Tuesday 2 October 2018

മൊയിതീനെ.. അന്റെ ആല്ബം ഇപ്പൊ ശെരിയാക്കിത്തരാം

എപ്പോളും പാവത്താൻ റോളുകൾ മാത്രം ചെയ്യുന്ന ഒരു നടനുണ്ട്.. രവി വള്ളത്തോൾ ... "ഗോഡ് ഫാദർ" എന്ന പടത്തിൽ ക്ളൈമാക്സില് കല്യാണച്ചെക്കൻ ആയി വരുന്ന ആൾ.. "ഇടുക്കി ഗോൾഡ്" എന്ന പടത്തിലും മൂപ്പര് ഒരു വേഷം ചെയ്തിട്ടുണ്ട് .. തന്റെ കല്യാണ ആൽബം മേടിക്കാനായി ഫോട്ടോഗ്രാഫറുടെ പുറകെ കഴിഞ്ഞ പത്തിരുപതു വർഷമായി നടക്കുന്ന ഒരു മണ്ടന്റെ റോൾ.. ആ പടം കണ്ടപ്പോ ഇത്തരത്തിലുള്ള ദുരന്ത കഥാപാത്രങ്ങൾ കഥാകൃത്തിന്റെ ഭാവനയിൽ മാത്രമേ ഉണ്ടാവൂ എന്നാണു പണ്ട് ഞാൻ കരുതിയിരുന്നത്.. ഈ കഥ എന്റെ ജീവിതത്തിൽ സംഭവിക്കുന്നതിനു മുന്നേ വരെ..!!!

എന്റെ കല്യാണത്തിന് കൂട്ടുകാരന്റെ റെഫെറെൻസിൽ വന്ന ഫോട്ടോ-വീഡിയോ ടീം.. കൊച്ചിയിലാണ് അവരുടെ മൊത്തം പരിപാടി.. സിനിമാറ്റിക് ഫോട്ടോഷൂട്ടുകൾ ഒട്ടേറെ ചെയ്ത ടീമുകളാണ്.. മറിച്ചൊന്നും ചിന്തിച്ചില്ല.. കല്യാണ ഫോട്ടോയും വിഡിയോയും അവരെ അങ്ങ് ഏല്പിച്ചു.. മനസമ്മതത്തിനും, കല്യാണ തലേന്നും, കല്യാണത്തിന്റെ അന്നും , പോസ്റ്റ് വെഡിങ് ഷൂട്ടിനും ഒരു പട തന്നെ ഉണ്ടായിരുന്നു.. പറക്കുന്ന ക്യാമറയും , നീന്തുന്ന ക്യാമറയും എല്ലാം വെച്ച് ഷൂട്ടുകൾ അടിപൊളിയായി തീർത്തു..ഇതിനു ശേഷമാണ് ഞാനും ഒരു രവി വള്ളത്തോൾ ആവുന്നത്...

കല്യാണതിരക്കുകൾ കഴിഞ്ഞു..ദിവസം പത്തു - പതിനഞ്ചായി.. ആൽബം കിട്ടാൻ ഫോട്ടോഗ്രാഫർ ചേട്ടനെ വിളിച്ചു..
"ഹലോ , അമലേ, ഞാൻ ഇപ്പൊ ചെന്നൈയിൽ വേറൊരു ഷൂട്ടിലാണേ, നിങ്ങള്ടെ ഫോട്ടോ എഡിറ്റിങ്ങിൽ ആണ്.. വീഡിയോ ഔട്ട് എടുത്തുകൊണ്ടു ഇരിക്കുകയാണ്.. ഞാൻ തിരിച്ചു വിളിക്കാമെ " - കാൾ ഡിസ്കണട് ആവുന്നു..

ഒരാഴ്ച കഴിഞ്ഞപ്പോ ഓർമ്മിപ്പിക്കാൻ വീണ്ടും വിളിച്ചു ; അപ്പോളും ആള് ഫോട്ടോഷൂട്ടും മൊത്തം തിരക്കും ..

എപ്പോ വിളിച്ചാലും ഇന്ന് തരാം , നാളെ തരാം .. സ്ഥിരം കഥ...

ദിവസങ്ങൾ അങ്ങനെ കടന്നു, അത് ആഴ്ചകളായി, മാസങ്ങളായി, ഏകദേശം ഒരു വർഷമായി.. ആൽബവും വിഡിയോയും ഇപ്പോളും പെട്ടിയിൽ തന്നെ.. ഫോട്ടോഗ്രാഫറെ റെഫർ ചെയ്ത കൂട്ടുകാരൻ എന്റെ തെറി പേടിച്ചു ഫോൺ എടുക്കാതായി..

ഇതിനിടക്ക് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു കടന്നു വന്നു.. എന്നിട്ടും ആല്ബം മാത്രം വന്നില്ല..

ഒരു ദിവസം അതാ നമ്മുടെ ഫോട്ടോഗ്രാഫറുടെ കാൾ.. തെറി പറയ്യാനാണ് ഫോൺ
എടുത്തത്.. അപ്പോൾ മറുപുറത്തു നമ്മുടെ ഫോട്ടോ ചേട്ടന്റെ ഒരു ആശംസ..
"ഹാലോ അമൽ , കൺഗ്രാജുലേഷൻ,.. വാവ ഉണ്ടായത് അറിഞ്ഞു..നമ്മുടെ ആൽബം ഫൈനൽ ഔട്ട് എടുത്തു കൊണ്ട് ഇരിക്കുവാണ്.. അപ്പോളാണ് എനിക്ക് വെറൈറ്റി ആയൊരു ഐഡിയ തോന്നിയത് .. കുഞ്ഞിന്റെ മാമോദിസ ആവാറാകുന്നല്ലേ ഉള്ളു ...അതായത് ആൽബത്തിന്റെ ഫസ്റ്റ് പാർട്ടിൽ നിങ്ങളുടെ വെഡിങ് സ്റ്റോറിയും , സെക്കന്റ് പാർട്ടിൽ മോളുടെ മാമ്മോദിസായും കൂടെ ആഡ് ചെയ്‌താൽ കിടു ആയിരിക്കും; ഞാൻ റേറ്റ് കുറച്ചു ചെയ്തും തരാം"

ക്ഷമയുടെ നെല്ലിപ്പടി താണ്ടിയ എന്നിലെ രവി വള്ളത്തോൾ ഒരു കുഞ്ഞു പി സി ജോർജ് ആയി മാറി ..ഫോട്ടോ ചേട്ടനോട് മൃദുവായി ഞാൻ ഇങ്ങനെ മൊഴിഞ്ഞു - " അത് നല്ല ഐഡിയ ആണല്ലോ .. അങ്ങനാണേൽ കൊച്ചിന്റെ മാമോദിസ മാത്രം ആക്കേണ്ട ; അവളുടെ ആദ്യ കുര്ബാനേം ; എന്റെ പെങ്ങളുടെ കല്യാണോം , അവളുടെ കൊച്ചിന്റെ മാമ്മോദിസായും എല്ലാം കൂടെ ചേർത്ത് തന്നാൽ മതിയെടാ %%*$#&% &&%%% "

ഏതായാലും ഇത്തവണ പി സി ജോർജ് പുണ്യാളൻ കാത്തു.. രണ്ടു ദിവസത്തിൽ സാധനം വീട്ടിലെത്തി..

നാവിലെ വികട സരസ്വതി പണ്ടേ ഫോട്ടോക്കാരൻ ചേട്ടന് പകർന്നു നൽകിയിരുന്നെങ്കിൽ ഇപ്പോൾ പോസ്റ്റ് ഇടാൻ ആശയം ഇല്ലാതായി പോയേനെ ..

Monday 27 August 2018

അനുസരണ

ഒരു ഞായർ ദിവസം.. ഞാൻ ഫേസ്ബുക്കും കുത്തി ഇരിക്കുന്നു ... പെട്ടന്ന് കുഞ്ഞുവാവ  ഭയങ്കര കരച്ചിൽ..നീതു അടുക്കളയിൽ തിരക്കിലാണ്..
ഞാനാണ് കൊച്ചിന്റെ കെയർ ടേക്കർ ...പാട്ടു പാടി നോക്കി ... കോക്രി കാണിച്ചു നോക്കി ...കരച്ചിൽ മാറ്റാൻ പഠിച്ച പണി ഇരുപത്തൊന്നും ഞാൻ പയറ്റി നോക്കിയിട്ടും ഏൽക്കുന്നില്ല...ചെറുത് കരച്ചിലോടു കരച്ചിൽ...  അങ്ങനെ വീടിന്റെ പുറത്തുള്ള റോഡിലൂടെ കൊച്ചിനേം എടുത്തു നടപ്പായി... കാഴ്ചകളൊക്കെ രസിച്ചതു കൊണ്ടാവണം കുഞ്ഞുവാവ കരച്ചിൽ നിർത്തി... എന്നാൽ ഇനി ഇത്തിരി കളിപ്പിച്ചേക്കാം എന്ന് ഞാനും കരുതി ...

റോഡിലൂടെ ഇത്തിരി നടന്നപ്പോ കുയിൽ കരയുന്ന പോലെ ഒരു ശബ്ദം.. കൊച്ചിന് ആ ഒച്ച അങ്ങ് രസിച്ചു... എന്നാ വിദ്യാരംഭം റോഡിൽ തന്നെ കുറിച്ചേക്കാം എന്ന് ഞാനും വെച്ച്.. കിളിയെ ചൂണ്ടി കാണിച്ചു "കുയിൽ കുയിൽ" എന്ന് പറഞ്ഞു... കാട്ടു കോഴിക്ക് എന്ത് ചങ്കരാന്തി എന്ന് പറഞ്ഞ പോലെ , ആറു മാസം പ്രായമുള്ള പീക്കിരി കൊച്ചിന് എന്തോന്ന് കുയിൽ.. കുഞ്ഞുവാവ വേറെന്തൊക്കെയോ തിരക്കിലാണ്..

