Friday 23 August 2019

കഥാകൃത്ത്

ഫേസ്ബുക്കിലെ ചളി കഥകൾ വായിച്ചിട്ടു കുറെ പേര് എന്നോട് ചോദിച്ചിരുന്നു.. ഈ എഴുതുന്ന വളിപ്പൊക്കെ കൂട്ടി വെച്ച് ഒരു പുസ്‌തകമാക്കി ഇറക്കിക്കൂടെ എന്ന്... കൂട്ടുകാരുടെ അടുത്ത് നിന്നും , പല തവണ ഇത്തരം അനാവശ്യ പ്രോത്സാഹനം കിട്ടിയപ്പോൾ ഞാനും കരുതി , എന്നാൽ ഒരു തകഴിയോ  , എം  ടിയോ,  ചുരുങ്ങിയത് ഒരു ശ്രീനിവാസാണെങ്കിലും ആയിട്ട് തന്നെ ബാക്കി കാര്യം എന്ന്..

ബൂക്കിറക്കാൻ ഒരു പബ്ലിഷർ വേണം.. പരിചയത്തിൽ ആണേൽ ആരും ഇല്ല താനും.. നെറ്റിൽ പരതിയപ്പോൾ കുറെ ലിസ്റ്റ് കിട്ടി.. മാതൃഭൂമി ബുക്ക്സ് , ഡി സി ബുക്ക്സ് , മനോരമ ബുക്ക്സ് , ഒലീവ് പബ്ലിക്കേഷൻസ് .. അങ്ങനെ കുറെ എണ്ണം.. ഞാൻ എപ്പോളും നാട്ടിൽ ഇല്ലാത്തതു കൊണ്ട് , പബ്ലിഷർമാരോട് സംസാരിക്കാൻ അപ്പനെയും ഏല്പിച്ചു..

വൈകുന്നേരം ആയപ്പൊളേക്കും അപ്പന്റെ വാട്സാപ്പ് മെസ്സേജ് എത്തി  - " പബ്ലിഷർ സെറ്റ് ആയി "

ആഹാ.. അത് കൊള്ളാലോ.. എന്റെ എഴുത്തുകുത്തിന്റെ ഒരു ഡ്രാഫ്റ്റ് കോപ്പി പോലും കാണാതെ പബ്ലിഷറെ ഒപ്പിച്ച അപ്പനെ ഓർത്തു എനിക്ക് അഭിമാനം തോന്നി..

"ആരാ അപ്പാ ടീമ്സ്.. ഡി സി ബുക്ക്സ് ആണോ ? അതോ ഒലീവ് പബ്ലിക്കേഷനോ ?" - എന്റെ ആകാംഷ മൂത്തു

"അതൊന്നും അല്ലേടാ .. അവരെക്കാൾ പഴയ ടീമാ.. തട്ടാങ്കണ്ടി ബുക്ക്സ് .. പോരാത്തതിന് ഇവരുടെ മാർക്കറ്റിംഗ് വിങ് , ഈ മാതൃഭൂമിയേക്കാൾ ഒക്കെ  സ്ട്രോങ്ങാ " - അപ്പൻ മൊഴിഞ്ഞു

തട്ടാങ്കണ്ടിയോ ? ആ എന്ത് മാങ്ങാണ്ടി എങ്കിലും ആകട്ടെ .. പബ്ലിഷറെ കിട്ടിയല്ലോ .. സമാധാനമായി.. അല്ല ഈ റോയൽറ്റി ഇനത്തിൽ എത്ര കിട്ടുമായിരിക്കും...  ആവോ അറിയാൻ പാടില്ല.. എന്നാലും കിട്ടാൻ പോകുന്ന കാശിനെയും , വരാൻ പോകുന്ന പ്രശസ്തിയെയും ഓർത്തു  ഞാൻ മനക്കോട്ട കെട്ടാൻ തുടങ്ങി..

എന്റെ മനക്കോട്ട അങ്ങ്   മാനത്തോളം ഉയർന്നു .. ആ കോട്ട ആറ്റം ബോംബ് ഇട്ടു  തകർത്തുകൊണ്ട് അപ്പന്റെ ശബ്ദം എന്റെ കർണ പടങ്ങളിൽ പതിച്ചു..

" തട്ടാങ്കണ്ടി നാണു എന്റെ ഒരു പഴയ ദോസ്താ.. അവര് പഴയ പ്രിന്റിങ്ങും, ബുക്ക് ബൈൻഡിങ്ങും പരിപാടിയും ഒക്കെ നിർത്തി .., ഇപ്പൊ നെറ്റ് കഫെയും  , ഡി ടി പി യും , ഫോട്ടോസ്റ്റാറ്റും ഒക്കെയാ.. ബുക്ക് ഒന്നിന് 80  രൂപയുടെ തോതിൽ അവര് അടിച്ചു തരും.. കുറ്റിയാടി സ്റ്റാൻഡിൽ, ബസിൽ കേറി   വിൽക്കാനുള്ള ബംഗാളികളെയും അവൻ സെറ്റാക്കും.. ബംഗാളി ഒന്നിന്  ഉച്ചവരെ 500 രൂപ  .. എത്ര കോപ്പി വേണമെന്നാ ഞാൻ അവനോടു പറയേണ്ടേ ? "

എന്റെ നാട്ടിലെ ബസ്റ്റാന്റിൽ , സ്വർണലിപികളിൽ  ഞാനെഴുതിയ വളിപ്പുകൾ  , അച്ചര പുഢതയില്ലാത്ത  ഒട്ടുമില്ലാത്ത  ബംഗാളികള് , അതും ഞാൻ അങ്ങോട്ട് ദിവസക്കൂലി  കൊടുത്തു  , "സേട്ടാ നൂറു  റൂപ - നൂറു  റൂപ " എന്നും പറഞ്ഞു വിൽക്കുന്ന കാര്യം ആലോചിച്ചപ്പോൾ , തല്ക്കാലം എം ടി ആവാനുള്ള ആഗ്രഹം ഞാൻ അങ്ങ് തല്ലിക്കെടുത്തി..

വെറുതെ ബംഗാളികളുടെ ഇടയിൽ കൂടി നാറാനായിട്ടു ഓരോ പരിപാടികളെ ...

Thursday 8 August 2019

പുട്ടും മുട്ടേം

എനിക്ക് പരിചയമുള്ള  കുഴിമടിയന്മാരുടെ ലിസ്റ്റെടുത്താൽ അതിൽ ഒന്നാം സ്ഥാനം എനിക്ക് തന്നെ ആവും കിട്ടുക .. രാവിലെ  അലാറം അടിച്ചാൽ ഓഫാക്കാൻ മടി.. ഉറക്കം പോയാലും കട്ടിലിൽ നിന്ന് എണീക്കാൻ മടി .. എണീറ്റാൽ തന്നെ പല്ലു തേക്കാൻ മടി..  കുളിക്കാൻ മടി.. ജോലിക്കു പോകാൻ മടി.. അലക്കാൻ മടി.. നടക്കാൻ മടി.. അങ്ങനെ പല പല മടികൾ.. പക്ഷെ തിന്നാൽ മാത്രം ഒരു മടിയും ഇല്ല .. തീറ്റ കൂടുകയും , പല്ലുതേപ്പ് കുറയുകയും ചെയ്ത കാരണം  , എന്റെ ഒരുമാതിരി പെട്ട പല്ലെല്ലാം  പുഴുപ്പല്ലായി മാറിയിരിക്കുന്നു..

അങ്ങനെ വളഞ്ഞു വളഞ്ഞു, ചുറ്റി തിരിഞ്ഞു,   ഒടുവിൽ ഞാൻ കഥയുടെ ടോപ്പിക്കിൽ എത്തിയിരിക്കുന്നു .. അതെ,  ഇന്നത്തെ ചിന്താവിഷയം  "പുഴുപ്പല്ലാണ്" ..

