Wednesday 3 April 2019

ഒരു ഹോസ്പിറ്റൽ കഥ ...

ഞാൻ ഒരു ഒൻപതിൽ പഠിക്കുന്ന സമയം.. അപ്പന് കലശലായ വയറു വേദന .. വയറു വേദന അസഹനീയമായപ്പോൾ കോഴിക്കോട് നിർമല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. അൾസറിന്റെ ആരംഭം ആണെന്നും കൂടുതൽ അറിയണമെങ്കിൽ എൻഡോസ്കോപ്പി ചെയ്യണമെന്നും ചിറ്റപ്പൻ കൂടെ ആയ ഡോക്ടർ പറഞ്ഞു .. രണ്ടു ദിവസം കഴിഞ്ഞു എൻഡോസ്‌കോപിക്കുള്ള ഡേറ്റും തന്നു..
"എൻഡോ സ്കോപി" ? അപ്പനെന്നെ ഒന്ന് നോക്കി ..
"എൻഡോ സ്കോപി" ..പറഞ്ഞത് പോലെ ഞാനും എവിടേയോ കേട്ട് നല്ല പരിചയമുള്ള വാക്കു .. ഓർത്തപ്പോൾ ഫിസിക്സിൽ പഠിച്ചിട്ടുണ്ട്.. മൊത്തം ആന്തരിക പ്രതിഫലനം അഥവാ "Total Internal Reflection " എന്ന പ്രതിഭാസത്തിന്റെ സാധ്യത ഉപയോഗിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ വഴി മനുഷ്യന്റെ ആന്തരികാവയവങ്ങൾ പരിശോധിക്കുന്ന ഒരു മെഡിക്കൽ എക്സ്ആമിനഷൻ രീതി .. അന്നനാളം വഴി അകത്തെ അവയവങ്ങളുടെ അവസ്ഥ കാണുകയാണ് ഈ രീതിയുടെ ലക്‌ഷ്യം ... അപ്പനോട് എനിക്കുള്ള വിവരം വെച്ച് ഞാൻ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു.. എന്തൊക്കെയോ അറ്റവും മുറിയും മാത്രമേ മൂപ്പർക്ക് മനസ്സിലായുള്ളു..
എൻഡോസ്കോപ്പി എന്ന പേരിൻറെ കാഠിന്യം കൊണ്ടാവാം , ബൈ സ്റ്റാൻഡേർ ആയ എന്നെ അപ്പൻ ഉറങ്ങാൻ സമ്മതിച്ചില്ല.. ഇൻറർനെറ്റിൽ നോക്കി കൂടുതൽ കാര്യങ്ങൾ തപ്പി കണ്ടു പിടിക്ക് എന്നും പറഞ്ഞു അപ്പനെന്നെ അലമ്പാക്കിക്കൊണ്ടിരുന്നു.. 2G കണക്ടിവിറ്റി പോലും ഇല്ലാത്ത കാലത്തു , നോക്കിയയുടെ GPRS ഫോണിൽ ഞാനും അപ്പനും കൂടെ നെറ്റിൽ എൻഡോസ്‌കോപ്പിയെ കുറിച്ച് തിരയാൻ തുടങ്ങി.. ചെറിയ ചൂണ്ട നൂല് പോലുള്ള കുറെ കേബിളുകളുടെ പടം ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞു .. ഫോട്ടോയ്ക്ക് താഴെ "Optical Fiber Cable " എന്നും " Used In Endoscopy " എന്നും കണ്ടു ..
ചാച്ചന് ഒരിത്തിരി സമാധാനമായി ...എന്തോ ചൂണ്ട നൂൽ പോലുള്ള വയറുകൾ കൊണ്ടുള്ള പരിപാടിയാണ്.. പേടിക്കാൻ മാത്രം ഒന്നും ഇല്ല .. എനിക്കും ആശ്വാസമായി.. ഇനി അപ്പന്റെ അലമ്പില്ലാതെ ഉറങ്ങാമല്ലോ..
വിരസമായ ഒരു ദിവസം കൂടെ ഞങ്ങൾ അവിടെ തള്ളി നീക്കി.. സന്ദർശകർ കാണാൻ വരുന്നുണ്ട്.. അമ്മ പകല് മാത്രമേ ഹോസ്പിറ്റലിൽ നിൽക്കുന്നുള്ളൂ ..വിസിറ്റർസ് മിക്കവരും ഓറഞ്ചും മുന്തിരിയും കൊണ്ടുവരുന്നത് കൊണ്ട് , എന്റെ വായ്ക്കും റെസ്റ്റില്ല ..
