ്വീപ് സമൂഹത്തെ കുറിച്ച്  കുറച്ചു വര്ഷം മുമ്പ് വരെ എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു... ബ്രയാൻ ലാറയും , ക്രിസ് ഗെയ്‌ലും ഉൾപ്പെടുന്ന  ക്രിക്കറ്റ് ടീം മാത്രമായിരുന്നു , ഒരു ശരാശരി ക്രിക്കറ്റ് പ്രേമി എന്ന നിലക്ക് കരീബിയൻ ദ്വീപുകളിൽ എനിക്കുണ്ടായിരുന്ന ഒരേയൊരു "Point of  Attraction "

അങ്ങനിരിക്കെ ഞാൻ ജോലി ചെയ്യുന്ന കമ്പനി  വെസ്റ്റ് ഇൻഡീസിലെ  ചെറു രാജ്യമായ "സൈന്റ്റ് കിറ്റ്സ് ആൻഡ് നെവിസ് " എന്ന സ്ഥലത്തു ഒരു ബ്രാഞ്ച് തുടങ്ങി.... കമ്പനിയിലെ Head Quartersഇൽ മാർകെറ്റിംഗിൽ ഏറ്റവും മിടുക്കത്തി ആയ "കർള" എന്ന ബ്രസീലിയൻ വംശജ  സ്ത്രീയെ അവിടുത്തെ ബിസിനസ് ഹെഡ് ആക്കി നിയമിക്കുകയും ചെയ്തു..

ഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ  ഇവനെന്താപ്പാ കമ്പനിയുടെ പുരാണം വിളമ്പുകയാണോ എന്ന് കരുതിയാൽ തെറ്റി.. ഈ കഥയിലെ നായികയും വില്ലത്തിയും ആ ബ്രസീലുകാരി കർള ആണ് .

ഇടയ്ക്കിടയ്ക്ക് മൊബൈൽ നമ്പർ മാറാറുള്ളത് കൊണ്ട് കുറെ കാലമായി
എന്റെ വാട്സാപ്പ് നമ്പർ നാട്ടിൽ എന്റെ 'അമ്മ ഉപയോഗിക്കുന്ന നമ്പർ ആണ്.. അതായത് ബാബുവേട്ടാ, വാട്സാപ്പിൽ വിളിച്ചാൽ എന്നെ കിട്ടും , സിം കാർഡിൽ വിളിച്ചാൽ അമ്മയെ കിട്ടും .. സൊ സിമ്പിൾ ...

സാധാരണ ഗതിയിൽ ഒഫീഷ്യൽ ആയുള്ള കോളുകൾക്ക് Skype ആണ് കമ്പനികളിൽ ഉപയോഗിക്കാറുള്ളത്.. സ്കൈപ്പ് കിട്ടാതെ വരുമ്പോൾ Watsapp കോളും.. വട്സാപ്പും ചതിച്ചാൽ സിം കോളും.. ഇതാണ് അതിന്റെ ഒരു രീതി...


കുറച്ചു മാസങ്ങൾക്കു മുമ്പ് ഭാര്യ ഗർഭിണിയായി ഇരിക്കുന്ന സമയം... ഞാൻ നാട്ടിലില്ല.. ആളാണേൽ  പകലും രാത്രിയും ബെഡ് റസ്റ്റ്... പണ്ട് ആരാണ്ടോ പറഞ്ഞപോലെ "ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാൻ" എന്ന് പറഞ്ഞത് പോലെയാണ് നീതുവിന്റെ  (ഞമ്മളെ  പ്രിയതമ) കാര്യം..."ഗർഭിണിയായിട്ടു വേണം ഒന്ന് റസ്റ്റ് എടുക്കാൻ!!"

 ഒഴിവു സമയങ്ങളിൽ എന്റെ അമ്മയുടെ ഫോൺ എടുത്തു അതിൽ പാമ്പും കോണിയും കളിക്കുന്നത് നീതുവിന്റെ ഒരു വിനോദമാണ് ...ഓർക്കുക  അതേ ഫോണിൽ ആണ് എന്റെ വാട്സാപ്പ് സിം ഉള്ളതും..