എന്റെ  പുഴുപ്പല്ലെന്നു പറയുമ്പോൾ അങ്ങനെ ചെറിയ സെറ്റപ്പൊന്നും അല്ല .. ഞാൻ കഴിക്കുന്ന ഫുഡിന്റെ പകുതിയും എന്റെ അണപല്ലാണ്  എടുക്കുന്നത്.. ഉദാഹരണത്തിന് , ഒരു നിലക്കടല എടുത്തു ചാവക്കാൻ നോക്കിയാൽ , അത് നേരെ അണ പല്ലിന്റെ ഓട്ടയിലേക്കു പോവും ; രണ്ടാമത്തെ നിലക്കടല മുതൽക്കേ എന്റെ വയറ്റിലേക്ക് പോവൂ.. കശുവണ്ടി ആണേലും , ബീഫിന്റെ കഷ്ണമാണേലും എല്ലാം ഇത് തന്നെ അവസ്ഥ.. ഗണപതിക്ക്‌ കൊടുക്കുന്നപോലെ , ആദ്യത്തെ ഗഡു പുഴുപ്പല്ല് കൊണ്ടുപോകും...

പല്ലുവേദന കൂടിയപ്പോൾ ആണ് ഒരു ഡെന്റിസ്റ്റിന്റെ അടുത്തേക്ക് വെച്ച് പിടിച്ചത്.. ഭാര്യയുടെ കൂട്ടുകാരി ആണ് ആണ് ഡോക്ടർ .. .. ഒരു പല്ലു പറിക്കാൻ പോലും ആരോഗ്യം ഇല്ലാത്ത ഒരു കൃശഗാത്ര  .. എന്നാലോ  എല്ലാ ഡെന്റിസ്റ്റുകളെയും പോലെ വാ തോരാതെ സംസാരിക്കുന്ന ഒരു മനുഷ്യസ്ത്രീ ..

മൂപ്പര് എന്നെ ചാര് കസേരയിൽ പിടിച്ചു കിടത്തി.. ഉറ ഇട്ട കൈ കൊണ്ട്  തള്ളി തുറന്നു പിടിച്ച വായിൽ , കൊടില് പോലത്തെ എന്തോ കുന്ത്രാണ്ടം ഇട്ടു ഡോക്ടർ തകൃതി പരിശോധന തുടങ്ങി ..

"പല്ലൊക്കെ മൊത്തം അബദ്ധമാണല്ലോ .. അണപ്പല്ല് നാലും പോക്കാ .. റൂട്ട് കനാൽ ചെയ്യേണ്ടി വരും .." - ഡോക്ടറത്തി മൊഴിഞ്ഞു

എന്തുവേണേലും ആയിക്കോ എന്ന് ഞാൻ കണ്ണ് കൊണ്ട് കഥകളി കാട്ടി..

പരിശോധന തുടരുന്നതിനിടെ  മൂപ്പര് എന്നോട് ഒരു ചോദ്യം  - "രാവിലെ പുട്ടും , മുട്ടക്കറിയിം ആയിരുന്നോ" ?

ഇതിപ്പോ എന്താ സംഭവം .. ഒരു ഐഡിയയും ഇല്ലല്ലോ .. ഇപ്പോളത്തെ ഡോക്ടര്മാര്  പ്രവചിക്കാനും തുടങ്ങിയോ.. ഞാൻ മൂപ്പരെ കണ്ണ് മിഴിച്ചു നോക്കി ..

അപ്പോൾ ഡോക്ടർ  ,  തന്റെ കൊടിലിന്റെ അറ്റത്തു ഇരിക്കുന്ന  ഒരു തേങ്ങാ പീര കാട്ടിക്കൊണ്ടു പറഞ്ഞു  - "ഇങ്ങളെ  അണപ്പലിന്റെ കിഴുത്തെന്നു കിട്ടിയതാ"

ഡോക്ടർ ഒരു വിക്രീള ഭാവത്തിൽ എന്നെ നോക്കി.. എന്റെ വൃത്തിയില്ലായ്മയെ നല്ലതുപോലെ വിമർശിച്ചു.. എങ്ങനെ ഭംഗിയായി പല്ലു തേക്കണമെന്നു പറഞ്ഞു തന്നു.. സംസാരത്തിനിടക്ക് തന്നെ റൂട്ട് കനാലിന്റെ, ആദ്യഭാഗമായ പല്ലൊക്കെ തുരക്കലും, ക്യാവിറ്റി നീക്കം ചെയ്യലും ഒക്കെ കഴിഞ്ഞു..

"ഇന്നത്തെ പരിപാടി ഒക്കെ കഴിഞ്ഞു ; ഇനി നാളെ വരണം" - ഡോക്ടർ മൊഴിഞ്ഞു

ഞാൻ : "ഡോക്ടറെ , ഒരു കാര്യം  പറയാനുണ്ട് "

ഡോക്ടർ : "എന്താ, മറ്റേ തേങ്ങാ പീരയുടെ കാര്യമാണോ..?"

"ഉം .. " ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

ഡോക്ടർ മൊഴിഞ്ഞു : "ഞാൻ നീതുനോടൊന്നും പറയൂല്ല... അല്ലേയ്, പറയുന്ന എനിക്കില്ലേ ഒരു നാണം "

ദന്താശുപത്രിയിൽ നിന്നും ഇറങ്ങുമ്പോളും ഡോക്ടറത്തി എന്നെ നോക്കി പുച്ഛ ഭാവത്തിൽ ചിരിക്കുന്നുണ്ടായിരുന്നു.... 

 പക്ഷെ, പല്ലിനിടയിൽ നിന്നും കിട്ടിയ  വെറുമൊരു തേങ്ങാപ്പീര വെച്ച് എന്റെ ബ്രേക്‌ഫാസ്‌റ്  എന്തായിരിക്കുമെന്ന് ഊഹിച്ചെടുത്ത ഡോക്ടറോട്  എനിക്ക്  സഹതാപം മാത്രമേ തോന്നിയുള്ളൂ..  കാരണം  മൂപ്പത്തിക്ക്  പല്ലിനിടിൽനിന്നു കിട്ടിയ പുട്ടും മുട്ടേം , ഞാൻ രാവിലെ  കഴിച്ചതിന്റെതല്ലായിരുന്നു ... തലേന്ന് രാത്രി തിന്നതിന്റേതായിരുന്നു..  നമ്മളാരാ മൊതല്....

#അമലിന്റെ_തള്ളലുകൾ  
#ടിന്റുമോൻ_ലോജിക് 

Monday 17 June 2019

ക്രൊയേഷ്യ

ഗൾഫ് രാജ്യങ്ങളിലെ ഷെയറിങ് റൂമുകൾ ഒരു സംഭവമാണ് .. ആദ്യ കാലത്തു ഞാൻ എത്തിപ്പെട്ട ഒരു ഷെയറിങ് റൂമും ഇത്തരത്തിൽ ഉള്ള ഒന്നാണ്  .. ഇന്ത്യക്കാരെങ്കിലും  വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവർ , പല ഭാഷകൾ സംസാരിക്കുന്നവർ, ചപ്പാത്തി മാത്രം തിന്നുന്നവർ..  .. ആഴ്ചയിൽ ഒന്ന് മാത്രം കുളിക്കുന്നവർ.. കുളിക്കുകയെ ചെയ്യാത്തവർ.. അങ്ങനെ അങ്ങനെ പല തരം ആളുകൾ .. നാനാത്വത്തിൽ ഏകത്വം എന്നാൽ എന്താണെന്ന് ഇത്തരം ഒരു റൂമിൽ നിന്നാൽ പിടി കിട്ടും..