രാത്രി ആയപ്പോ ഒരു നേഴ്സ് റൂമിലേക്ക് വന്നു.. നാളെ രാവിലെ ചെയ്യാൻ പോകുന്ന എൻഡോ സ്‌കോപ്പിയെ കുറിച്ച് വിവരിക്കുകയും , അത് ചെയ്യാനുള്ള സമ്മത പത്രം രോഗിയുടെ കയ്യിൽ നിന്നും ഒപ്പിട്ടു മേടിക്കുകയും ആണ് ലക്‌ഷ്യം ... പണ്ട് മുതൽക്കേ നല്ലപോലെ നൊണ പറയുന്ന ശീലം ഉള്ളത്കൊണ്ട് , എൻഡോസ്‌കോപ്പിയെക്കുറിച്ചു നെറ്റിൽ തിരഞ്ഞു ഞങ്ങള് പഠിച്ചുവെന്നും , സിസ്റ്റർക്കു എന്തേലും സംശയം ഉണ്ടേൽ ഞങ്ങൾ പറഞ്ഞു തരാമെന്നും ഞാൻ തട്ടി വിട്ടു... അങ്ങനെ ആണെങ്കിൽ തന്റെ ജോലി കുറഞ്ഞല്ലോ എന്നും പറഞ്ഞു സിസ്റ്റർ ആ കൺസെന്റ് ഫോം മാത്രം ഒപ്പിട്ടു വാങ്ങി പോയി .. ഞാനും അപ്പനും അങ്ങനെ വീണ്ടും സൈഡ് ആയി..
നേരം പര പര വെളുക്കുന്നു.. എൻഡോസ്കോപ്പി ചെയ്യുമ്പോൾ ഇടേണ്ട ഉടുപ്പുമായി നഴ്‌സുമാർ റൂമിലേക്ക് വന്നു.. ഓപ്പറേഷൻ തീയറ്ററിൽ തന്നെ ആണ് പോലും എൻഡോസ്‌കോപിയും ചെയ്യുന്നത്.. ഓപ്പറേഷൻ ചെയ്യാൻ കൊണ്ടുപോകുമ്പോൾ ഇടുന്ന അതെ കടും പച്ച നിറത്തിലുള്ള ഉടുപ്പ്..
ഇതൊക്കെ കണ്ടപ്പോൾ എനിക്കും അപ്പനും ഇത്തിരി പേടി ആയി.. എങ്കിലും ഞാൻ അപ്പനെ കൂൾ ആക്കാൻ വേണ്ടി പറഞ്ഞു..
"ചെറിയ ചൂണ്ട നൂല് പോലുള്ള കേബിൾ , വെറും നൈസ് കേബിൾ .. അതിങ്ങനെ വായിൽകൂടെ ഇടും.. അത്രേയുള്ളു "
ഉടുപ്പൊക്കെ ഇട്ടു സ്‌ട്രെച്ചറിൽ കയറ്റി അപ്പനെ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ട് പോയി .. ചാച്ച എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .. അപ്പോളും ഞാൻ ആശ്വസിപ്പിച്ചു .." ചെറിയെ ചൂണ്ട നൂല് .. അത്രേയേയുള്ളു .. "
അടുത്ത സീൻ ഓപ്പറേഷൻ തീയറ്ററിന്റെ പുറത്തുള്ള വരാന്തയാണ്.. തീയറ്ററിനു അകത്തുള്ള രോഗികളുടെ ബന്ധുക്കൾ ഏറെ ടെൻഷൻ അടിച്ചു പുറത്തു നിൽക്കുന്നു... അവിടെ നിന്നവരിൽ മിക്ക ആളുകളുടെയും ആശ്രിതരെയും ഓപ്പറേഷന് ആണ് കൊണ്ടുപോയിരുന്നത്.. എന്റെ അപ്പന്റെ മാത്രമേ എൻഡോസ്കോപ്പി ഉള്ളു .. എല്ലാ മതസ്ഥരും പ്രാർത്ഥനാപൂർവ്വം , നിശബ്ദമായി ഇരിക്കുന്ന സ്ഥലം.. അത് ഒരുപക്ഷെ ഓപ്പറേഷൻ തീയറ്ററിന്റെ പുറത്തു മാത്രം കാണാൻ പറ്റുന്ന കാഴ്ചയാണ്..
നേരത്തെ കൊണ്ടുപോയ രോഗികളിൽ ആരോ ഒരാളെ പുറത്തേക്കു കൊണ്ട് വരുന്നുണ്ട് .. ആള് മരണപ്പെട്ടിരുന്നു.. കരച്ചിലും ബഹളവുമായി ഓപ്പറേഷൻ തീയറ്റർ പരിസരം ആകെ ശോകം അവസ്ഥയിൽ ആയി .. പുറത്തു കൂടിയിരിക്കുന്ന മറ്റു രോഗികളുടെ ബന്ധുക്കളിലും ഒരു ഭീതി നിഴലാടാൻ തുടങ്ങി..