എന്തോ ഒരു നെറ്റ്‌വർക്ക് കംപ്ലൈന്റ്റ് കാരണം , എന്റെ കമ്പനിയിൽ ഇന്റർനെറ്റ് ചത്തിരിക്കുന്ന നേരം.. ബ്രസീലിൻകാരി കർള, വെസ്റ്റ് ഇൻഡീസിൽ നിന്നും ഒഫീഷ്യൽ കാര്യം ഡിസ്‌കസ് ചെയ്യാൻ എന്റെ വാട്സാപ്പ് നമ്പറിൽ പലതവണ വിളിച്ചു.. പക്ഷെ കിട്ടിയില്ല.. Urgent ആയതിനാലും , ഞാൻ ഉപയോഗിക്കുന്ന സിം നമ്പർ എന്റെ വാട്സാപ്പ് നമ്പർ തന്നെയാവാം എന്ന് സ്വയം ധരിച്ചു കൊണ്ടും കർള എന്റെ നാട്ടിലെ അമ്മയുടെ ഫോണിലേക്കു വിളിക്കുന്നു..വിശ്രമ സമയം ആന്ദകരമാക്കാൻ  അമ്മയുടെ ഫോണിൽ  "പാമ്പും കോണിയും"  കളിച്ചുകൊണ്ടിരിക്കുക ആയിരുന്ന നീതു പെട്ടന്ന് കണ്ട കോൾ അറിയാതെ എടുത്തും പോയി..

കർള : "Hey Amal.. Karla at this end. I have been trying to reach for past few hours. Is it the right time to talk ?"

പെട്ടന്ന് മറുപുറത്തു സ്ത്രീ ശബ്ദം കേട്ടപ്പോൾ നീതു ഒന്ന് അന്ധാളിച്ചു.. ഇനി വല്ല മാട്രിമോണി സൈറ്റിലും നിന്നുമാണോ ?ഇടക്കിടക്ക് മാട്രിമോണി സൈറ്റിൽ നിന്നും കോൾ വരാറുള്ളത് അമ്മായിഅമ്മ എപ്പോഴോ പറഞ്ഞത് നീതു ഓർത്തു..

നീതു : "Sorry. I think you are calling at wrong time. Amal got married an year before!!!"

ഇത്രേം പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു..

സംഗതി എന്തെന്ന് മനസ്സിലാവാത്തത്  കൊണ്ടാവാം കർള വീണ്ടും വിളിച്ചു..ഇത്തവണ കാർലെം അല്പം ദേഷ്യത്തിലാണ്

കർള : Hi, This is Karla calling from Saint Kitts and Nevis. I believe this number is registered with Mr Amal Mathew. May I know who is on line please..."

 ഭാര്യയുടെ കുനിഷ്ട് ബുദ്ധിയിൽ അവൾ ഇങ്ങനെ ചിന്ദിച്ചു..  ഇതാരപ്പ ഞാൻ ആരാണ് ചോദിക്കാൻ മാത്രം.. ..ഇന്റർനെറ്റ് വഴി ലോട്ടറി തട്ടിപ്പുകൾ പലതു നടക്കുന്ന സമയമായതു കൊണ്ട് , അങ്ങനെ ഏതോ ഉടായിപ്പാണെന്നു കരുതി ഭാര്യ  കാൾ കട്ട് ചെയ്തു..

കാർലയുടെ വിളി വീണ്ടും വന്നു.. എന്നാൽ ഇത്തവണ തന്റെ പാമ്പും കോണിയും കളി പാതി വഴിയിൽ മുടക്കിയ കാപാലികയോട് കടുത്ത ഭാഷയിൽ എന്റെ പ്രിയതമ അറഞ്ചം പുറഞ്ചം ഒരു മയവുമില്ലാതെ കടന്നാക്രമിച്ചു.. അറിയാവുന്ന തെറികളൊക്കെ പറഞ്ഞു കഴിഞ്ഞു ഫോണും സ്വിച് ഓഫ് ചെയ്തു...


ഈ കഥയൊന്നും അറിയാതെ എന്നത്തേതും പോലെ  എന്റെ ഒരു ദിവസവും കൂടെ കടന്നു പോയി.. പിറ്റേന്ന് ഓഫീസിൽ എത്തി ഇമെയിൽ തുറന്ന എന്നെ നോക്കി ഒരു warning letter  കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു .. കാരണം വായിച്ച ഞാൻ ഞെട്ടി - "Misbehaving to the Colleagues and Failure in giving proper replies".