അത്യാവശ്യം ഹിന്ദി അറിയാമെങ്കിൽ ഇങ്ങനുള്ള റൂമുകളിൽ  പിടിച്ചുനിൽക്കാം.. ഹിന്ദി അറിയില്ലെങ്കിലും ഒന്നും പേടിക്കാനില്ല.. ഒരു മാസംകൊണ്ട് ഹിന്ദി പഠിച്ചോളും.. സ്കൂളിൽ 12  വര്ഷം പഠിച്ചതിനേക്കാൾ നല്ല വൃത്തിയുള്ള ഹിന്ദി..

 ചരുക്കം ചില മലയാളികൾ  ആവട്ടെ  ഗതികേട് കൊണ്ട്  ചിലപ്പോൾ  പച്ചകളുടെയും  ( പട്ടാണികൾ - പഷ്‌തോ ഭാഷ സംസാരിക്കുന്ന പാകിസ്ഥാനികൾ  ), സിംഗളന്മാരുടെയും (ശ്രീലങ്കക്കാർ ) , ബംഗാളികളുടെയും  (ബംഗ്ലാദേശികൾ ) കൂടെ പെടാറുണ്ട്.. അതിൽ ചിലരുടെയെങ്കിലും  അവസ്ഥ സലിം കുമാർ പറയുന്ന പോലെ "ഗുദാ ഗവാ" എന്നാണു..

ഗൾഫിൽ ഇതാണ് അവസ്ഥ എങ്കിൽ യൂറോപ്പിൽ കുറച്ചുകൂടെ ഡാർക്ക് സീനാണ്.... നമ്മുടെ നാട്ടിൽ നിന്നും കുടിയേറുന്നവർ മിക്കവാറും എത്തിപ്പെടുന്നത് വെസ്റ്റേൺ യൂറോപ്പിൽ ആണ്.. സാമ്പത്തികമായി പിന്നോക്കം നിക്കുന്ന മിക്ക ഈസ്റ്റേൺ യൂറോപ്യന്മാരും , വെസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങളായ UK , അയർലണ്ട് , ഫ്രാൻസ് തുടങ്ങിയ വയിലേക്ക് കുടിയേറാറുണ്ട്.. ഇത്തരക്കാർ മിക്കവരും ഇംഗ്ലീഷ് സംസാരിക്കാറില്ല .. ഫ്രഞ്ച് , റഷ്യൻ , ജർമൻ, സ്പാനിഷ് , ഇറ്റാലിയൻ  തുടങ്ങിയവയാണ്  ഇവരുടെ സംസാരഭാഷ.. ഗൾഫിൽ പാക്കിസ്ഥാനികളെയും ബംഗ്ലാദേശികളും കൂടെ നിൽക്കേണ്ടി വരുന്ന ഒരു ശരാശരി മലയാളിയുടേതിനേക്കാൾ ഭീകരമാണ്  ഒരു ഈസ്റ്റേൺ യൂറോപ്യൻറെ കൂടെ താമസിക്കേണ്ടി വരുന്ന ഏതൊരു 
ഏഷ്യക്കാരന്റെയും..

ഇത്തരത്തിൽ ഈസ്റ്റേൺ യൂറോപ്യൻമാർ ഭൂരിഭാഗം ആയുള്ള  ഒരു വീട്ടിലേക്കാണ് ഞാനും എത്തിച്ചേർന്നത്.. വലിയ വീടാണ് .. എട്ടു ബെഡ്റൂമുകൾ ഉള്ള ഒരു പഴയ പ്രേത ബംഗ്ലാവ്.. . ആ വീട്ടിലെ അന്തേവാസികൾ  ഇവരൊക്കെ ആയിരുന്നു  -  അൽബേനിയ  ,ലാത്വിയ ,ക്രൊയേഷ്യ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള  യൂറോപ്യന്മാരും; ബ്രസീൽ , ബൊളീവിയ എന്നി ലാറ്റിൻ അമേരിക്കക്കാരും;  പിന്നെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ഈ പാവം ഞാനും.. "പ്രേമ"-ത്തിലെ  ഗിരിരാജൻ കോഴി പറഞ്ഞപോലെ , എല്ലാവരും ഉണ്ടായിരുന്നെകിലും ഡബ്ലിനിലെ ആ വീട്ടിൽ ഈ രാജകുമാരൻ ഒറ്റക്കായിരുന്നു ..

വീട്ടിലുള്ള എല്ലാവരും ഇംഗ്ലീഷ് പറയുമെങ്കിലും , ക്രോയേഷ്യക്കാരൻ നമുക്ക് മനസ്സിലാകുന്ന ഇംഗ്ലീഷ്  ആണ് പറയുന്നത്.. ഒരുമാതിരി ഇന്ത്യൻ ഇംഗ്ലീഷ്.. ആവശ്യമുള്ളയിടത്തും ഇല്ലാത്തിടത്തും ആള് ഇഷ്ടംപോലെ ഈസും വാസും ഒക്കെ ഇടും.. അതുകൊണ്ടു ആളോട് സംസാരിക്കാൻ സുഖമാണ്..

ക്രോയേഷ്യക്കാരൻ തന്റെ കൂട്ടുകാരന്റെ ഒപ്പമാണ് വീട്ടിൽ  താമസം.. കൂട്ടുകാരനും അവന്റെ നാട്ടുകാരൻ തന്നെ .. ചെമ്പൻ മുടിയുള്ള ഒരു ചുള്ളൻ ചെക്കൻ.. രണ്ടുപേരും കൂടെ ക്രൊയേഷ്യ വിട്ടിട്ടു നാള് കുറെയായി..

ക്രോയേഷ്യക്കാരൻ ആള് ജിമ്മനാണ്.. ഒരു ഗഡാഗഡിയൻ..
ആളുടെ പേര് ഒത്തിരി നീണ്ട ഒന്നാണ്.. "പെറോസ്ലാവ് ഗോർഡ ബ്ലാക്ക്". ഓർമയിൽ പേര് നിക്കാത്തതു കൊണ്ട് കുറെ തവണ ഞാൻ അവനോടു പേര് ചോദിച്ചു.. ഒടുവിൽ മൂപ്പര് എന്നോട് പറഞ്ഞു  - "യു ക്യാൻ കോൾ മി പറി.. ദാറ്റ് വിൽ ബി ഈസിയർ ടു റിമെംബേർ".

പറി.. നല്ല പേര്.. മുട്ടൻ തെറിയായത് കൊണ്ട്  ഒരു മലയാളി  ഒരിക്കലും മറക്കാത്ത പേര്

ഒരു ഞായറാഴ്ച ദിവസം.... ജോസ് പ്രകാശ് ഇടുന്ന പോലത്തെ ഒരു വലിയ വവ്വാൽ ഉടുപ്പും ഇട്ടു നമ്മുടെ തെറി പേരുകാരൻ  വരാന്തയിലൂടെ ഉലാത്തുകയായിരുന്നു.. ഞാൻ മൂപ്പർക്ക് ഒരു ഗുഡ് മോർണിംഗ് പാസ്സാക്കി.. തിരിച്ചും കിട്ടി ഒരു ഗുഡ്മോർണിംഗ്..

"വേർ  ഈസ് യുവർ HANDSOME  ഫ്രണ്ട് "?
തന്റെ ചുള്ളൻ കൂട്ടുകാരനെവിടെ എന്ന് വെറുതെ കുശലം  ചോദിച്ചതാണ് ... പക്ഷെ  ആളുടെ മുഖം മാറി..

എന്നോട് തോന്ന്യവാസം പറയരുതെന്നായി ആശാൻ..