ഞാൻ ഏതായാലും കൊച്ചിന്  ബാല പാഠങ്ങൾ പഠിപ്പിക്കാൻ തീരുമാനിച്ചു.. റോഡിലൂടെ ഇത്തിരി മുന്നോട്ടു പോയപ്പോ ഒരു സ്കൂൾ ബസ് പോകുന്നത് കണ്ടു ... ആ വണ്ടി ചൂണ്ടി കാണിച്ചു "ബസ് ബസ്" എന്ന് പറഞ്ഞു നോക്കി..
ചെറുതിനു പിന്നേം മൈൻഡ് ഒന്നും ഇല്ല ..

വഴിയിൽ പൂത്തു നിന്ന ഒരു കോളാമ്പി പൂ ചൂണ്ടി കാട്ടി പൂവ് പൂവ് എന്ന് ഞാൻ പറഞ്ഞു നോക്കി... എവിടെ ... ഒരു മൈണ്ടും ഇല്ല ..

ഇത്തിരി കഴിഞ്ഞപ്പോ ഒരു ടിപ്പർ ലോറി കണ്ടു..."നോക്കിക്കേ ലോറി ലോറി ".. ആടിന് എന്ത് അങ്ങാടി ... ആള് വേറേതോ ലോകത്താണ്.. അവളുടെ തലയിലെ ഹെയർ ബാൻഡ് എങ്ങനേലും കയ്യിൽ എടുക്കാനുള്ള ശ്രമത്തിലാണ് പുള്ളിക്കാരി..

തൽക്കാലം ഇന്നത്തെ വിദ്യാരംഭം ഇവിടെ നിർത്താം എന്ന് കരുതി  ഞാൻ കൊച്ചിനേം കൊണ്ട് വീട്ടിലേക്കു തിരിച്ചു നടന്നു.. പെട്ടന്ന്  ഒരു കാറ് ചീറി പാഞ്ഞു പോകുന്നത് കണ്ടു.. ബി എം ഡബ്ല്യൂ ആണ്... കുഞ്ഞുവാവക്ക് ബി എം ഡബ്ല്യൂ പരിചയപ്പെടുത്താമെന്നു കരുതി ഞാൻ " നോക്കിയേ കാറ്.... കാറ്.. " എന്ന് പറഞ്ഞു കൊടുത്തു ..

തെറ്റ് പറയരുതല്ലോ.. നല്ല അനുസരണയുള്ള കൊച്ചാണ്.. കാറ് എന്ന് കേട്ടതും കിടന്നു കാറി പൊളിക്കാൻ തുടങ്ങി..

എന്ത് ചെയ്യാം.. വിത്ത് ഗുണം എന്നല്ലേ പറയേണ്ടതുള്ളൂ ...

Thursday 9 August 2018

പത്രം v/s Phone


വീട്ടിലെ സിറ്റ് ഔട്ട്  ആണ് ലൊക്കേഷൻ... സമയം രാവിലെ ഏഴു മണി ആയിക്കാണും... കയ്യിൽ കിട്ടിയ പത്രം കുഞ്ഞിപ്പെങ്ങൾ രാവിലെ തന്നെ അരിച്ചു പെറുക്കുകയാണ്.. മഴ കാരണം കളക്ടർ കോളജുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാനുള്ള വ്യഗ്രത ആണ്   ..  ഞാൻ   കട്ടൻ കാപ്പിയിം ബിസ്ക്റ്റും കടിച്ചു ചാറ്റൽ മഴയും നോക്കി ഇരിക്കുന്നു .. കെട്ടിയോൾ ആണേൽ ടാബ്ലറ്റ് ഫോണിൽ എന്തോ കുത്തിക്കൊണ്ടു ഇരിക്കുവാന്  ...


അപ്പോളാണ് അപ്പന്റെ എൻട്രി.. അപ്പൻ  കുറച്ചു നേരം പെങ്ങളെ സൂക്ഷിച്ചു നോക്കി ..രാവിലെ അപ്പന് പത്രം നിര്ബന്ധമാണ്.. പെങ്ങളാണേൽ അപ്പനെ മൈൻഡ് ചെയ്യുന്നു പോലുമില്ല..ചാച്ച പത്രം ചോദിച്ചിട്ടു അവള് കൊടുത്തും ഇല്ല ..

ഇക്കണക്കിനാണേൽ ഇനി വീട്ടിൽ രണ്ടു പത്രം മേടിക്കേണ്ടി വരുമല്ലോ എന്നായി അപ്പൻ..

"പത്രം ഒക്കെ outdated ആയി ചാച്ച.. ഇപ്പൊ എല്ലാം ഈ മൊബൈലിലും ടാബ്‌ലെറ്റിലും കിട്ടും" - പ്ലേറ്റിൽ നിന്നും അടുത്ത ബിസ്കറ് എടുത്തു കടിച്ചു കൊണ്ട് ഞാൻ പറഞ്ഞു



അങ്ങനാണേൽ നിന്റെ ഫോൺ ഇങ്ങു തന്നെ.. പത്രം പോലെ തന്നെ ആണോ എന്ന് നോക്കട്ടെ..
അമ്മായിഅപ്പന്‌ എന്റെ ഭാര്യ സ-സന്തോഷം അവളുടെ സാംസങ് ഗ്യാലക്സി  ടാബ് വെച്ച് നീട്ടി.. ഫോൺ കയ്യിൽ കിട്ടിയതും ചാച്ച ഫോൺ എടുത്തു  ബിസ്‌ക്കറ് വെച്ച പ്ലേറ്റിൽ ആഞ്ഞൊരടി..


"ഇല്ലെടാ.. ഫോണ് പത്രത്തിന്റെ അത്രേം പോരാ.. ഈച്ചയെ അടിക്കാൻ പത്രം തന്നെയാ ബെസ്ററ്"

ശുഭം.

വാൽകഷ്ണം -  ഞാൻ പോയി ഫോണിന്റെ സ്ക്രീൻ ശെരിയാക്കിയിട്ടു വരാം

Tuesday 7 August 2018

PRADO

നാട്ടിൽ കള്ളന്മാരുടെ ശല്യം പെരുകിയപ്പോൾ വീട്ടിലൊരു പട്ടികുഞ്ഞിനെ വാങ്ങി..  അൾസേഷ്യൻ ആണ്.. പട്ടിക്ക് പേരിടാൻ ഉള്ള ഡ്യൂട്ടി  അപ്പൂപ്പൻ എന്നെ ഏല്പിച്ചു... കൈസർ , ടൈഗർ , റോക്കി.... സ്ഥിരം പട്ടി പേരുകളൊന്നും മൂപ്പർക്ക് പിടിക്കുന്നില്ല.. നോക്കിയപ്പോ വണ്ടികളെ കുറിച്ചുള്ള ഒരു മാസിക വീട്ടിൽ കിടക്കുന്നു.. ഫാസ്ട്രാക്ക്.. പേജുകൾ ചുമ്മാ മറിച്ചപ്പോള് കിടിലൻ പേരുകളും.. സ്കോർപിയോ , എൻഡവർ , മസ്താങ്, ഫോർച്ചുണർ, പ്രാഡോ... അവസാനത്തെ പ്രാഡോ എന്ന പേര് അപ്പൂപ്പന് അങ്ങ് ബോധിച്ചു.. സംഗതി പത്തു അമ്പതു  ലക്ഷം രൂപ വിലയുള്ള വണ്ടിയുടെ പേരാണെന്നൊന്നും അപ്പൂപ്പന് പിടികിട്ടിയില്ല .. അങ്ങനെ നമ്മുടെ  വീട്ടിലെ പട്ടിക്കുട്ടി ഔദ്യോഗികമായി പ്രാഡോ എന്ന പേര് സ്വീകരിച്ചു..

എനിക്ക് "രാജാവ്" എന്ന് പേരുള്ള ഒരു കൂട്ടുകാരൻ ഉണ്ട്.. എന്നെ പോലെ തന്നെ പട്ടികളെ മൂപ്പർക്കും പേടിയാണ് ... ഒരു ക്രിസ്മസിന് രാജാവ് വീട്ടിൽ വന്നപ്പോൾ പ്രാഡോ പട്ടി രാജാവിന്റെ പിന്നാലെ ഓടി.. പേടിച്ചു ഉരുണ്ടു വീണ രാജാവിനെ ഒരു വിധത്തിൽ ആണ് പ്രാഡോയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്..

വണ്ടി പ്രാന്തന്മാരായ കുറെ കൂട്ടുകാർ ഉണ്ടെനിക്ക്..പലപ്പോഴും യാത്രകളും , പുതിയ വണ്ടി കഥകളും ആവും ആ ഗ്രൂപിന്റെ മെയിൻ ചർച്ച വിഷയം.. നമ്മുടെ "രാജാവും" അതിൽ ഉൾപ്പെടും.. എന്റെ വീട്ടിൽ പോയപ്പോൾ ഉള്ള വിശേഷങ്ങൾ  ആ കൂട്ടുകാരോട് രാജാവ് ഇങ്ങനെ പങ്കുവെച്ചു  ..