പിന്നീട് വീട്ടിൽ വിളിച്ചു കാര്യമറിഞ്ഞപ്പോൾ "Terminate" ചെയ്യാതിരുന്നത് പൂർവികരുടെ സുകൃതം എന്ന തിരിച്ചറിവ് കിട്ടി ..ഏതായാലും ഭാര്യയുടെ പാമ്പും കോണിയും പ്രേമം കാരണം ഞമ്മക്കും കിട്ടി ഒരു Warning Letter.

Wednesday 1 August 2018

പുതുമോടികൾ !!!

കഴിഞ്ഞ വെള്ളിയാഴ്ച , ഞമ്മളെ അടുത്ത ഒരു ചങ്ങായിയും ആയിട്ട് വാട്സാപ്പിൽ ചാറ്റികൊണ്ടിരുന്നപ്പോൾ മൂപ്പര് എന്നോട് പറഞ്ഞു..
"എടേയ് കുറെ ആയില്ലേ  നിന്റെ തള്ള്  കഥകളിൽ നീ  തന്നെ നായകൻ
ആവുന്നു .. നിന്റെ തന്നെ മണ്ടത്തരങ്ങൾ..  കഥ മൊത്തം നിന്റെ തല നിന്റെ ഫുൾ ഫിഗർ.. വായിക്കുന്നവർക്ക് വരെ ബോർ അടിക്കുന്നുണ്ട് ..!!, ഇടക്കൊക്കെ ഒന്ന് മാറ്റിപ്പിടി ..."

ആ കൂട്ടുകാരന്റെ അഭിപ്രായം മുഖവിലക്കെടുത്തതിനാൽ ഇത്തവണത്തെ
  കഥയിൽ ഒരു പുതുമുഖ നായകനും നായികയും ആണ്.. നായകൻ അവനും നായിക ഓന്റെ
കെട്ട്യോളും..

നായകൻറെ  മുഴുവൻ പേരും ടൈപ്പ് ചെയ്തു വരുമ്പോളേക്കും ഒരു ദിവസം പോകും - "ഡോണ ടോണി മാനുവൽ "..അതിനാൽ അവനെ ചുരുക്കി ഡോണ എന്ന് വിളിക്കാം...

"ഡോണ" യുടെ കല്യാണം കഴിഞ്ഞ സമയം...മലപ്പുറത്തുള്ള അവരുടെ വീട്ടിലേക്കു വളരെ unofficial ആയി "ഒരു ദിവസം അങ്ങോട്ടൊക്കെ ഇറങ്ങു്" എന്നൊരു ക്ഷണം അറിയാതെ ഡോണയുടെ വായിൽ നിന്നും വീണു പോയി... ഫുഡ് എവിടെ കണ്ടാലും ഒഴിവാക്കാത്ത ഞാനും , ഫുഡ് എവിടെ കണ്ടാലും നെഗറ്റീവ് അഭിപ്രായം മാത്രം പറയുന്ന എന്റെ ഒരു ഷെഫ് കൂട്ടുകാരനും എന്റെ കൂടെ മലപ്പുറത്തേക്ക് തിരിച്ചു.. അതിരാവിലെ തന്നെ ഞങ്ങള് കോട്ടക്കൽ എത്തി.. അവിടാണ് ഞമ്മളെ ദമ്പതികളുടെ സഹവാസം..

ഗൂഗിൾ മാപ് ഉള്ളതുകൊണ്ട് വളരെ കൃത്യമായി വളഞ്ഞ വഴിയിലൂടെ വഴിയും തെറ്റിച്ചു ഒടുവിൽ ഞങ്ങൾ അവരുടെ വീട്ടിൽ എത്തി... ഡോണക്ക് നല്ല ആദിത്യ മര്യാദ ഉള്ളതുകൊണ്ടും , എനിക്കും  ഷെഫ് റോണിച്ചനും അതിഥികളെ പോലെ പെരുമാറാൻ ഒട്ടും അറിയാത്തതു കൊണ്ടും നേരെ കേറി ചെന്ന് ഡൈനിങ്ങ് ടേബിളിൽ ഇരിപ്പുറപ്പിച്ചു.. "No formalities; Feel at Home"  എന്ന് വീട്ടുകാരി മഞ്ജു പറഞ്ഞു..