പടച്ചോനെ.. ഇതിലെന്തു തോന്ന്യവാസം.. ഒരു ഐഡിയയും കിട്ടുന്നില്ലല്ലോ.. ഇനി HANDSOME എന്നുള്ളത് ക്രൊയേഷ്യൻ ഭാഷയിൽ വല്ല തെറിയുമാണോ .. ചിലപ്പോൾ ആയേക്കാം .. കാരണം അവന്റെ പേര് എന്റെ നാട്ടിലെ തെറിയാണല്ലോ..സാധ്യത ഇല്ലാതില്ല.. നിമിഷങ്ങൾക്കുള്ളിൽ എന്റെ ചിന്ത കാട് കേറി

"ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരായി കുടുംബമായി ജീവിക്കുകയാണ്..  എന്റെ ഭർത്താവിനെ കുറിച്ച് നിങ്ങൾ പറയുന്ന കമന്റുകൾ എനിക്ക് ഡിസ്റ്റർബിങ് ആണ്.." - ക്രൊയേഷ്യക്കാരൻ മൊഴിഞ്ഞു..

ഭർത്താവ് ? ഭാര്യ ? കുടുംബം ?
ഈശ്വര.. ഡബ്ലിനിലെ കുണ്ടന്നൂരാണോ ഞാൻ വന്നു പെട്ടത് ..

ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ ക്രൊയേഷ്യക്കാരനോട് പറഞ്ഞു ..

"സോറി ..നിങ്ങൾ ഗേ പാർട്നെർസ് ആയിരുന്നു എന്നറിയില്ലായിരുന്നു.. എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചെങ്കിൽ മാപ്പു.."

മൂപ്പർക്ക് എന്റെ  കയ്യിലെ വിവാഹ മോതിരം കാണിച്ചു.. ഭാര്യയുടെയും മോൾടേം ഫോട്ടോ കാണിച്ചു..

തല്ക്കാലം കുണ്ടന്നൂർക്കു ടിക്കറ്റ് എടുക്കാൻ താത്പര്യമില്ലെന്ന്  മൂകമായ ഭാഷയിൽ ഞാൻ ക്രൊയേഷ്യക്കാരനോട്  പറയാതെ പറഞ്ഞു..

സലിം കുമാർ പറഞ്ഞ മഹത് വചനങ്ങൾ എന്റെ ചെവിയിൽ ആരോ മന്ത്രിച്ചു  " ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും കേടു മുള്ളിനാണേ... മുന ഒടിഞ്ഞു പോവും" .. 

തത്കാലം റിസ്കെടുക്കേണ്ട  എന്റെ ഒരു സ്ഫേറ്റിക്കു ഇറക്കം കുറഞ്ഞ നിക്കർ ഇട്ടോണ്ട് , ക്രൊയേഷ്യക്കാരന്റെ അടുത്തുകൂടെയുള്ള കറക്കം ഞാൻ അങ്ങ് നിർത്തി ..

ശുഭം !!!


Thursday 2 May 2019

കേശവൻ മാമ്മൻ

വാട്സാപ്പ് പ്രചാരത്തിലാവും വളരെ മുമ്പ്,  എസ് എം എസ്  മെസ്സേജിങ് പൊടി പൊടിക്കുന്ന കാലത്തു കേട്ട് തുടങ്ങിയ കഥയാണ്  ഫ്രൂട്ടി കമ്പനിയിലെ എയ്ഡ്സ് ഉള്ള ജീവനക്കാരൻ ഫ്രൂട്ടിയിൽ തന്റെ രക്തം കലർത്തിയിട്ടുണ്ടെന്നും , മേലാൽ ഇനി ഫ്രൂട്ടി കുടിച്ചു പോകരുതെന്നും...

കുറെ വരയും , കോമയും , ഹാഷ് സിംബലും ഒക്കെ  കൊണ്ടുണ്ടാക്കിയ ഒരു ബാറ്റെറിയുടെ ഫോട്ടോ .. അതിനു താഴെ ഡിസൈൻഡ്‌ ബൈ രമേശ് ബിടെക്  എന്ന് ബോൾഡ് അക്ഷരങ്ങളിൽ എഴുതിയിട്ടുമുണ്ട്..  കോൺടാക്ട് ലിസ്റ്റിൽ ഉള്ള 15  പേർക്ക് അയച്ചാൽ ഫോൺ ബാറ്ററി ഓട്ടോമാറ്റിക് ആയി റീചാർജ് ആവും പോലും ...ഈ വാട്സാപ്പ് പോസ്റ്റും ഏകദേശം കുറെ നാൾ ഓടി തഴമ്പിച്ചതാണ്..

കാലാന്തരത്തിൽ ഇത്തരം "ഹോക്സ് " പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരെ  വാട്സാപ്പ് ബുദ്ധിജീവികൾ  "കേശവൻ മാമ്മൻ" എന്ന് വിളിച്ചു തുടങ്ങി..  ട്രോള് ഗ്രൂപുകളിൽ കേശവൻ മാമ്മന്റെ കോമഡികളും നിറഞ്ഞു.. 

ആമുഖം കഴിഞ്ഞു .. ഇനി കാര്യത്തിലേക്കു വരാം..

കഴിഞ്ഞ ദിവസം രാത്രിയിൽ അപ്പന്റെ ഒരു കോൾ..
സിങ്കപ്പൂർ ടി വി എന്തോ വലിയ ഒരു വാർത്ത പുറത്തുവിട്ടത്രേ.. എന്തോ വലിയ ഒരു അപകടം സംഭവിക്കാൻ പോകുന്നു..ഏഷ്യ - ഓഷ്യാനിക് ഭാഗത്തുള്ളവർ ജാഗരൂഗർ ആയിരിക്കണമെന്നും അറിയിപ്പുണ്ട് പോലും ..

ഇൻഡോനേഷ്യ... മിക്കപോലും ഭൂകമ്പങ്ങളും , അഗ്നി പർവത സ്ഫോടനങ്ങളും  ദുരന്തം വിതക്കുന്ന ഒരു സ്ഥലം.. സിങ്കപ്പൂർ എന്ന കൊച്ചു രാജ്യമാവട്ടെ  ഇന്തോനേഷ്യയോട് ചേർന്ന് കിടക്കുന്ന പ്രദേശവും ...  എപ്പോൾ വേണമെങ്കിലും , എന്തും സംഭവിക്കാം .... കഴിഞ്ഞ മഴക്കാലത്തെ കേരളത്തിലെ പ്രളയത്തിന്  ശേഷം , പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള ഏതു മുന്നറിയിപ്പും തെല്ലു പേടിയോടും, എന്നാൽ അതിന്റെ സീരിയസ്നെസോഡും കൂടിയേ  ഞാൻ എടുക്കാറുള്ളൂ ..

രാത്രിയുള്ള ചാച്ചന്റെ കോൾ എന്നെ തെല്ലു പരിഭ്രാന്തിയിലാക്കി..

എന്താണ് കാര്യമെന്ന് തിരക്കിയപ്പോൾ , ഡീറ്റെയിൽസ് ഇപ്പൊ എനിക്ക് ഫോർവേഡ് ചെയ്യാമെന്ന് അപ്പൻ പറഞ്ഞു..

"വൺ  ന്യൂ മെസ്സേജ് ഫ്രം ചാച്ചൻ "  എന്ന നോട്ടിഫിക്കേഷൻ ഫോൺ സ്‌ക്രീനിൽ തെളിഞ്ഞു..  തെല്ലു പേടിയോടെ അപ്പന്റെ വാട്സാപ്പ് മെസേജ് ഞാൻ തുറന്നു..

