Tuesday 7 August 2018

PRADO

നാട്ടിൽ കള്ളന്മാരുടെ ശല്യം പെരുകിയപ്പോൾ വീട്ടിലൊരു പട്ടികുഞ്ഞിനെ വാങ്ങി..  അൾസേഷ്യൻ ആണ്.. പട്ടിക്ക് പേരിടാൻ ഉള്ള ഡ്യൂട്ടി  അപ്പൂപ്പൻ എന്നെ ഏല്പിച്ചു... കൈസർ , ടൈഗർ , റോക്കി.... സ്ഥിരം പട്ടി പേരുകളൊന്നും മൂപ്പർക്ക് പിടിക്കുന്നില്ല.. നോക്കിയപ്പോ വണ്ടികളെ കുറിച്ചുള്ള ഒരു മാസിക വീട്ടിൽ കിടക്കുന്നു.. ഫാസ്ട്രാക്ക്.. പേജുകൾ ചുമ്മാ മറിച്ചപ്പോള് കിടിലൻ പേരുകളും.. സ്കോർപിയോ , എൻഡവർ , മസ്താങ്, ഫോർച്ചുണർ, പ്രാഡോ... അവസാനത്തെ പ്രാഡോ എന്ന പേര് അപ്പൂപ്പന് അങ്ങ് ബോധിച്ചു.. സംഗതി പത്തു അമ്പതു  ലക്ഷം രൂപ വിലയുള്ള വണ്ടിയുടെ പേരാണെന്നൊന്നും അപ്പൂപ്പന് പിടികിട്ടിയില്ല .. അങ്ങനെ നമ്മുടെ  വീട്ടിലെ പട്ടിക്കുട്ടി ഔദ്യോഗികമായി പ്രാഡോ എന്ന പേര് സ്വീകരിച്ചു..

എനിക്ക് "രാജാവ്" എന്ന് പേരുള്ള ഒരു കൂട്ടുകാരൻ ഉണ്ട്.. എന്നെ പോലെ തന്നെ പട്ടികളെ മൂപ്പർക്കും പേടിയാണ് ... ഒരു ക്രിസ്മസിന് രാജാവ് വീട്ടിൽ വന്നപ്പോൾ പ്രാഡോ പട്ടി രാജാവിന്റെ പിന്നാലെ ഓടി.. പേടിച്ചു ഉരുണ്ടു വീണ രാജാവിനെ ഒരു വിധത്തിൽ ആണ് പ്രാഡോയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്..

വണ്ടി പ്രാന്തന്മാരായ കുറെ കൂട്ടുകാർ ഉണ്ടെനിക്ക്..പലപ്പോഴും യാത്രകളും , പുതിയ വണ്ടി കഥകളും ആവും ആ ഗ്രൂപിന്റെ മെയിൻ ചർച്ച വിഷയം.. നമ്മുടെ "രാജാവും" അതിൽ ഉൾപ്പെടും.. എന്റെ വീട്ടിൽ പോയപ്പോൾ ഉള്ള വിശേഷങ്ങൾ  ആ കൂട്ടുകാരോട് രാജാവ് ഇങ്ങനെ പങ്കുവെച്ചു  ..

" എന്റെ സുഭാഷേട്ടാ , കുറ്റിയാടിയിൽ നിന്ന് ജീപ്പിനു കേറി വേണം ഓന്റെ വീട്ടിൽ പോകാൻ.. മൊത്തം മലയോരം.. ഒരു മാതിരി ഇടുക്കി ഒക്കെ പോയ പോലെ.. വീട്ടിലെത്തിയപ്പോ രസമാണ് ... ഓന്റെ വീട്ടിൽ പോയിട്ടാണെലോ  പ്രാഡോ ഓടിക്കുകയും ചെയ്തു "

പ്രാഡോ എന്ന് കേട്ടതും സുഭാഷേട്ടൻ ഞെട്ടി - " എന്ത് ? പ്രാഡോയോ? കേരളത്തിൽ ആകപ്പാടെ ഇതുവരെ 120  പ്രാഡോയെ ഇറങ്ങിയിട്ടുള്ളു.. അതിൽ ഒന്ന് അമലിന്റെ വീട്ടിലാണോ .. ഭയങ്കരൻ... നീയും ഭാഗ്യമുള്ളവനാടാ .. ഒന്നൂല്ലേലും നിനക്ക്  പ്രാഡോ  ഓടിക്കാൻ പറ്റിയല്ലോ !!!!"

പ്രാഡോ എന്നുള്ളത് പട്ടിയുടെ പേരാണ് എന്നും , ആ പട്ടി തന്നെ ആണ് ഓടിച്ചതെന്നും രാജാവ്  പറഞ്ഞപ്പോ ഈ കഥകളെല്ലാം കേട്ടുകൊണ്ടിരുന്ന എന്റെ മുതുകത്തു  സുഭാഷേട്ടൻ  ഒരു അടി - " കണ്ട ചാവാലി പട്ടിക്ക് പ്രാഡോ എന്ന് പേരും ഇട്ടു ഓരോ ശവങ്ങള്  ; ഇനി മേലാൽ കണ്ടു പോകരുത് നിന്നെ ഈ ടെറിട്ടറിയിൽ"

അടുത്ത ആഴ്ച തന്നെ പട്ടിയുടെ  പ്രാഡോ എന്നുള്ള പേര് ഞാൻ മാറ്റി.. ഇപ്പൊ ഞങ്ങൾ അവനെ മെഴ്‌സിഡസ് ബെൻസ് S- ക്ലാസ് എന്നാ വിളിക്കുന്നെ !!!!

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...