പുറത്തു നിന്നേ നല്ല  ഇറച്ചി പത്തിരിയുടെ മണം ഉണ്ടായിരുന്നു ..നോക്കുമ്പോ ടേബിളിൽ മൊത്തം നോമ്പ് തുറ ഐറ്റംസ്.. ഉന്നക്കായ , തരികഞ്ഞി , പത്തിരി.. അതിരാവിലെ തന്നെ നോമ്പ് തുറയോ ? അതും അച്ചായന്റെ വീട്ടില്.. അച്ചായന്മാര് പൊതുവെ പത്തിരി ഉണ്ടാക്കാറില്ല.. ഹോട്ടലിൽ നിന്നും മേടിച്ചതാവാൻ ആണ് വഴി.. സംശയങ്ങൾ പലതു മനസ്സിലൂടെ പോയെങ്കിലും പുതുമോടിയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ഒന്നും മൊഴിഞ്ഞില്ല.. ഒടുവിൽ ഒരു ഗ്ലാസ് നല്ല കാപ്പി കിട്ടി.. "കാപ്പി മഞ്ജു ഉണ്ടാക്കിയതാ ..."ഡോണ അറിയാതെ മൊഴിഞ്ഞു ... "അപ്പൊ ബാക്കിയോ !!!!"- റോണിച്ചൻ ഇടപെട്ടു. അറിയാതെ ഡോണയുടെ വായിൽ നിന്നും നോമ്പ് തുറ ഐറ്റങ്ങളുടെ സസ്പെൻസ് വീണുപോയി.. ഒരു കൂട്ട ചിരിയിൽ ആ സീൻ അങ്ങനെ കഴിഞ്ഞു..

മലപ്പുറത്തുള്ള ഒരു ഹൈ റേഞ്ച് സ്ഥലത്തേക്ക് ഒരു One day ട്രിപ്പ്.. അതാണ് ഞങ്ങളുടെ വരവിന്റെ മെയിൻ ഉദ്ദേശം..പുതിയ ജോലിയിൽ പ്രൊബേഷൻ പീരിയഡിൽ ആയതിനാൽ മഞ്ജുവിന് ലീവില്ല.. രോഗി ഇച്ഛിച്ചതും ഡോക്ടർ കല്പിച്ചതും മിൽക്ക് ..   വീട്ടുകാരിയോട് യാത്രയും പറഞ്ഞു ഞങ്ങളുടെ മൂവർ സംഘം ഇറങ്ങി .. വൈകുന്നേരം ആവുമ്പോളത്തേക്കും കെട്ടിയോനെ തിരിച്ചെത്തിക്കും എന്ന ഉറപ്പിന്മേൽ ഞങ്ങൾ നിലമ്പൂർ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു...

പറ്റിയാൽ ഒന്ന് നിലംബൂർ  വഴി  ഗൂഡലൂർ - ഊട്ടി.. ഇതാണ് ഞങ്ങളുടെ പ്ലാൻസ് ... ഇത്തരം സിമ്പിൾ ഐഡിയകൾ പൊതുവെ സ്ത്രീകൾക്ക് ഇഷ്ടമില്ല.. ആയതിനാൽ ഞങ്ങൾ ഊട്ടി ആണ് ലക്‌ഷ്യം എന്നത് മഞ്ജുവിനോട് പറഞ്ഞും ഇല്ല ..

യാത്രക്കൊക്കെ പൊളിച്ചു ..ഒത്തിരി വൈകിയാണ് ഞങ്ങൾ മടങ്ങിയത്..നേരമൊക്കെ ഇരുട്ടി തുടങ്ങി.. ഗുഢാലൂർ ചുരം ഇറങ്ങുമ്പോൾ ഡോണ ഗൂഗിൾ മാപ്പിൽ നോക്കി.. തമ്പുരാനേ ഇനിയും കോട്ടക്കലിന് നാല് മണിക്കൂറോ .. നിങ്ങളെന്റെ കുടുംബം കുട്ടിച്ചോറാക്കുമോ ?