"ഭൂമിക്കു നാശം വിതക്കുന്ന, വളരെ അപകടകരമായ  കോസ്മിക് രശ്മികൾ ഭൂമിയിലേക്ക് പുറപ്പെട്ടിട്ടുണ്ടത്രെ.. സംശയമുള്ളവർ ഇൻറർനെറ്റിൽ NASA എന്ന് സെർച്ച് ചെയ്യണം..BBC ന്യൂസ് ഈ വാർത്ത സ്ഥിതീകരിച്ചിട്ടുണ്ട് പോലും "

ചാച്ചനോട് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.. അല്ലെങ്കിലും എന്ത് പറയാൻ

മണിച്ചിത്രത്താഴിൽ മോഹൻലാൽ  തിലകനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്   "അങ്ങനെ പതിയെ പതിയെ ഗംഗ നാഗവല്ലിയായി മാറുകയായിരുന്നു "
ചെറിയൊരു തിരുത്തോടെ ഈ ഡയലോഗ്  ഞാൻ എന്നോട്  തന്നെ  പറഞ്ഞു " രാത്രിയുടെ യാമങ്ങളിൽ  പതിയെ പതിയെ , ചാച്ചൻ ഒരു "കേശവൻ മാമ്മനായി" മാറുകയായിരുന്നു "...