" എന്റെ സുഭാഷേട്ടാ , കുറ്റിയാടിയിൽ നിന്ന് ജീപ്പിനു കേറി വേണം ഓന്റെ വീട്ടിൽ പോകാൻ.. മൊത്തം മലയോരം.. ഒരു മാതിരി ഇടുക്കി ഒക്കെ പോയ പോലെ.. വീട്ടിലെത്തിയപ്പോ രസമാണ് ... ഓന്റെ വീട്ടിൽ പോയിട്ടാണെലോ  പ്രാഡോ ഓടിക്കുകയും ചെയ്തു "

പ്രാഡോ എന്ന് കേട്ടതും സുഭാഷേട്ടൻ ഞെട്ടി - " എന്ത് ? പ്രാഡോയോ? കേരളത്തിൽ ആകപ്പാടെ ഇതുവരെ 120  പ്രാഡോയെ ഇറങ്ങിയിട്ടുള്ളു.. അതിൽ ഒന്ന് അമലിന്റെ വീട്ടിലാണോ .. ഭയങ്കരൻ... നീയും ഭാഗ്യമുള്ളവനാടാ .. ഒന്നൂല്ലേലും നിനക്ക്  പ്രാഡോ  ഓടിക്കാൻ പറ്റിയല്ലോ !!!!"

പ്രാഡോ എന്നുള്ളത് പട്ടിയുടെ പേരാണ് എന്നും , ആ പട്ടി തന്നെ ആണ് ഓടിച്ചതെന്നും രാജാവ്  പറഞ്ഞപ്പോ ഈ കഥകളെല്ലാം കേട്ടുകൊണ്ടിരുന്ന എന്റെ മുതുകത്തു  സുഭാഷേട്ടൻ  ഒരു അടി - " കണ്ട ചാവാലി പട്ടിക്ക് പ്രാഡോ എന്ന് പേരും ഇട്ടു ഓരോ ശവങ്ങള്  ; ഇനി മേലാൽ കണ്ടു പോകരുത് നിന്നെ ഈ ടെറിട്ടറിയിൽ"

അടുത്ത ആഴ്ച തന്നെ പട്ടിയുടെ  പ്രാഡോ എന്നുള്ള പേര് ഞാൻ മാറ്റി.. ഇപ്പൊ ഞങ്ങൾ അവനെ മെഴ്‌സിഡസ് ബെൻസ് S- ക്ലാസ് എന്നാ വിളിക്കുന്നെ !!!!

Thursday 2 August 2018

നിരൂപണം

കുറെ കാലമായി എഴുത്തു ചളിയും കൊണ്ട് നടക്കുന്നു.. ബുദ്ധി ജീവി ആകണമെങ്കിൽ ഒന്നുകിൽ മുടി നീട്ടി തുകൽ സഞ്ചിയും ഇട്ടു നടക്കണമെന്നും അല്ലെങ്കിൽ വല്ല നിരൂപണങ്ങൾ എഴുതണമെന്നു നമ്മുടെ കോമെഡി ഉത്സവത്തിലെ മിഥുൻ ചേട്ടന്റെ ഭാര്യ ലക്ഷ്മിചേച്ചി ഒരു വിഡിയോയിൽ പറഞ്ഞത് ഓർമയുണ്ട് .. അങ്ങനെ കഴിഞ്ഞ കുറച്ചു ദിവസമായി എനിക്ക് നിരൂപിക്കാൻ പറ്റിയ ടോപ്പിക്കുകൾ തേടി നടപ്പാണ്...


പുസ്തക നിരൂപണം നടത്താൻ ആണേൽ വായിച്ച കൃതികളുടെ ലിസ്റ്റിൽ ബാലരമേം ബാലമംഗലവും ഒക്കെയേ ഉള്ളു ... പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥയും" , ബെന്യാമിന്റെ "ആടുജീവിതവും" , രാമകൃഷ്ണന്റെ "ഇട്ടിക്കോരയും" ഒക്കെ കയ്യിൽ സ്റ്റോക്ക് ഉണ്ട് .. പക്ഷെ ലാലേട്ടൻ രാവണപ്രഭുവിൽ പറഞ്ഞ പോലെ "ഒന്നിനും ഡൈം കിട്ടിയില്ല".. വേറൊരു തരത്തിൽ പറഞ്ഞാൽ "സൂത്രനും ഷേരുവും" വായിക്കുമ്പോൾ കിട്ടുന്ന ഒരു മനസ്സുഖം ഈ പുസ്തകങ്ങൾ എനിക്ക് തരാറില്ല (ഒരുപക്ഷെ എന്റെ ഉയർന്ന ചിന്ദാഗതി കൊണ്ടാവും)


സിനിമ നിരൂപണം എഴുതണമെങ്കിൽ അരവിന്ദന്റെയോ, ജോൺ പോളിന്റെയോ
കുറഞ്ഞത് അടൂരിന്റെ എങ്കിലും ഒരു പടം കണ്ട ആളെക്കൊണ്ടേ പറ്റുള്ളൂ എന്നൊരു വിശ്വാസം കേരളത്തിലെ പ്രക്ഷുപ്തരായ ജനങ്ങൾക്ക് ഉള്ളത് കൊണ്ട് ആ ഉദ്യമത്തിൽ നിന്നും ഞാൻ പിൻവാങ്ങുന്നു (പ്രക്ഷുപ്തരായ എന്ന വാക്കിന്റെ അർഥം എനിക്കും കറക്റ്റ് അറിഞ്ഞൂടാ..പക്ഷെ ഒരു പഞ്ച് ഉള്ളത്‌ കൊണ്ട് തട്ടി വിട്ടതാ)

പണ്ട് സിനിമ മംഗളത്തിൽ ടി പി ശാസ്‌തമംഗലം എന്നൊരു എഴുത്തുകാരൻ ഗാന നിരൂപണം എന്നൊരു കോളം എഴുതിയിരുന്നു.. ചിന്ദിച്ചു നോക്കിയപ്പോൾ അത് എന്നെ കൊണ്ട് പറ്റുന്ന പണിയാണ്.. അങ്ങനെ ഞാൻ ഒരു ഗാനത്തെ കീറി മുറിച്ചു നിരൂപിക്കാൻ പോകുന്നു..
ചിത്രം : ഗൂഡാലോചന
കോഴിക്കോടിനേയും കോഴിക്കോട്ടുകാരെയും കുറിച്ചുള്ള ആ പാട്ടു ഇങ്ങനെയാണ് ...
"ഖൽബിലെ തേനോഴുകനെ
കോയിക്കോട്..
കടലമ്മ മുത്തണ
കര കോയിക്കോടെ ..
അലുവ മനസുള്ളൊരീ
കോയിക്കോടെ ..
വേണേൽ കണ്ടോളീ ..
ചെങ്ങായീ ..
ഞമ്മടെ കോയിക്കോടേ..."
"തേൻ ഒഴുകുന്ന ഖൽബ്"...- സാധാരണ തേൻ ഒഴുകുന്നത് തേനീച്ച കൂട്ടിൽ നിന്നും ആണ് .. കറുത്ത മെഴുകു കൊണ്ടാണല്ലോ തേനീച്ച കൂടുകൾ ഉണ്ടാവുന്നത്..കൂടുകൾ കാണാൻ ആണേൽ ഒരു ഭംഗിയുമില്ല താനും.. പോരാത്തതിന് ഫുൾ ടൈം തേനീച്ചകളും ഉണ്ടാകും.. അവറ്റകളും മൂളലും ഇരമ്പലും മൊത്തത്തിൽ ഒരു അലമ്പ് ഫീലിംഗ് ആണ്.. ചുരുക്കി പറഞ്ഞാൽ കോഴിക്കോടിന്റെ ഖൽബ് തീർത്തും ആസ്വാദ്യകരം അല്ലെന്നു കവി പറഞ്ഞു വെക്കുന്നു..
"ഹൽവ മനസുള്ള കോഴിക്കോട്" - അലുവ എന്ന സാധനം മൈദാ കൊണ്ടാണല്ലോ ഉണ്ടാക്കുന്നത്.. മൈദാ എന്ന് പറയുമ്പോൾ ഗോതമ്പു പൊടിയുടെ എല്ലാ പോഷക ഗുണങ്ങളും ഊറ്റി എടുത്തതിനു ശേഷം ഉള്ള ചണ്ടി വേസ്റ്റ്..അതായത് മൈദാ പോലെ ഒരു ഗുണവും ഇല്ലാത്ത മനസ്സുള്ളവരാണത്രെ കോഴിക്കോട്ടുകാർ...
ഇത്രേം നിരൂപിച്ചപ്പോൾ എന്നിലെ നിരൂപകന് ഒരു സംശയം..മേൽ പറഞ്ഞ പാട്ടിലെ " സമൂഹത്തിനു ഒരു ഗുണവും ഇല്ലാത്ത കോഴിക്കോട്ടുകാരൻ " ഇനി ഞാനാണോ.. ആവോ..
ശ്രീകണ്ഠൻ നായർ പറയുന്ന പോലെ ..."പുതിയ നിരൂപണവുമായി , അടുത്ത ആഴ്ച , ഇതേ ദിവസം , ഇതേ സമയം .., ഗുഡ് ബൈ"

വെസ്റ്റ് ഇൻഡീസിൽ നിന്ന് വന്ന പാമ്പും കോണിയും

കരീബിയൻ ദ്വീപുകളുടെ ഭാഗമായ  വെസ്റ്റ് ഇൻഡീസ് എന്ന ദ്വീപ് സമൂഹത്തെ കുറിച്ച്  കുറച്ചു വര്ഷം മുമ്പ് വരെ എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു... ബ്രയാൻ ലാറയും , ക്രിസ് ഗെയ്‌ലും ഉൾപ്പെടുന്ന  ക്രിക്കറ്റ് ടീം മാത്രമായിരുന്നു , ഒരു ശരാശരി ക്രിക്കറ്റ് പ്രേമി എന്ന നിലക്ക് കരീബിയൻ ദ്വീപുകളിൽ എനിക്കുണ്ടായിരുന്ന ഒരേയൊരു "Point of  Attraction "

അങ്ങനിരിക്കെ ഞാൻ ജോലി ചെയ്യുന്ന കമ്പനി  വെസ്റ്റ് ഇൻഡീസിലെ  ചെറു രാജ്യമായ "സൈന്റ്റ് കിറ്റ്സ് ആൻഡ് നെവിസ് " എന്ന സ്ഥലത്തു ഒരു ബ്രാഞ്ച് തുടങ്ങി.... കമ്പനിയിലെ Head Quartersഇൽ മാർകെറ്റിംഗിൽ ഏറ്റവും മിടുക്കത്തി ആയ "കർള" എന്ന ബ്രസീലിയൻ വംശജ  സ്ത്രീയെ അവിടുത്തെ ബിസിനസ് ഹെഡ് ആക്കി നിയമിക്കുകയും ചെയ്തു..

ഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ  ഇവനെന്താപ്പാ കമ്പനിയുടെ പുരാണം വിളമ്പുകയാണോ എന്ന് കരുതിയാൽ തെറ്റി.. ഈ കഥയിലെ നായികയും വില്ലത്തിയും ആ ബ്രസീലുകാരി കർള ആണ് .

ഇടയ്ക്കിടയ്ക്ക് മൊബൈൽ നമ്പർ മാറാറുള്ളത് കൊണ്ട് കുറെ കാലമായി
എന്റെ വാട്സാപ്പ് നമ്പർ നാട്ടിൽ എന്റെ 'അമ്മ ഉപയോഗിക്കുന്ന നമ്പർ ആണ്.. അതായത് ബാബുവേട്ടാ, വാട്സാപ്പിൽ വിളിച്ചാൽ എന്നെ കിട്ടും , സിം കാർഡിൽ വിളിച്ചാൽ അമ്മയെ കിട്ടും .. സൊ സിമ്പിൾ ...

സാധാരണ ഗതിയിൽ ഒഫീഷ്യൽ ആയുള്ള കോളുകൾക്ക് Skype ആണ് കമ്പനികളിൽ ഉപയോഗിക്കാറുള്ളത്.. സ്കൈപ്പ് കിട്ടാതെ വരുമ്പോൾ Watsapp കോളും.. വട്സാപ്പും ചതിച്ചാൽ സിം കോളും.. ഇതാണ് അതിന്റെ ഒരു രീതി...


കുറച്ചു മാസങ്ങൾക്കു മുമ്പ് ഭാര്യ ഗർഭിണിയായി ഇരിക്കുന്ന സമയം... ഞാൻ നാട്ടിലില്ല.. ആളാണേൽ  പകലും രാത്രിയും ബെഡ് റസ്റ്റ്... പണ്ട് ആരാണ്ടോ പറഞ്ഞപോലെ "ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാൻ" എന്ന് പറഞ്ഞത് പോലെയാണ് നീതുവിന്റെ  (ഞമ്മളെ  പ്രിയതമ) കാര്യം..."ഗർഭിണിയായിട്ടു വേണം ഒന്ന് റസ്റ്റ് എടുക്കാൻ!!"

 ഒഴിവു സമയങ്ങളിൽ എന്റെ അമ്മയുടെ ഫോൺ എടുത്തു അതിൽ പാമ്പും കോണിയും കളിക്കുന്നത് നീതുവിന്റെ ഒരു വിനോദമാണ് ...ഓർക്കുക  അതേ ഫോണിൽ ആണ് എന്റെ വാട്സാപ്പ് സിം ഉള്ളതും..

എന്തോ ഒരു നെറ്റ്‌വർക്ക് കംപ്ലൈന്റ്റ് കാരണം , എന്റെ കമ്പനിയിൽ ഇന്റർനെറ്റ് ചത്തിരിക്കുന്ന നേരം.. ബ്രസീലിൻകാരി കർള, വെസ്റ്റ് ഇൻഡീസിൽ നിന്നും ഒഫീഷ്യൽ കാര്യം ഡിസ്‌കസ് ചെയ്യാൻ എന്റെ വാട്സാപ്പ് നമ്പറിൽ പലതവണ വിളിച്ചു.. പക്ഷെ കിട്ടിയില്ല.. Urgent ആയതിനാലും , ഞാൻ ഉപയോഗിക്കുന്ന സിം നമ്പർ എന്റെ വാട്സാപ്പ് നമ്പർ തന്നെയാവാം എന്ന് സ്വയം ധരിച്ചു കൊണ്ടും കർള എന്റെ നാട്ടിലെ അമ്മയുടെ ഫോണിലേക്കു വിളിക്കുന്നു..വിശ്രമ സമയം ആന്ദകരമാക്കാൻ  അമ്മയുടെ ഫോണിൽ  "പാമ്പും കോണിയും"  കളിച്ചുകൊണ്ടിരിക്കുക ആയിരുന്ന നീതു പെട്ടന്ന് കണ്ട കോൾ അറിയാതെ എടുത്തും പോയി..

കർള : "Hey Amal.. Karla at this end. I have been trying to reach for past few hours. Is it the right time to talk ?"

പെട്ടന്ന് മറുപുറത്തു സ്ത്രീ ശബ്ദം കേട്ടപ്പോൾ നീതു ഒന്ന് അന്ധാളിച്ചു.. ഇനി വല്ല മാട്രിമോണി സൈറ്റിലും നിന്നുമാണോ ?ഇടക്കിടക്ക് മാട്രിമോണി സൈറ്റിൽ നിന്നും കോൾ വരാറുള്ളത് അമ്മായിഅമ്മ എപ്പോഴോ പറഞ്ഞത് നീതു ഓർത്തു..

നീതു : "Sorry. I think you are calling at wrong time. Amal got married an year before!!!"

ഇത്രേം പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു..

സംഗതി എന്തെന്ന് മനസ്സിലാവാത്തത്  കൊണ്ടാവാം കർള വീണ്ടും വിളിച്ചു..ഇത്തവണ കാർലെം അല്പം ദേഷ്യത്തിലാണ്

കർള : Hi, This is Karla calling from Saint Kitts and Nevis. I believe this number is registered with Mr Amal Mathew. May I know who is on line please..."

 ഭാര്യയുടെ കുനിഷ്ട് ബുദ്ധിയിൽ അവൾ ഇങ്ങനെ ചിന്ദിച്ചു..  ഇതാരപ്പ ഞാൻ ആരാണ് ചോദിക്കാൻ മാത്രം.. ..ഇന്റർനെറ്റ് വഴി ലോട്ടറി തട്ടിപ്പുകൾ പലതു നടക്കുന്ന സമയമായതു കൊണ്ട് , അങ്ങനെ ഏതോ ഉടായിപ്പാണെന്നു കരുതി ഭാര്യ  കാൾ കട്ട് ചെയ്തു..

കാർലയുടെ വിളി വീണ്ടും വന്നു.. എന്നാൽ ഇത്തവണ തന്റെ പാമ്പും കോണിയും കളി പാതി വഴിയിൽ മുടക്കിയ കാപാലികയോട് കടുത്ത ഭാഷയിൽ എന്റെ പ്രിയതമ അറഞ്ചം പുറഞ്ചം ഒരു മയവുമില്ലാതെ കടന്നാക്രമിച്ചു.. അറിയാവുന്ന തെറികളൊക്കെ പറഞ്ഞു കഴിഞ്ഞു ഫോണും സ്വിച് ഓഫ് ചെയ്തു...


ഈ കഥയൊന്നും അറിയാതെ എന്നത്തേതും പോലെ  എന്റെ ഒരു ദിവസവും കൂടെ കടന്നു പോയി.. പിറ്റേന്ന് ഓഫീസിൽ എത്തി ഇമെയിൽ തുറന്ന എന്നെ നോക്കി ഒരു warning letter  കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു .. കാരണം വായിച്ച ഞാൻ ഞെട്ടി - "Misbehaving to the Colleagues and Failure in giving proper replies".



പിന്നീട് വീട്ടിൽ വിളിച്ചു കാര്യമറിഞ്ഞപ്പോൾ "Terminate" ചെയ്യാതിരുന്നത് പൂർവികരുടെ സുകൃതം എന്ന തിരിച്ചറിവ് കിട്ടി ..ഏതായാലും ഭാര്യയുടെ പാമ്പും കോണിയും പ്രേമം കാരണം ഞമ്മക്കും കിട്ടി ഒരു Warning Letter.

Wednesday 1 August 2018

പുതുമോടികൾ !!!

കഴിഞ്ഞ വെള്ളിയാഴ്ച , ഞമ്മളെ അടുത്ത ഒരു ചങ്ങായിയും ആയിട്ട് വാട്സാപ്പിൽ ചാറ്റികൊണ്ടിരുന്നപ്പോൾ മൂപ്പര് എന്നോട് പറഞ്ഞു..
"എടേയ് കുറെ ആയില്ലേ  നിന്റെ തള്ള്  കഥകളിൽ നീ  തന്നെ നായകൻ
ആവുന്നു .. നിന്റെ തന്നെ മണ്ടത്തരങ്ങൾ..  കഥ മൊത്തം നിന്റെ തല നിന്റെ ഫുൾ ഫിഗർ.. വായിക്കുന്നവർക്ക് വരെ ബോർ അടിക്കുന്നുണ്ട് ..!!, ഇടക്കൊക്കെ ഒന്ന് മാറ്റിപ്പിടി ..."