"മഞ്ജു വീട്ടിൽ ഒറ്റക്കല്ലേ.. ഇത്തിരി ലേറ്റ് ആകുമെന്ന് ഒന്ന് വിളിച്ചു പറഞ്ഞേക്ക്.. " - കൂട്ടത്തിലെ കാരണവരായ റോണിച്ചൻ ഡോണക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തു.. ഡോണ ഫോൺ കയ്യിലെടുത്തു.. "Battery About to Die" എന്ന മെസ്സേജ്‌ കണ്ടതും ഫോൺ ചത്തതും ഒരുമിച്ചു..

വണ്ടിയുടെ ഡാഷ് ബോർഡിൽ എന്റെ ഫോൺ ഉണ്ടായിരുന്നു.. ഫോൺ ആണെങ്കിൽ വണ്ടിയിലെ ബ്ലൂടൂത്ത് വഴി സ്‌പീക്കറിൽ കണ്ണെക്ടഡ്ഉം ആണ് ..  മൂന്നു നാല് വർഷമായി പ്രേമിക്കുന്നത് കൊണ്ട് കെട്ടിയോളുടെ നമ്പർ ഡോണക്ക് കാണാപാഠവും ആയിരുന്നു.. എന്റെ ഫോണിൽ നമ്പർ കുത്തി അളിയൻ കെട്ടിയോളെ വിളിച്ചു.. റിങ് അടിക്കുന്നുണ്ട്.. സ്‌പീക്കറിൽ ഞങ്ങൾ മൂവരും കേൾക്കുന്നുണ്ട് ..നമ്പർ പരിചയമില്ലാത്തത് കൊണ്ടാവാം ലേറ്റ് ആയാണ് കാൾ എടുത്തത്..

കാൾ കണക്ട് ആയതും ഡോണ ഇങ്ങനെ മൊഴിഞ്ഞു..
"അതേയ് ... അവിടെ ആരും കൂട്ടിനില്ലെന്നു എനിക്കറിയാം.. പുറകിലത്തെ കതകടക്കേണ്ട.. ഞാൻ രാത്രി ആകുമ്പോഴത്തേക്കു വരാം...കേട്ടോ ചക്കരെ..."


"പ്ഫ പട്ടി... നിന്റെ അമ്മയോട് പറയെടാ ഇങ്ങനൊക്കെ.. ഞരമ്പുരോഗി....
നിന്നേ കയ്യിൽ കിട്ടിയാൽ വെട്ടി നുറുക്കുമെടാ ചെറ്റേ!!!! "
- അർദ്ധരാത്രിയിൽ unknown നമ്പറിൽ നിന്നും വിളിച്ചത് തന്റെ പ്രിയതമനാണെന്നു അറിയാതെ നമ്മുടെ വീട്ടമ്മ പൊട്ടിത്തെറിച്ചു..


മഞ്ജുവിന്റെ "ആട്ടു"ഇന്റെ പവർ കൊണ്ടാവാം എന്റെ ഫോൺ വരെ disconnect ആയി പോയി..

ഒരു നിമിഷം കിളി പോയ ഡോണ ഒരു വളിച്ച ചിരിയും ചിരിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടു ഇരിപ്പായി... ക്രോണിക് ബാച്‌ലർ സിനിമയിൽ ഹരിശ്രീ അശോകൻ ചോദിച്ച പോലെ "ഞാൻ പറഞ്ഞതിൽ ഏതേലും കറക്റ്റ് ഉണ്ടോ " എന്ന് ഡോണ ഒരു നൂറു വട്ടം ചിന്ദിച്ചിട്ടുണ്ടാവണം.. ഏതായാലും അളിയനെ കോട്ടക്കൽ ഉള്ള ഹൈ വേയിൽ ഇറക്കി വിട്ടു ഞങ്ങള് സ്ക്കൂട് ആയി...

പാഷാണം ഷാജി പറയുന്ന പോലെ ...നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലെ പറ്റൂ.. ഇനി അവരായി അവരുടെ പാടായി... ഒരു കുത്തിത്തിരുപ്പു ഉണ്ടാക്കിയപ്പോ എന്തൊരു മനസ്സുഖം.....

Dedicated to Chunk Brother @Dona Doni Manuel Puthuppallithakidiyel

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...