Friday 12 April 2019

മോട്ടിവേഷൻ വേണോ മോട്ടിവേഷൻ

ലൊക്കേഷൻ : ഭാര്യാഗൃഹം
നേരം : പുലർച്ചെ
സന്ദർഭം : അളിയന്റെ കല്യാണത്തലേന്ന്
വീട് അടുത്തായതുകൊണ്ടും , മൂത്ത അളിയന്റെ ആദ്യത്തെയും അവസാനത്തെയും കല്യാണമായതു കൊണ്ടും ഞാനും നീതുവും നേരത്തെ എത്തി.. രാവിലെ തന്നെ ഓരോരോ ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലേക്കു എത്തിക്കൊണ്ടിരിക്കുന്നു.. വീട്ടിൽ കാണുന്ന മിക്കവരുടെയും പേര് എനിക്കറിഞ്ഞൂടാ ... പലരേം ഞാൻ ആദ്യമായി കാണുവാണ്.. എന്നാൽ ആ ജ്യാള്യത പുറത്തു കാണിക്കാനും മേല.. എന്റെ മുഖത്തെ ആ വിക്രീള ഭാവം മനസ്സിലാക്കിയിട്ടാവണം നീതു പലരെയും വീണ്ടും വീണ്ടും പരിചയപ്പെടുത്തി തന്നു... റോസമ്മയാന്റി , മേരിയാന്റി , ആശിഷ് ചേട്ടൻ , സുരേഷേട്ടൻ ...ആ ചേട്ടൻ , ഈ ചേട്ടൻ , ആ ആന്റി , ഈ അങ്കിൾ ലിസ്റ്റു അങ്ങനെ നീണ്ടു നീണ്ടു പോയിക്കൊണ്ടേ ഇരുന്നു ...
അതിൽ റോസമ്മയാന്റി വേഗം കമ്പനി ആയി ...ആളൊരു കട്ട ലാലേട്ടൻ ഫാൻ ആണ് .. കല്യാണത്തിനായി നാട്ടിലേക്ക് വരുന്ന വഴി ലാലേട്ടനെ കണ്ട കഥയും , ലാലേട്ടനൊപ്പമുള്ള ഫോട്ടോയും ഒക്കെ കാണിച്ചു ആന്റിയെ ഞാൻ കയ്യിലെടുത്തു ..
റോസമ്മന്റി ഇത്തിരി കൗതുകം കൂടുതലുള്ള ആളാണ് .. എന്ത് കാര്യം കേട്ടാലും വീണ്ടും വീണ്ടു ചൂഴ്ന്നു ചോദിക്കുന്ന പ്രകൃതം ..
"മോനെ മോഹൻലാലിന് ശെരിക്കും അത്രേം വെളുപ്പുണ്ടോ" ?
"പ്ലെയിനിൽ കേറിയപ്പോളും ആള് മുണ്ടാണോ ഉടുത്തത്.."?
"മോഹൻലാലിന് സുചിത്രേടെ അത്രേം തടിയുണ്ടോ" ?
ആന്റിയുടെ സംശയങ്ങൾ ഒരു അന്തവും കുന്തവും ഇല്ലാതെ നീണ്ടു പോയിക്കൊണ്ടിരുന്നു..
നീതു വീണ്ടും വീണ്ടും ഓരോരോ ബന്ധുക്കളെ എനിക്ക് പരിചയപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു..
ഈ സീനിൽ നിന്നും ഒന്ന് രക്ഷപ്പെടാൻ വേണ്ടി ആണ് അടുക്കളയിലേക്കു പോയത് .. അവിടെ ആണേൽ രണ്ടു മൂന്നു ചേച്ചിമാർ ഇരുന്നു തേങ്ങാ ചിരവുന്നുണ്ട്.. അതിൽ സാവിത്രിചേച്ചിയെ മാത്രം അറിയാം.. ആള് സ്ഥിരം സഹായത്തിനായി വീട്ടിൽ വരാറുണ്ട് .. മറ്റു രണ്ടുപേരും എനിക്ക് പുതിയ ആളുകളാണ് ... വീട്ടിലെ ആകെപ്പാടെ ഉള്ള മരുമോനല്ലേ.. എല്ലാരോടും കറച്ചുനേരം കത്തി വെച്ചേക്കാം എന്ന് കരുതി ചേച്ചിമാരുടെ കൂടെ തേങ്ങാ ചിരവാൻ ഞാനും കൂടി..
എന്റെ മണ്ടൻ കളി കണ്ടു അടുക്കളയിലെ ചേച്ചിമാർ എല്ലാരും മുഖത്തോടു മുഖം നോക്കി ചിരി..
"ചേച്ചിമാരുടെ പേരെങ്ങാനാ ? ഇവിടടുത്താനോ വീട് ?" - ഞാൻ വളവളാണ് സംസാരിക്കാൻ തുടങ്ങി.. ഞാൻ കാണുന്ന പോലെ ഭീകരൻ അല്ലെന്നു മനസ്സിലായിട്ടാവണം , ചേച്ചിമാരും വേഗം കമ്പനി ആയി ,,
എന്നാൽ കൂടി നിന്ന ചേച്ചിമാരിൽ ഒരാൾ മാത്രം എന്റെ ചോദ്യങ്ങൾക്കു മറുപടി തരുന്നുമില്ല , ഞാൻ പറയുന്ന വളിപ്പ് കേട്ട് ചിരിക്കുന്നുമില്ല ..
"അതെന്ന സാവിത്രിചേച്ചിയെ , ഈ ചേച്ചി മാത്രം പേര് പറയാത്തെ, നാണമാണോ "?
എന്റെ ചോദ്യത്തിന് ആദ്യമായി ആ ചേച്ചി മറുപടി പറഞ്ഞു '
"അതല്ല മോനെ ..എന്റെ പേര് കേൾക്കാൻ കൊള്ളൂല്ല .. നന്നില്ലാത്ത പേരാണ് "
ആദ്യമായാണ് ഒരാൾ എന്നോട് അങ്ങനെ പറയുന്നത്
പേര് ചോദിച്ചപ്പോൾ , വിചിത്രമായ മറുപടി
"ചേച്ചിടെ പേര് കൊള്ളില്ലെന്നു ആര് പറഞ്ഞു ? ഞാൻ ചേച്ചിടെ പേരൊന്നു കേട്ട് നോക്കട്ടെ .. എന്നിട്ടല്ലേ തീരുമാനിക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന് .." - ഞാൻ പറഞ്ഞു
കുറെ തവണ നിർബന്ധിച്ചപ്പോൾ മനസില്ല മനസോടെ ആ ചേച്ചി പറഞ്ഞു '"ഞാൻ പൊക്കി "
ഇത് പറയാനാണോ ചേച്ചി ഇത്രേം ബുദ്ധിമുട്ടിയെ ? ഇത് നല്ല പേരല്ലേ .. പൊക്കി ചേച്ചി ..
"അതല്ല മോനെ.. എല്ലാരും എന്നെ കളിയാക്കും.. ആരാ ഈ പേര് ഇട്ടെന്ന് ചോദിക്കും.. ആദ്യമാദ്യമൊക്കെ ഞാൻ എല്ലാരോടും പേര് പറയുവായിരുന്നു .. ഇപ്പൊ മടുപ്പാണ്.. ഞാൻ എന്നെ തന്നെ വെറുത്തുപോയി ... ആളുകളുടെ കളിയാക്കലുകൾ .."
പൊക്കി ചേച്ചി ആകെ സെന്റി ആയി.. പൊക്കി ചേച്ചി പറയുന്നതെല്ലാം സത്യമാണെന്നു സാവിത്രിചേച്ചിയും പറഞ്ഞു.. രാവിലെ തന്നെ ഒരാളുടെ മൂട് കളഞ്ഞല്ലോ എന്ന് ഓർത്തു എനിക്കും സങ്കടമായി ..
തേങ്ങകൾ കുറെ ചിരവി തീരാൻ ഉണ്ട് .. എനിക്ക് വേറെ പ്രതേയ്കിച്ചു പണിയും ഇല്ല .. ഒരാളുടെ പേര് മാത്രം കാരണം അയാൾ ഡി-മോട്ടിവേറ്റഡ് ആവാൻ പാടില്ലെന്ന് ഞാൻ ആ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ തീരുമാനിച്ചു ..
"എന്റെ പൊന്നു പൊക്കി ചേച്ചിയെ ... പൊക്കൻ, ചോയി, ആണ്ടി എന്നൊക്കെ പേരുള്ള ഒരു പത്തു പേരെയെങ്കിലും എനിക്കറിയാം.. ഒരു പൊക്കൻ ചേട്ടൻ എന്റെ അയൽവാസി കൂടി ആയിരുന്നു ...അവരാരും ആ പേരിനു ഒരു കുറ്റവും കാണുന്നില്ല.. ആ പേര് പറയ്യാൻ അവർക്കൊക്കെ അഭിമാനമാണ് ... നാട്ടുകാര് എന്തേലും പറയട്ടെ .. നമ്മുടെ കാഴ്ചപ്പാടാണ് എല്ലാം തീരുമാനിക്കുന്നത് .. നല്ലതും ചീത്തയും എല്ലാം.. നമ്മൾക്ക് നമ്മളെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും പറ്റിയില്ലെങ്കിൽ , മറ്റുള്ളവരെ എങ്ങനെ ഇഷ്ടപ്പെടാൻ പറ്റും.. ചേച്ചിയുടെ പേര് നല്ല പേരാണ് .. ചേച്ചിയെ പോലെ തന്നെ നല്ല സുന്ദരമായ പേര് .."
പിന്നെയും ഞാൻ എന്തൊക്കെയോ പറഞ്ഞു ..
പൊക്കി ചേച്ചി സങ്കടം ഒക്കെ മറന്നു വരുന്നു ..
എന്റെ ചളി വിറ്റുകൾക്കു ചിരിക്കാനും തുടങ്ങി ..
തേങ്ങാ ചിരവൽ പുരോഗമിക്കുന്നു ..
ചിരട്ടകൾ കുമിഞ്ഞു കൂടുന്നു..
അപ്പോളാണ് കൗതുകക്കാരി റോസമ്മയാന്റി അടുക്കളയിലേക്കു വന്നത്..
ആളും ഞങ്ങളുടെ കൂടി തേങ്ങാ ചിരവൽ ടീമിൽ കൂടി.. പൊതുവെ മൗനിയായ പൊക്കിചേച്ചിയെ ആന്റി നോട്ടമിട്ടു
"എന്നാ പറ്റി ? ഒരു സന്തോഷമൊന്നും ഇല്ലാത്തെ? " - റോസമ്മയാന്റി പൊക്കിചേച്ചിയോടു ആരാഞ്ഞു ..
ആന്റിയുടെ സാന്നിധ്യത്തിൽ ചേച്ചിയെ ഒന്നൂടെ മോട്ടിവേറ്റ് ചെയ്തേക്കാം എന്ന് ഞാനും കരുതി..
കേട്ടോ ആന്റി.. ഈ ചേച്ചിയുടെ പേര് നല്ല ഭംഗിയുള്ള ഒരു പേരാണ്.. .. കാരണവന്മാർ ഇട്ട പേരാണ് ...പക്ഷെ ചേച്ചിക്ക് ആ പേര് ഇഷ്ടമില്ല
കൗതുകം കൂടിയ ആന്റി ചേച്ചിയോട് പേര് ആരാഞ്ഞു ..
"പൊക്കി... എന്റെ പേര് പോക്കിന്നാണ് ചേടത്തി" - പതിഞ്ഞ സ്വരത്തിലാണേലും , അഭിമാനത്തോടെ ചേച്ചി പറഞ്ഞു ...
"പൊക്കിയോ ? അയ്യോ ഇതെന്ന ഊള പേരാന്നെ ? ആരാ ഈ പേരിട്ടെ ഗസറ്റി പരസ്യം കൊടുത്തു മാറ്റാൻ മേലായിരുന്നോ ?" - അസ്ഥാനത്തുള്ള കൗതുകക്കാരി ആന്റിയുടെ മറു ചോദ്യം
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതു പോലെ ആയി എന്റെ അവസ്ഥ ..
"ആടിനെന്തു അങ്ങാടി " എന്ന് പറഞ്ഞത് പോലെ ആണ് .. "കൗതുകക്കാരി ആന്റിക്ക് എന്തോന്ന് പൊക്കി ചേച്ചി "
തേങ്ങാ ചിരവൽ പാതി വഴിയിൽ ഉപേക്ഷിച്ചു ഞാൻ സ്ഥലം കാലിയാക്കി.. മോട്ടിവേഷൻ കൊടുത്തു കൊടുത്തു തള്ളി തള്ളി പൊക്കിചേച്ചിയെ ഒരു മലയുടെ മുകളിൽ എത്തിച്ചതായിരുന്നു.. വീണ്ടും ആ പാവത്തിനെ ഒരു പടു കുഴിയിലേക്ക് തള്ളിയിട്ടപോലെ ഒരു ഫീലിംഗ്..
പൊക്കിചേച്ചിയുടെ സാന്നിദ്യം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ അടുക്കള വഴിയുള്ള സഞ്ചാരം ഞാൻ കുറച്ചു ..
കൗതുകക്കാരി ആന്റി വീണ്ടും വീണ്ടും പുതിയ പുതിയ ആളുകളോട് വിശേഷങ്ങൾ അനേഷിച്ചു കൊണ്ടേയിരുന്നു ..
പക്ഷെ ആന്റിയുടെ കമന്റൊന്നും പൊക്കിചേച്ചിയെ തളർത്തിയില്ല .. കല്യാണദിവസങ്ങളിൽ പല തവണ കണ്ടപ്പോളും പൊക്കി ചേച്ചി ഹാപ്പി ആയിരുന്നു ...ചേച്ചി ആരോടും പേര് പറയാതിരുന്നിട്ടില്ല ..ഒരു പക്ഷെ ചേച്ചി ചേച്ചിയെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ടാവാം...
ഹാപ്പിയായ പൊക്കിചേച്ചിയെ കണ്ടപ്പോൾ , ചോക്കലേറ്റു എന്നാ സിനിമേടെ ക്ളൈമാക്സില് ജയസുര്യ പറയുന്ന ഡയലോഗ് ആരോ എന്റെ ചെവിയിൽ പറയുന്ന പോലെ എനിക്ക് തോന്നി..
"ആദ്യമായിട്ടാ എന്റെ നാടകത്തിനു കയ്യടി കിട്ടുന്നത് " എന്ന പോലെ
"ആദ്യമായിട്ടാണ് എന്റെ മോട്ടിവേഷൻ ക്‌ളാസ് കേട്ടിട്ട് ഒരാള് നന്നായതു !!"