ആ കൂട്ടുകാരന്റെ അഭിപ്രായം മുഖവിലക്കെടുത്തതിനാൽ ഇത്തവണത്തെ
  കഥയിൽ ഒരു പുതുമുഖ നായകനും നായികയും ആണ്.. നായകൻ അവനും നായിക ഓന്റെ
കെട്ട്യോളും..

നായകൻറെ  മുഴുവൻ പേരും ടൈപ്പ് ചെയ്തു വരുമ്പോളേക്കും ഒരു ദിവസം പോകും - "ഡോണ ടോണി മാനുവൽ "..അതിനാൽ അവനെ ചുരുക്കി ഡോണ എന്ന് വിളിക്കാം...

"ഡോണ" യുടെ കല്യാണം കഴിഞ്ഞ സമയം...മലപ്പുറത്തുള്ള അവരുടെ വീട്ടിലേക്കു വളരെ unofficial ആയി "ഒരു ദിവസം അങ്ങോട്ടൊക്കെ ഇറങ്ങു്" എന്നൊരു ക്ഷണം അറിയാതെ ഡോണയുടെ വായിൽ നിന്നും വീണു പോയി... ഫുഡ് എവിടെ കണ്ടാലും ഒഴിവാക്കാത്ത ഞാനും , ഫുഡ് എവിടെ കണ്ടാലും നെഗറ്റീവ് അഭിപ്രായം മാത്രം പറയുന്ന എന്റെ ഒരു ഷെഫ് കൂട്ടുകാരനും എന്റെ കൂടെ മലപ്പുറത്തേക്ക് തിരിച്ചു.. അതിരാവിലെ തന്നെ ഞങ്ങള് കോട്ടക്കൽ എത്തി.. അവിടാണ് ഞമ്മളെ ദമ്പതികളുടെ സഹവാസം..

ഗൂഗിൾ മാപ് ഉള്ളതുകൊണ്ട് വളരെ കൃത്യമായി വളഞ്ഞ വഴിയിലൂടെ വഴിയും തെറ്റിച്ചു ഒടുവിൽ ഞങ്ങൾ അവരുടെ വീട്ടിൽ എത്തി... ഡോണക്ക് നല്ല ആദിത്യ മര്യാദ ഉള്ളതുകൊണ്ടും , എനിക്കും  ഷെഫ് റോണിച്ചനും അതിഥികളെ പോലെ പെരുമാറാൻ ഒട്ടും അറിയാത്തതു കൊണ്ടും നേരെ കേറി ചെന്ന് ഡൈനിങ്ങ് ടേബിളിൽ ഇരിപ്പുറപ്പിച്ചു.. "No formalities; Feel at Home"  എന്ന് വീട്ടുകാരി മഞ്ജു പറഞ്ഞു..

പുറത്തു നിന്നേ നല്ല  ഇറച്ചി പത്തിരിയുടെ മണം ഉണ്ടായിരുന്നു ..നോക്കുമ്പോ ടേബിളിൽ മൊത്തം നോമ്പ് തുറ ഐറ്റംസ്.. ഉന്നക്കായ , തരികഞ്ഞി , പത്തിരി.. അതിരാവിലെ തന്നെ നോമ്പ് തുറയോ ? അതും അച്ചായന്റെ വീട്ടില്.. അച്ചായന്മാര് പൊതുവെ പത്തിരി ഉണ്ടാക്കാറില്ല.. ഹോട്ടലിൽ നിന്നും മേടിച്ചതാവാൻ ആണ് വഴി.. സംശയങ്ങൾ പലതു മനസ്സിലൂടെ പോയെങ്കിലും പുതുമോടിയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ഒന്നും മൊഴിഞ്ഞില്ല.. ഒടുവിൽ ഒരു ഗ്ലാസ് നല്ല കാപ്പി കിട്ടി.. "കാപ്പി മഞ്ജു ഉണ്ടാക്കിയതാ ..."ഡോണ അറിയാതെ മൊഴിഞ്ഞു ... "അപ്പൊ ബാക്കിയോ !!!!"- റോണിച്ചൻ ഇടപെട്ടു. അറിയാതെ ഡോണയുടെ വായിൽ നിന്നും നോമ്പ് തുറ ഐറ്റങ്ങളുടെ സസ്പെൻസ് വീണുപോയി.. ഒരു കൂട്ട ചിരിയിൽ ആ സീൻ അങ്ങനെ കഴിഞ്ഞു..

മലപ്പുറത്തുള്ള ഒരു ഹൈ റേഞ്ച് സ്ഥലത്തേക്ക് ഒരു One day ട്രിപ്പ്.. അതാണ് ഞങ്ങളുടെ വരവിന്റെ മെയിൻ ഉദ്ദേശം..പുതിയ ജോലിയിൽ പ്രൊബേഷൻ പീരിയഡിൽ ആയതിനാൽ മഞ്ജുവിന് ലീവില്ല.. രോഗി ഇച്ഛിച്ചതും ഡോക്ടർ കല്പിച്ചതും മിൽക്ക് ..   വീട്ടുകാരിയോട് യാത്രയും പറഞ്ഞു ഞങ്ങളുടെ മൂവർ സംഘം ഇറങ്ങി .. വൈകുന്നേരം ആവുമ്പോളത്തേക്കും കെട്ടിയോനെ തിരിച്ചെത്തിക്കും എന്ന ഉറപ്പിന്മേൽ ഞങ്ങൾ നിലമ്പൂർ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു...

പറ്റിയാൽ ഒന്ന് നിലംബൂർ  വഴി  ഗൂഡലൂർ - ഊട്ടി.. ഇതാണ് ഞങ്ങളുടെ പ്ലാൻസ് ... ഇത്തരം സിമ്പിൾ ഐഡിയകൾ പൊതുവെ സ്ത്രീകൾക്ക് ഇഷ്ടമില്ല.. ആയതിനാൽ ഞങ്ങൾ ഊട്ടി ആണ് ലക്‌ഷ്യം എന്നത് മഞ്ജുവിനോട് പറഞ്ഞും ഇല്ല ..

യാത്രക്കൊക്കെ പൊളിച്ചു ..ഒത്തിരി വൈകിയാണ് ഞങ്ങൾ മടങ്ങിയത്..നേരമൊക്കെ ഇരുട്ടി തുടങ്ങി.. ഗുഢാലൂർ ചുരം ഇറങ്ങുമ്പോൾ ഡോണ ഗൂഗിൾ മാപ്പിൽ നോക്കി.. തമ്പുരാനേ ഇനിയും കോട്ടക്കലിന് നാല് മണിക്കൂറോ .. നിങ്ങളെന്റെ കുടുംബം കുട്ടിച്ചോറാക്കുമോ ?

"മഞ്ജു വീട്ടിൽ ഒറ്റക്കല്ലേ.. ഇത്തിരി ലേറ്റ് ആകുമെന്ന് ഒന്ന് വിളിച്ചു പറഞ്ഞേക്ക്.. " - കൂട്ടത്തിലെ കാരണവരായ റോണിച്ചൻ ഡോണക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തു.. ഡോണ ഫോൺ കയ്യിലെടുത്തു.. "Battery About to Die" എന്ന മെസ്സേജ്‌ കണ്ടതും ഫോൺ ചത്തതും ഒരുമിച്ചു..

വണ്ടിയുടെ ഡാഷ് ബോർഡിൽ എന്റെ ഫോൺ ഉണ്ടായിരുന്നു.. ഫോൺ ആണെങ്കിൽ വണ്ടിയിലെ ബ്ലൂടൂത്ത് വഴി സ്‌പീക്കറിൽ കണ്ണെക്ടഡ്ഉം ആണ് ..  മൂന്നു നാല് വർഷമായി പ്രേമിക്കുന്നത് കൊണ്ട് കെട്ടിയോളുടെ നമ്പർ ഡോണക്ക് കാണാപാഠവും ആയിരുന്നു.. എന്റെ ഫോണിൽ നമ്പർ കുത്തി അളിയൻ കെട്ടിയോളെ വിളിച്ചു.. റിങ് അടിക്കുന്നുണ്ട്.. സ്‌പീക്കറിൽ ഞങ്ങൾ മൂവരും കേൾക്കുന്നുണ്ട് ..നമ്പർ പരിചയമില്ലാത്തത് കൊണ്ടാവാം ലേറ്റ് ആയാണ് കാൾ എടുത്തത്..

കാൾ കണക്ട് ആയതും ഡോണ ഇങ്ങനെ മൊഴിഞ്ഞു..
"അതേയ് ... അവിടെ ആരും കൂട്ടിനില്ലെന്നു എനിക്കറിയാം.. പുറകിലത്തെ കതകടക്കേണ്ട.. ഞാൻ രാത്രി ആകുമ്പോഴത്തേക്കു വരാം...കേട്ടോ ചക്കരെ..."


"പ്ഫ പട്ടി... നിന്റെ അമ്മയോട് പറയെടാ ഇങ്ങനൊക്കെ.. ഞരമ്പുരോഗി....
നിന്നേ കയ്യിൽ കിട്ടിയാൽ വെട്ടി നുറുക്കുമെടാ ചെറ്റേ!!!! "
- അർദ്ധരാത്രിയിൽ unknown നമ്പറിൽ നിന്നും വിളിച്ചത് തന്റെ പ്രിയതമനാണെന്നു അറിയാതെ നമ്മുടെ വീട്ടമ്മ പൊട്ടിത്തെറിച്ചു..