അപ്പോൾ വളരെ യാദൃശ്ചികമായി എന്റെ നാട്ടുകാരി ഒരു ചേച്ചിയെ ഞാൻ തീയറ്റർ പരിസരത്തു കാണാനിടയായി.. ആള് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ നേഴ്സ് ആണ്.. ചില രോഗികളെ ഹോസ്പിറ്റലുകാർ തന്നെ സ്പെഷ്യലിസ്റ് ചികിത്സക്കായി മറ്റു ഹോസ്പിറ്റലുകളിലേക്കു കൊണ്ടുപോകാറുണ്ടെന്നും , അത്തരം ഒരു രോഗിയോടൊപ്പം വന്നതാണ് താനും എന്ന് ആ നേഴ്സ് ചേച്ചി പറഞ്ഞു.. അപ്പനെ എൻഡോസ്കോപ്പി ചെയ്യാനാണ് അഡ്മിറ്റ് ചെയ്തതെന്ന് പറഞ്ഞപ്പോൾ , വളരെ പഴയ ഒരു എൻഡോസ്കോപ്പി യന്ത്രം ആണ് അവിടെ ഉള്ളതെന്ന് ആ ചേച്ചി പറഞ്ഞു .. ചെറിയ ചൂണ്ട നൂലുകൾ പോലെയുള്ള കേബിളുകൾ ആവും എന്ന് ഞാൻ വിശ്വസിച്ചിരുന്ന സ്ഥാനത്തു രണ്ടിഞ്ചിന്റെ പി വി സി പൈപ് പോലുള്ള ഭീകരൻ ഫൈബർ കേബിളുകളും ആണ് ഉണ്ടാവുക എന്നും ആ സിസ്റ്റർ പറഞ്ഞു തന്നു..
ഈശ്വര അപ്പൻ ...!! ചൂണ്ട നൂല് പ്രതീക്ഷിച്ചു പോയ അപ്പനെ എല്ലാവരും കൂടെ എൻഡോസ്കോപ്പി ചെയ്തി കൊല്ലാക്കൊല ചെയ്തിട്ടുണ്ടാവും..
ടെൻഷൻ അടിച്ചു വരാന്തയിൽ ഇരിക്കുമ്പോൾ , ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ വീണ്ടും തുറന്നു .. ഒരു വീൽ ചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് അപ്പനെ കൊണ്ടുവരുന്നു.. രോഗികളുടെ ബന്ധുക്കൾ എല്ലാവരും എന്നേം അപ്പനേം നോക്കുന്നു.. മൊത്തം നിശബ്ദത.. പെട്ടന്ന് വീൽ ചെയറിൽ നിന്നും അപ്പൻ എന്റെ നേർക്ക് ചാടിക്കൊണ്ടു ഉറക്കെ ആക്രോശിച്ചു " എവിടെയാടാ നിന്റെ ചൂണ്ട നൂൽ .. പി വി സി പൈപ്പിന് പോലും ഇത്രേം വീതി ഉണ്ടാവില്ല .. അവന്റെ അമ്മൂമ്മേടെ ഒരു ചൂണ്ട നൂലും ഫിസിക്‌സും "
ഇത്രേംപറഞ്ഞു വീൽ ചെയറിൽ വീണ്ടും കയറിയിരുന്നു അപ്പൻ റൂമിലേക്ക് പോയി ..
കഥ മൊത്തം അറിയാതെ ആട്ടം കണ്ടു കൊണ്ടിരുന്ന കുറെ പേര് ഓപ്പറേഷൻ തിയറ്ററിനു പുറത്തുണ്ടായിരുന്നു..
അതിൽ ഒരു അമ്മൂമ്മ എന്റെ അടുത്ത് വന്നു അപ്പന്റെ വീല്ചെയറിനെ ചൂണ്ടിക്കൊണ്ട് പറയുവാ - " അന്റെ അച്ഛൻ എന്തൊരു ജീവിയാടോ .. മൂപ്പര് മനുഷ്യൻ തന്നെ ആണോ .. ഓന്റെ ഓപ്പറേഷൻ കഴിഞ്ഞു ഒരു പത്തു മിനിട്ടു അല്ലെ ആയിട്ടുണ്ടാവൂ ... നോക്ക് .. പയറു മണി പോലെ അല്ലെ തെറിച്ചു തെറിച്ചു പോകുന്നത് "
അപ്പന്റേതു ഓപ്പറേഷൻ അല്ല, എൻഡോസ്കോപ്പി ആണ് കഴിഞ്ഞതെന്ന് എന്നും പറഞ്ഞു ആ അമ്മൂമ്മേനെ തിരുത്താൻ ഞാനും നിന്നില്ല.. കുറച്ചു പേരെങ്കിലും വിചാരിക്കട്ടെ , എന്റെ അപ്പൻ ഓപ്പറേഷൻ കഴിഞ്ഞു തീയറ്ററിൽ നിന്നും ഇറങ്ങി ഓടിയ ഒരു മഹാനാണെന്ന്.. 🤪🤪

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...