Wednesday 3 April 2019

ഒരു ഹോസ്പിറ്റൽ കഥ ...

ഞാൻ ഒരു ഒൻപതിൽ പഠിക്കുന്ന സമയം.. അപ്പന് കലശലായ വയറു വേദന .. വയറു വേദന അസഹനീയമായപ്പോൾ കോഴിക്കോട് നിർമല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. അൾസറിന്റെ ആരംഭം ആണെന്നും കൂടുതൽ അറിയണമെങ്കിൽ എൻഡോസ്കോപ്പി ചെയ്യണമെന്നും ചിറ്റപ്പൻ കൂടെ ആയ ഡോക്ടർ പറഞ്ഞു .. രണ്ടു ദിവസം കഴിഞ്ഞു എൻഡോസ്‌കോപിക്കുള്ള ഡേറ്റും തന്നു..
"എൻഡോ സ്കോപി" ? അപ്പനെന്നെ ഒന്ന് നോക്കി ..
"എൻഡോ സ്കോപി" ..പറഞ്ഞത് പോലെ ഞാനും എവിടേയോ കേട്ട് നല്ല പരിചയമുള്ള വാക്കു .. ഓർത്തപ്പോൾ ഫിസിക്സിൽ പഠിച്ചിട്ടുണ്ട്.. മൊത്തം ആന്തരിക പ്രതിഫലനം അഥവാ "Total Internal Reflection " എന്ന പ്രതിഭാസത്തിന്റെ സാധ്യത ഉപയോഗിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ വഴി മനുഷ്യന്റെ ആന്തരികാവയവങ്ങൾ പരിശോധിക്കുന്ന ഒരു മെഡിക്കൽ എക്സ്ആമിനഷൻ രീതി .. അന്നനാളം വഴി അകത്തെ അവയവങ്ങളുടെ അവസ്ഥ കാണുകയാണ് ഈ രീതിയുടെ ലക്‌ഷ്യം ... അപ്പനോട് എനിക്കുള്ള വിവരം വെച്ച് ഞാൻ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു.. എന്തൊക്കെയോ അറ്റവും മുറിയും മാത്രമേ മൂപ്പർക്ക് മനസ്സിലായുള്ളു..
എൻഡോസ്കോപ്പി എന്ന പേരിൻറെ കാഠിന്യം കൊണ്ടാവാം , ബൈ സ്റ്റാൻഡേർ ആയ എന്നെ അപ്പൻ ഉറങ്ങാൻ സമ്മതിച്ചില്ല.. ഇൻറർനെറ്റിൽ നോക്കി കൂടുതൽ കാര്യങ്ങൾ തപ്പി കണ്ടു പിടിക്ക് എന്നും പറഞ്ഞു അപ്പനെന്നെ അലമ്പാക്കിക്കൊണ്ടിരുന്നു.. 2G കണക്ടിവിറ്റി പോലും ഇല്ലാത്ത കാലത്തു , നോക്കിയയുടെ GPRS ഫോണിൽ ഞാനും അപ്പനും കൂടെ നെറ്റിൽ എൻഡോസ്‌കോപ്പിയെ കുറിച്ച് തിരയാൻ തുടങ്ങി.. ചെറിയ ചൂണ്ട നൂല് പോലുള്ള കുറെ കേബിളുകളുടെ പടം ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞു .. ഫോട്ടോയ്ക്ക് താഴെ "Optical Fiber Cable " എന്നും " Used In Endoscopy " എന്നും കണ്ടു ..
ചാച്ചന് ഒരിത്തിരി സമാധാനമായി ...എന്തോ ചൂണ്ട നൂൽ പോലുള്ള വയറുകൾ കൊണ്ടുള്ള പരിപാടിയാണ്.. പേടിക്കാൻ മാത്രം ഒന്നും ഇല്ല .. എനിക്കും ആശ്വാസമായി.. ഇനി അപ്പന്റെ അലമ്പില്ലാതെ ഉറങ്ങാമല്ലോ..
വിരസമായ ഒരു ദിവസം കൂടെ ഞങ്ങൾ അവിടെ തള്ളി നീക്കി.. സന്ദർശകർ കാണാൻ വരുന്നുണ്ട്.. അമ്മ പകല് മാത്രമേ ഹോസ്പിറ്റലിൽ നിൽക്കുന്നുള്ളൂ ..വിസിറ്റർസ് മിക്കവരും ഓറഞ്ചും മുന്തിരിയും കൊണ്ടുവരുന്നത് കൊണ്ട് , എന്റെ വായ്ക്കും റെസ്റ്റില്ല ..
രാത്രി ആയപ്പോ ഒരു നേഴ്സ് റൂമിലേക്ക് വന്നു.. നാളെ രാവിലെ ചെയ്യാൻ പോകുന്ന എൻഡോ സ്‌കോപ്പിയെ കുറിച്ച് വിവരിക്കുകയും , അത് ചെയ്യാനുള്ള സമ്മത പത്രം രോഗിയുടെ കയ്യിൽ നിന്നും ഒപ്പിട്ടു മേടിക്കുകയും ആണ് ലക്‌ഷ്യം ... പണ്ട് മുതൽക്കേ നല്ലപോലെ നൊണ പറയുന്ന ശീലം ഉള്ളത്കൊണ്ട് , എൻഡോസ്‌കോപ്പിയെക്കുറിച്ചു നെറ്റിൽ തിരഞ്ഞു ഞങ്ങള് പഠിച്ചുവെന്നും , സിസ്റ്റർക്കു എന്തേലും സംശയം ഉണ്ടേൽ ഞങ്ങൾ പറഞ്ഞു തരാമെന്നും ഞാൻ തട്ടി വിട്ടു... അങ്ങനെ ആണെങ്കിൽ തന്റെ ജോലി കുറഞ്ഞല്ലോ എന്നും പറഞ്ഞു സിസ്റ്റർ ആ കൺസെന്റ് ഫോം മാത്രം ഒപ്പിട്ടു വാങ്ങി പോയി .. ഞാനും അപ്പനും അങ്ങനെ വീണ്ടും സൈഡ് ആയി..
നേരം പര പര വെളുക്കുന്നു.. എൻഡോസ്കോപ്പി ചെയ്യുമ്പോൾ ഇടേണ്ട ഉടുപ്പുമായി നഴ്‌സുമാർ റൂമിലേക്ക് വന്നു.. ഓപ്പറേഷൻ തീയറ്ററിൽ തന്നെ ആണ് പോലും എൻഡോസ്‌കോപിയും ചെയ്യുന്നത്.. ഓപ്പറേഷൻ ചെയ്യാൻ കൊണ്ടുപോകുമ്പോൾ ഇടുന്ന അതെ കടും പച്ച നിറത്തിലുള്ള ഉടുപ്പ്..
ഇതൊക്കെ കണ്ടപ്പോൾ എനിക്കും അപ്പനും ഇത്തിരി പേടി ആയി.. എങ്കിലും ഞാൻ അപ്പനെ കൂൾ ആക്കാൻ വേണ്ടി പറഞ്ഞു..
"ചെറിയ ചൂണ്ട നൂല് പോലുള്ള കേബിൾ , വെറും നൈസ് കേബിൾ .. അതിങ്ങനെ വായിൽകൂടെ ഇടും.. അത്രേയുള്ളു "