മഞ്ജുവിന്റെ "ആട്ടു"ഇന്റെ പവർ കൊണ്ടാവാം എന്റെ ഫോൺ വരെ disconnect ആയി പോയി..

ഒരു നിമിഷം കിളി പോയ ഡോണ ഒരു വളിച്ച ചിരിയും ചിരിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടു ഇരിപ്പായി... ക്രോണിക് ബാച്‌ലർ സിനിമയിൽ ഹരിശ്രീ അശോകൻ ചോദിച്ച പോലെ "ഞാൻ പറഞ്ഞതിൽ ഏതേലും കറക്റ്റ് ഉണ്ടോ " എന്ന് ഡോണ ഒരു നൂറു വട്ടം ചിന്ദിച്ചിട്ടുണ്ടാവണം.. ഏതായാലും അളിയനെ കോട്ടക്കൽ ഉള്ള ഹൈ വേയിൽ ഇറക്കി വിട്ടു ഞങ്ങള് സ്ക്കൂട് ആയി...

പാഷാണം ഷാജി പറയുന്ന പോലെ ...നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലെ പറ്റൂ.. ഇനി അവരായി അവരുടെ പാടായി... ഒരു കുത്തിത്തിരുപ്പു ഉണ്ടാക്കിയപ്പോ എന്തൊരു മനസ്സുഖം.....

Dedicated to Chunk Brother @Dona Doni Manuel Puthuppallithakidiyel

Monday 30 July 2018

PIZZA

ഖത്തർഇൽ നിന്നുള്ള ആദ്യത്തെ ലീവിന് വരലാണ്... എല്ലാ പ്രവാസികളേം പോലെ ആദ്യത്തെ ലീവിന് ഞാനും ഗൾഫിഇന്നു ചുമന്നു കെട്ടി കൊണ്ടുവന്നതിൽ കുറെ അലമ്പ് പെർഫ്യൂം കുപ്പികളും , imperial leather സോപ്പ്‌കളും പിന്നെ കുറച്ചു മിട്ടായികളും മാത്രം ... ചാച്ചക്കും അമ്മയ്ക്കും ഒന്നും പ്രത്യേകം വാങ്ങിയിട്ടില്ല.. അതുകൊണ്ടു തന്നെ ഒരു ദിവസം അവരെ പുറത്തൊക്കെ ഒന്ന് കറക്കി പരിഭവം മാറ്റാം എന്ന് ഞാനും വെച്ചു..

കോഴിക്കോട് ഒരു മാളുണ്ട്..മാവൂർ റോഡ് ജംഗ്ഷനിൽ .. ലാൻഡ് ഷിപ് മാൾ.. കപ്പലിന്റെ രൂപത്തിൽ ഉള്ള ഒരു കെട്ടിടം.. നോക്കിയപ്പോൾ അവിടെ ഡൊമിനോസ് പിസാ തുറന്നിട്ടുണ്ട്.. വീട്ടിൽ ആരും പിസാ അതുവരെ തിന്നിട്ടില്ല.. ഞാൻ ഒരിക്കൽ കഴിച്ചിട്ടുണ്ട്... വെറൈറ്റി ആക്കിക്കളയാം എന്നും കരുതി അമ്മയേം അപ്പനേം പെങ്ങളേം കൂട്ടി അതിനുള്ളിൽ കയറി..

തൊട്ടടുത്ത് തന്നെ സാഗർ ഹോട്ടൽ, പ്ലാസ ഹോട്ടൽ , സീന ഹോട്ടൽ , kfc എന്നിവ ഉള്ളതുകൊണ്ടാകാം നമ്മുടെ പിസ കടയിൽ വലിയ തിരക്കില്ല.. സെല്ഫ് സെർവിങ് ആണ്.. ആർക്കും ആർക്കും എന്ത് തിന്നണമെന്നു വലിയ ധാരണ ഇല്ല.. ഞാൻ ഏതായാലും പടം നോക്കി ഒരു വലിയ "Chicken Hawaiian" പിസാ ഒന്ന് ഓർഡർ ചെയ്തു... എക്സ്ട്രാ ചീസ് വേണോ എന്ന് കൗണ്ടറിലെ ചങ്ങായി ചോദിച്ചപ്പോ ഇരിക്കട്ടെ എന്നും പറഞ്ഞു.. 20 മിനിറ്റിൽ സാദനം എത്തും.. അത് വരെ ഗൾഫിലെ വല്ല തള്ളു കഥയും പറഞ്ഞു വീട്ടുകാരെ വധിക്കാമെന്നു ഞാനും കരുതി..
ജൂൺ മാസമാണ്.. പുറത്തു നല്ല മഴ.. സമയം വേഗം പോയി.. പിസാ റെഡി എന്ന് നമ്മുടെ കൗണ്ടറിലെ പയ്യൻ പറഞ്ഞു,,കത്തി വെച്ചു തുടങ്ങിയെ ഉണ്ടായിരുന്നുള്ളു.. ബാക്കി ഫുഡ് അടിക്കുന്നതിനു ഇടയിൽ ആവാം എന്ന് ഞാനും കരുതി ..

"Chicken Hawaiian Pizza " ... സംഗതി കാണാൻ ഉഷാർ ആണ് .. ചീന്തിയിട്ട BBQ ചിക്കനും , പൈൻ ആപ്പിൾ കഷ്ണങ്ങളും, വേറെ എന്തൊക്കെയോ സംഭവങ്ങളും, ഉരുകി ഇറങ്ങുന്ന ചീസും..നല്ല ഒരു മണം.. പരസ്യത്തിൽ കാണുന്ന പോലെ ഒലിച്ചിറങ്ങുന്ന ചീസോടുകൂടെ പിസാ കഷ്ണങ്ങൾ ഞാൻ ഓരോരുത്തരുടെ പ്ലേറ്റിലേക്കു വെച്ചു കൊടുത്തു...

നല്ല വിശപ്പുള്ളതു കൊണ്ട് ശട പടേന്ന് ഞാൻ തീറ്റ തുടങ്ങി . അനിയത്തിയും നല്ല പോളിങ് ആണ്.. പക്ഷെ അപ്പനും അമ്മേം മുഖാമുഖം നോക്കി ഇരിക്കുന്നു... അമ്മ ആവട്ടെ പ്ലേറ്റിലെ പിസായുടെ ചീസിൽ പലതവണ തൊട്ടും നോക്കുന്നുണ്ട്..
"അമ്മെ കഴിക്കുന്നില്ലേ" എന്ന് ഞാൻ ഭയ ഭക്തിയോടെ ചോദിച്ചു..
"ഈ അപ്പത്തിന് മുകളിൽ കഫം ഇട്ട പോലുള്ള സാധനം നിനക്കെങ്ങനെ തിന്നാൻ പറ്റുന്നു" എന്ന് 'അമ്മ ഒരു മറു ചോദ്യം..


വായിൽ ഉണ്ടായിരുന്ന പിസാ ഞാൻ എങ്ങനെയോ ഇറക്കി.. അനിയത്തി ആകട്ടെ ഓക്കാനിക്കുന്നതു കണ്ടു .. അമ്മയുടെ വർണന കേട്ടതും ചാച്ച സ്ഥലം വിട്ടിരുന്നു..

പിന്നെ , ഇന്നേവരെ എന്റെ ജീവിതത്തിൽ ഞാൻ പിസാ എന്ന് കേൾക്കുമ്പോൾ " കണ്ടം വഴി ഓടും.".

Tuesday 3 July 2018

കല്യാണ പ്ലാനിങ് !!!!

എങ്ങനെ കല്യാണം വെറൈറ്റി ആക്കാം എന്നാണു ഒരുമാതിരി പെട്ട എല്ലാ യൂത്തന്മാരും യൂത്തികളും ചിന്തിക്കുന്നത്.. ഏകദേശം ഒന്നര വര്ഷം മുന്നേ ഞാനും അങ്ങനെ ചിന്തിച്ചിരുന്നു..ഒരു  മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ!!!

രാവിലെ മുതൽ രാത്രി വരെ ഭീകര പ്ലാനിംഗ്... ചാച്ചയും അമ്മയും പെങ്ങളും എന്തിനു വീട്ടിലെ പൂച്ച വരെ വട്ടം കൂടിയിരുന്നു ചിന്ത...   കല്യാണ കത്ത് മുതൽ , ഫോട്ടോഗ്രാഫി-വിഡിയോഗ്രഫി  തുടങ്ങി , കാറ്ററിംഗ്, മണ്ഡപം , പള്ളി ഡെക്കറേഷൻ അങ്ങനെ അങ്ങനെ  സംഗതി കുറെ ഉണ്ട്.

നാട്ടിൽ അടുത്തില്ലാതിരുന്നത് കൊണ്ട്  എന്റെ സിമ്പിൾ നിർദേശങ്ങൾ  എല്ലാം ഞാൻ ഒരു വാട്സാപ്പ് മെസ്സേജ് ആയി അപ്പന് അയച്ചു കൊടുത്തു..

1 .  നമ്മടെ നാട്ടിൻപുറത്തു സ്ഥിരം കാണാറുള്ള മണ്ഡപ ഡെക്കറേഷൻ ഒന്നും  പോരാ....
രവി പിള്ളേടെ മോൾടെ കല്യാണത്തിന്റേതു പോലെ താമരയും തോണിയും സിംഹാസനവും  ഒക്കെ ഉള്ള ബ്രഹ്മാണ്ഡ മണ്ഡപം  വേണം.. വേനൽ കാലം ആയതു കൊണ്ടും വെള്ളം കുറവായതു കൊണ്ടും വേണമെങ്കിൽ സ്റ്റേജിൽ തോണി ഒഴിവാക്കാം...



2 . സ്ഥിരം പോസിൽ  ഉള്ള സ്റ്റിൽ ഫോട്ടോ-വീഡിയോ പോരാ പകരം
ക്യാമറാമാൻ ഇരുന്നും കിടന്നും പറന്നും ഫോട്ടോ എടുക്കണം...ഒരു പത്തിരുപതു പേര് ക്യാമറാ ടീമിൽ ഉണ്ടേൽ ഉഷാർ ..



3 .എല്ലാ കല്യാണത്തിനും കഴിക്കുന്ന സ്ഥിരം കഴിക്കുന്ന കോഴി ബിരിയാണി വേണ്ട .. പകരം വല്ല ഒട്ടക ബിരിയാണിയോ, ആമ ഫ്രൈയോ ഒക്കെ വേണം.. അഞ്ചുകൂട്ടം പായസവും , ഫ്രൂട്ട് സലാഡും , ഐസ് ക്രീമും ഇതിനു പുറമെ നിർബന്ധമായും വേണം ...


എന്റെ ലിസ്റ്റ് വായിച്ചിട്ടു പ്രഷർ കൂടി ചാച്ചയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്ന് പെങ്ങള് വിളിച്ചു പറഞ്ഞു..



സാമ്പത്തികമാണ്... സാമ്പത്തികം മാത്രമാണ് പ്രശ്‍നം.... എന്റപ്പൻ വല്ല അംബാനിയോ മറ്റോ ആയിരുന്നേൽ ഒന്നും നോക്കേണ്ടായിരുന്നു.. ഇതിപ്പോ..






ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ  എന്റെ ഒരു രണ്ടു കിഡ്നി വിറ്റാൽ തീരുന്ന
പ്രശ്നമേ ഉള്ളു.. അങ്ങനാണേൽ തോണിയും , താമരയും , ആമയും , ഒട്ടകവുമെല്ലാം കല്യാണത്തിന് ഉണ്ടാവും..
പക്ഷെ കെട്ടിന് ഞാൻ ഉണ്ടാവുന്ന കാര്യം സംശയമാ!!!!!!!!!

Thursday 14 June 2018

മാത്തൻ മുക്ക്

പലപ്പോഴും "നാട്ടിലെവിടാ" എന്ന ചോദ്യത്തിന് എല്ലാവരേം പോലെ എനിക്കും  പല ഉത്തരങ്ങളും ഉണ്ട്...
വെള്ളക്കാരൻ ചോദിച്ചാൽ ഇന്ത്യൻ എന്നാവും മറുപടി..
മലയാളി അല്ലാത്തൊരാൾ നാട് ചോദിച്ചാ ഞാൻ കേരളത്തിലാണ് പറയും.., തൃശ്ശൂരുകാരൻ ചോദിച്ചാ ഞാൻ കോഴിക്കോട്ടെന്നും പറയും... ശെരിക്കുള്ള സ്ഥലം പറഞ്ഞു പറഞ്ഞു വരുമ്പോ മണിക്കൂർ ഒന്നെടുക്കും..
കോഴിക്കോട് , വടകര , കുറ്റ്യാടി,  കുറ്റിയാടി നിന്നും മരുതോങ്കര.. അവിടുന്ന് പിന്നെ മാത്തൻ മുക്ക് .. കഥയുടെ ആമുഖം ടൈപ്പ് ചെയ്തപ്പോ തന്നെ ക്ഷീണിച്ചു .. ഇനി കഥയിലേക്ക്.. സാധനം ഫ്ളാഷ്ബാക് ആണ്..

കോളേജിൽ പഠിക്കുമ്പോ ക്രിസ്തുമസിന് രണ്ടു കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചു.. മലപ്പുറത്തുള്ള രണ്ടു ആടാറു ടീമുകൾ..അവരെ നമുക്ക് സഞ്ജു എന്നും നിസ്സാർ എന്നും വെറുതെ സങ്കല്പിച്ചു വിളിക്കാം..  രാവിലെ തന്നെ എത്തിയേക്കാൻ പറഞ്ഞതാണ്.. കുറെ പ്ലാനുകൾ ഉണ്ട്.. ഫുഡിങ് , പുഴേലെ കുളി , മൂഴി ഡാം കാണൽ , വായിൽനോട്ടം, നാട്ടിലെ ഫ്രണ്ട്സിന്റെ ഒപ്പം കറക്കം.. നീണ്ട ലിസ്റ്റ് തന്നെ ഉണ്ട്... മലപ്പുറത്തുള്ള രണ്ടു പേര് കോഴിക്കോടുള്ള എന്റെ വീട്ടില് വരുന്നു .. സംഗതി അത്രേ ഉള്ളു.. അളിയന്മാർ യാത്ര പുറപ്പെട്ടു..

സമയം രാവിലെ 7 ആയിട്ടേ ഉള്ളു..
"ഡാ ഞാള് പോന്നു"..നിസാറിൻറെ ആദ്യത്തെ കോൾ..
"ഓക്കേ.. എത്താറാകുമ്പോ വിളി"..call  disconnected ..

മണിക്കൂർ രണ്ടു കഴിഞ്ഞു...
"ഡാ ഈയ്യു എവിടാ" നിസാറിൻറെ രണ്ടാമത്തെ കോൾ..
"ഞാൻ വീട്ടില്".. എന്റെ വിനീത മറുപടി
"ഞാള് കോഴിക്കോടെത്തി.. ഇയ്യ്‌ സ്റ്റാൻഡിന്റെ അങ്ങോട്ടേക്ക് വാ" - സഞ്ജുവിന്റെ പതിഞ്ഞ ശബ്ദം ഫോണിൽ കേട്ടു..
"ഈ സ്റ്റാൻഡ് എന്ന് പറയുമ്പോ കുറ്റിയാടി ബസ് സ്റ്റാണ്ടോ അതോ ജീപ്പ് സ്റ്റാണ്ടോ".. സ്വാവാഭികമായ എൻറെ സംശയം ഞാൻ ചോദിച്ചു
"കുറ്റിയാടിയോ ? ഞാള് കോഴിക്കോട് സ്റ്റാൻഡിലാ "
"കോഴിക്കോടോ!! അടിപൊളി ? ഓക്കേ..കുറ്റ്യാടി  എത്താറാകുമ്പോ വിളി"..
call  disconnected ..

ഇനിയും മണിക്കൂർ രണ്ടെടുക്കും അവന്മാർ എത്താൻ

സമയം പൊയ്ക്കൊണ്ടേ ഇരുന്നു ..നല്ല വിശപ്പാണ് .. 9  മണിക്ക്  എത്തും എന്ന് പറഞ്ഞ ടീമ്സ് 12  ആയിട്ടും എത്തിയില്ല..  അവർക്കുണ്ടാക്കിയ അപ്പോം ഈസ്ടൂം ഞാനും അനിയത്തിയും മെല്ലെ തട്ടാൻ തുടങ്ങി.. കൂട്ടിനു എന്റെ നാട്ടിലെ ഒന്ന് രണ്ടു കൂട്ടുകാരും..

.നേരം ഒരു രണ്ടു രണ്ടര ആയി.. സഞ്ജു ആണ് ഇത്തവണ വിളിച്ചത്.. "അളിയാ ഗൂഗിൾ മാപ് ഒരു ഷോർട് കട്ട്  റൂട്ട് കാണിച്ചു.. ഞങ്ങൾ അതിലെ പോന്നു.. ഇപ്പൊ ഉള്ളിയേരി എന്ന സ്ഥലത്താണ്"..
മനോഹരം...ഇനിയും വേണം മണിക്കൂർ ഒന്ന് ....
"ഓക്കേ.. എത്താറാകുമ്പോ വിളി"..
call വീണ്ടും  disconnected ..



അപ്പവും ഇസ്ടവും ദഹിച്ചു.. മലപ്പുറം ടീമ്സിനെ നോക്കി നിന്നാൽ പട്ടിണിയാവും.. ഞാനും നാട്ടിലെ ഫ്രണ്ട്സും വീണ്ടും ആക്രമണം തുടങ്ങി .. നല്ല ക്ഷീണം.. വയറു നിറഞ്ഞതിന്റെയാ.. ഒരു ഉച്ചയുറക്കം പാസാക്കി...






സഞ്ജുവിന്റെ വൃത്തികെട്ട ശബ്ദം ഫോണിൽ കേട്ടാണ് എണീറ്റത്..
"ഡാ , ഞങ്ങള് മടങ്ങുവാ .. വഴിയൊക്കെ തെറ്റി.. ഏതൊക്കെയോ കാട്ടിലൊക്കെ കേറി.. ഏതോ ചെമ്പനോട എന്ന സ്ഥലപ്പേര് ഒക്കെ കാണുന്നു ..ആകെ മടുത്തു..  സോറി അളിയാ "

മനസ്സിൽ ലഡു പൊട്ടിയ  ഞാൻ -  " ആഹാ നിങ്ങള് ചെമ്പനോട എത്തിയോ .. നിക്ക് ഞാൻ ഇപ്പൊ വരാം .."

മാത്തൻ മുക്ക് എന്ന സിറ്റിയോട് ചേർന്ന് കിടക്കുന്ന മെട്രോ പൊളിറ്റൻ സിറ്റി ആണ് ചെമ്പനോട.. ചെന്നപ്പോൾ ഹെൽമെറ്റും, ജാക്കെറ്റും , മറ്റെല്ലാ  റൈഡേഴ്‌സ് ഗിയറും എല്ലാം ഇട്ടു രണ്ടു മഹാന്മാർ ഒരു കലുങ്കിന് മുകളിൽ ഇരിക്കുന്നു .. കയ്യിൽ ഓരോ ഗ്ലാസ് കട്ടൻ ..കൂടെ പരിപ്പ് വടേം.. രാവിലെ തൊട്ടു പട്ടിണിയായതിന്റെയാ.. താമസിച്ചതിലുള്ള പരിഭവവും വിഷമവും അമർഷവും അവരുടെ മുഖത്തു ഉണ്ടായിരുന്നു.. വിശേഷങ്ങൾ ഒന്നും പറയാൻ നിന്നില്ല..വേഗം വീട്ടിലേക്കു പോയി...അങ്ങനെ ആ യാത്ര ഏകദേശം നാലരയോടെ എൻറെ വീടിനു മുന്നിൽ അവസാനിച്ചു..

 ട്രാഫിക് സിനിമയിൽ ശ്രീനിവാസൻ വഴി തെറ്റിച്ചു ഓടിച്ചു നേരത്തെ എത്തിയത് പോലെ അവരും ഉദ്ദേശിച്ച സമയത്തേക്കാൾ നേരത്തെ എത്താനാണ് ഷോർട് കട്ട് എടുത്തത് ... പക്ഷെ സംഗതി ചെറുതായൊന്നു പാളിയെന്ന് ഉള്ളു .. ഒരു 3 -4 മണിക്കൂർ അധികം..

തണുത്ത ചിക്കനും ചൂടാറിയ ചോറും തിന്നോണ്ടിരിക്കുമ്പോ സഞ്ജു എന്നോട് ഇങ്ങനെ മൊഴിഞ്ഞു... "അളിയാ ദയവു ചെയ്തു ഇനി ആരേലും ചോദിച്ചാൽ നിന്റെ വീട് കോഴിക്കോടാണെന്നു പറയരുത് .. മലപ്പുറത്തുള്ള എൻറെ വീട്ടിൽനിന്ന് കോഴിക്കോട്ടേക്കുള്ളതിന്റെ നാലിരട്ടി ഉണ്ട് പഹയാ അന്റെ വീട്ടിനു കോഴിക്കോട്ടേക്ക്.."

ആയതിനു ശേഷം എന്നോട് ആരേലും വീട് എവിടാന് ചോദിച്ച ഞാൻ മാത്തൻ മുക്ക് എന്നെ പറയാറുള്ളൂ.. ഗൂഗിൾ മാപ്പിൽ അടിച്ചാൽ പോലും കിട്ടാത്ത എൻറെ മാത്തൻ മുക്ക്..

Friday 8 June 2018

റമദാൻ ബഡായി

വടക്കുനോക്കി യന്ത്രത്തിൽ ശ്രീനിവാസൻ പറഞ്ഞ പോലെ.. ഇപ്പൊ പുട്ടും പഴവും തിന്നാൻ  ഇരുന്നപ്പോ ഓർമ വന്ന വേറൊരു ബഡായി കഥ..


റമദാൻ മാസത്തിൽ അറബ് രാജ്യങ്ങളിലെ പതിവ് കാഴ്ച്ചയാണ് നോമ്പ് തുറ ടെന്റുകൾ.. ഇൻഡ്യാക്കാരനെന്നോ പാക്കിസ്ഥാനിയെന്നോ വേർതിരിവില്ലാതെ എല്ലാരും ഒരുമിച്ചിരുന്നു നോമ്പ് വീടുന്ന ഒട്ടേറെ ടെന്റുകൾ ഞാൻ കണ്ടിട്ടുണ്ട്..

 ഞാൻ ഒരു മലയാളി ആയതുകൊണ്ടും നാണം അശേഷം ഇല്ലാത്തതുകൊണ്ടും (അറബി കഥ സിനിമയിലെ ആപ്പിളും മുന്തിരിയും  കവറിൽ ആക്കുന്ന സുരാജിനെ പോലെ ) പലതവണ ഇത്തരം ടെന്റിൽ പോയി ഫ്രീ ഫുഡും അടിച്ചിട്ടുണ്ട്... തനതു അറബ് വിഭവങ്ങളായ മട്ടൻ അരീസ്, മന്തി, ഹലീം , മഗ്ബി തുടങ്ങിയ പല സാധനങ്ങളും ആദ്യമായി രുചിച്ചതും ഇത്തരം ടെന്റിൽ വെച്ചാണ്.. ഗൾഫിൽ നിന്നും പോന്നതിനു ശേഷം ഇത്തരം ടെന്റുകൾ ഞാൻ കണ്ടിട്ടേ ഇല്ല...

കഴിഞ്ഞ ദിവസം മലേഷ്യക്കാരൻ കൊളീഗ് പറഞ്ഞു “ ദേർ  ഈസ് റമദാൻ സ്പെഷ്യൽ ബോറിജ് സപ്ലൈ ഇൻ പാക്കറ്റ്സ് അറ്റ് നിയർ ബൈ മോസ്‌ക്‌ “... ബോറിജ് എന്ന് നെറ്റിൽ അടിച്ചു നോക്കിയിട്ടും ഒന്നും കണ്ടില്ല ...പുതിയ എന്തോ ഐറ്റം ആണ്  ..കല്യാണം കഴിഞ്ഞതിൽ പിന്നെ മാന്യനായിരുന്ന എന്നിലെ കൂതറ മലയാളി വീണ്ടാമതും ഉണർന്നു .. ഗൾഫിലെ ടെന്റുകളുടെ ഓർമയും അവിടുത്തെ വിവിധതരം ഫുഡുകളും മനസ്സിലോടെ ഒന്ന് മിന്നിമറഞ്ഞു.. ടീബ്രേക്കിന്റെ സമയത്തു ഞാൻ പറഞ്ഞു.. “കം ലെറ്റ് അസ് ഗോ ...”

പള്ളിയിൽ വലിയ തിരക്കില്ല .... ആവശ്യക്കാരന് പാർസൽ കൊടുക്കുവാണ്‌ പതിവ്... അത്യന്തം വെറൈറ്റി ആയ സിംഗപ്പൂരിയൻ വിഭവം “ബോറിജ്” ഞാനും എന്റെ മലേഷ്യക്കാരൻ കൂട്ടുകാരനും രണ്ടെണ്ണം കൈക്കലാക്കി ... സിൽവർ ഫോയിൽ പേപ്പറിൽ കെട്ടി വലിയ കവറിൽ നല്ല കനത്തിൽ ഉള്ള നോമ്പുതുറ വിഭവം.. ബോറിജ്... ആകാംഷ കൂടിയപ്പോ നൈസ് ആയിട്ട് കവർ ഒന്ന് തുറന്നു...മനസ്സിലെ ലഡുക്കൾ ആരോ തല്ലി പൊട്ടിച്ചപോലെ തോന്നി..  സാധനം കഞ്ഞി ആണ്.. രണ്ടു ചെറിയുള്ളി ഒക്കെ വെച്ച് ഡെക്കറേറ്റ് ചെയ്ത ഐറ്റം.. സലിം കുമാർ പുലിവാല് കല്യാണത്തിൽ പറഞ്ഞ പോലെ എന്റെ ഭാഗത്തും തെറ്റുണ്ട് ..നാക്കു വടിക്കാത്ത മലേഷ്യനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. കേട്ട പാതി കേൾക്കാത്ത പാതി ഓഫിസിൽ നിന്നും മുങ്ങി, ക്യൂ നിന്നു രണ്ടു കൂട് കഞ്ഞിയും മേടിച്ചോണ്ടു വന്ന എന്നോട് മലേഷ്യൻ പറയുവാ... “ഹെൽത്തി ഐറ്റം .. ഗുഡ് വിത്ത്  സാൾട് ആൻഡ് ചില്ലി .. ബോറിജ് .. സിംഗപ്പൂരിൻ ബോറിജ് “

NB : എന്താ ശോഭ ചിരിക്കുന്നില്ലേ ?

Wednesday 21 March 2018

പേടിത്തൊണ്ടൻ

ഞാൻ എന്നും ഒരു പേടിത്തൊണ്ടൻ ആയിരുന്നു.. ചെറുപ്പ കാലത്തു  ഇരുട്ടിനെ പേടി.. സ്കൂളിൽ പോയപ്പോൾ പരീക്ഷയെ പേടി, ടീച്ചർമാരെ പേടി.. വീട്ടിലെത്തിയാൽ അപ്പന്റേം അമ്മേടേം കയ്യിലുള്ള ചൂരലിനെ പേടി..കോളേജിൽ പോയപ്പോൾ സീനിയേഴ്സിനെ പേടി.. പഠിച്ചു കഴിഞ്ഞപ്പോൾ ജോലി കിട്ടുമോന്നുള്ള പേടി.. ജോലി കിട്ടിക്കഴിഞ്ഞപ്പോൾ ജോലി പോകുമോന്നുന്നുള്ള പേടി.. .. കുളിക്കുമ്പോൾ മുടി കൊഴിയുമോന്നുള്ള പേടി..എന്തിനേറെ .. പേടികളുടെ ലിസ്റ്റ് അങ്ങനെ നീണ്ടു പോക്കൊണ്ടേ ഇരുന്നു..

അങ്ങനെ ഇരിക്കുന്ന അവസരത്തിൽ ആണ് കല്യാണം കഴിക്കുന്നത് .... എൻറെ പഴയ പേടികൾ എല്ലാം ഇപ്പൊ ഒരു പഴംകഥ...

പക്ഷെ ചെറിയൊരു വ്യത്യാസം ; എല്ലാത്തിനും കൂടി ഇപ്പോൾ  ഭാര്യയെ മാത്രം പേടിച്ചാൽ മതി..

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...