ഉടുപ്പൊക്കെ ഇട്ടു സ്‌ട്രെച്ചറിൽ കയറ്റി അപ്പനെ ഓപ്പറേഷൻ റൂമിലേക്ക് കൊണ്ട് പോയി .. ചാച്ച എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .. അപ്പോളും ഞാൻ ആശ്വസിപ്പിച്ചു .." ചെറിയെ ചൂണ്ട നൂല് .. അത്രേയേയുള്ളു .. "
അടുത്ത സീൻ ഓപ്പറേഷൻ തീയറ്ററിന്റെ പുറത്തുള്ള വരാന്തയാണ്.. തീയറ്ററിനു അകത്തുള്ള രോഗികളുടെ ബന്ധുക്കൾ ഏറെ ടെൻഷൻ അടിച്ചു പുറത്തു നിൽക്കുന്നു... അവിടെ നിന്നവരിൽ മിക്ക ആളുകളുടെയും ആശ്രിതരെയും ഓപ്പറേഷന് ആണ് കൊണ്ടുപോയിരുന്നത്.. എന്റെ അപ്പന്റെ മാത്രമേ എൻഡോസ്കോപ്പി ഉള്ളു .. എല്ലാ മതസ്ഥരും പ്രാർത്ഥനാപൂർവ്വം , നിശബ്ദമായി ഇരിക്കുന്ന സ്ഥലം.. അത് ഒരുപക്ഷെ ഓപ്പറേഷൻ തീയറ്ററിന്റെ പുറത്തു മാത്രം കാണാൻ പറ്റുന്ന കാഴ്ചയാണ്..
നേരത്തെ കൊണ്ടുപോയ രോഗികളിൽ ആരോ ഒരാളെ പുറത്തേക്കു കൊണ്ട് വരുന്നുണ്ട് .. ആള് മരണപ്പെട്ടിരുന്നു.. കരച്ചിലും ബഹളവുമായി ഓപ്പറേഷൻ തീയറ്റർ പരിസരം ആകെ ശോകം അവസ്ഥയിൽ ആയി .. പുറത്തു കൂടിയിരിക്കുന്ന മറ്റു രോഗികളുടെ ബന്ധുക്കളിലും ഒരു ഭീതി നിഴലാടാൻ തുടങ്ങി..
അപ്പോൾ വളരെ യാദൃശ്ചികമായി എന്റെ നാട്ടുകാരി ഒരു ചേച്ചിയെ ഞാൻ തീയറ്റർ പരിസരത്തു കാണാനിടയായി.. ആള് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ നേഴ്സ് ആണ്.. ചില രോഗികളെ ഹോസ്പിറ്റലുകാർ തന്നെ സ്പെഷ്യലിസ്റ് ചികിത്സക്കായി മറ്റു ഹോസ്പിറ്റലുകളിലേക്കു കൊണ്ടുപോകാറുണ്ടെന്നും , അത്തരം ഒരു രോഗിയോടൊപ്പം വന്നതാണ് താനും എന്ന് ആ നേഴ്സ് ചേച്ചി പറഞ്ഞു.. അപ്പനെ എൻഡോസ്കോപ്പി ചെയ്യാനാണ് അഡ്മിറ്റ് ചെയ്തതെന്ന് പറഞ്ഞപ്പോൾ , വളരെ പഴയ ഒരു എൻഡോസ്കോപ്പി യന്ത്രം ആണ് അവിടെ ഉള്ളതെന്ന് ആ ചേച്ചി പറഞ്ഞു .. ചെറിയ ചൂണ്ട നൂലുകൾ പോലെയുള്ള കേബിളുകൾ ആവും എന്ന് ഞാൻ വിശ്വസിച്ചിരുന്ന സ്ഥാനത്തു രണ്ടിഞ്ചിന്റെ പി വി സി പൈപ് പോലുള്ള ഭീകരൻ ഫൈബർ കേബിളുകളും ആണ് ഉണ്ടാവുക എന്നും ആ സിസ്റ്റർ പറഞ്ഞു തന്നു..
ഈശ്വര അപ്പൻ ...!! ചൂണ്ട നൂല് പ്രതീക്ഷിച്ചു പോയ അപ്പനെ എല്ലാവരും കൂടെ എൻഡോസ്കോപ്പി ചെയ്തി കൊല്ലാക്കൊല ചെയ്തിട്ടുണ്ടാവും..
ടെൻഷൻ അടിച്ചു വരാന്തയിൽ ഇരിക്കുമ്പോൾ , ഓപ്പറേഷൻ തീയേറ്ററിന്റെ വാതിൽ വീണ്ടും തുറന്നു .. ഒരു വീൽ ചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് അപ്പനെ കൊണ്ടുവരുന്നു.. രോഗികളുടെ ബന്ധുക്കൾ എല്ലാവരും എന്നേം അപ്പനേം നോക്കുന്നു.. മൊത്തം നിശബ്ദത.. പെട്ടന്ന് വീൽ ചെയറിൽ നിന്നും അപ്പൻ എന്റെ നേർക്ക് ചാടിക്കൊണ്ടു ഉറക്കെ ആക്രോശിച്ചു " എവിടെയാടാ നിന്റെ ചൂണ്ട നൂൽ .. പി വി സി പൈപ്പിന് പോലും ഇത്രേം വീതി ഉണ്ടാവില്ല .. അവന്റെ അമ്മൂമ്മേടെ ഒരു ചൂണ്ട നൂലും ഫിസിക്‌സും "
ഇത്രേംപറഞ്ഞു വീൽ ചെയറിൽ വീണ്ടും കയറിയിരുന്നു അപ്പൻ റൂമിലേക്ക് പോയി ..
കഥ മൊത്തം അറിയാതെ ആട്ടം കണ്ടു കൊണ്ടിരുന്ന കുറെ പേര് ഓപ്പറേഷൻ തിയറ്ററിനു പുറത്തുണ്ടായിരുന്നു..
അതിൽ ഒരു അമ്മൂമ്മ എന്റെ അടുത്ത് വന്നു അപ്പന്റെ വീല്ചെയറിനെ ചൂണ്ടിക്കൊണ്ട് പറയുവാ - " അന്റെ അച്ഛൻ എന്തൊരു ജീവിയാടോ .. മൂപ്പര് മനുഷ്യൻ തന്നെ ആണോ .. ഓന്റെ ഓപ്പറേഷൻ കഴിഞ്ഞു ഒരു പത്തു മിനിട്ടു അല്ലെ ആയിട്ടുണ്ടാവൂ ... നോക്ക് .. പയറു മണി പോലെ അല്ലെ തെറിച്ചു തെറിച്ചു പോകുന്നത് "
അപ്പന്റേതു ഓപ്പറേഷൻ അല്ല, എൻഡോസ്കോപ്പി ആണ് കഴിഞ്ഞതെന്ന് എന്നും പറഞ്ഞു ആ അമ്മൂമ്മേനെ തിരുത്താൻ ഞാനും നിന്നില്ല.. കുറച്ചു പേരെങ്കിലും വിചാരിക്കട്ടെ , എന്റെ അപ്പൻ ഓപ്പറേഷൻ കഴിഞ്ഞു തീയറ്ററിൽ നിന്നും ഇറങ്ങി ഓടിയ ഒരു മഹാനാണെന്ന്.. 🤪🤪

Tuesday 19 March 2019

ഒരു "ഡി-അഡിക്ഷൻ" കഥ

ഇത്തവണത്തെ കഥ ഒരു ഡി അഡിക്ഷൻ സെന്ററിനെ കുറിച്ചാണ് .. സിമ്പിളായി പറയണമെങ്കിൽ , പാവാട എന്ന സിനിമയിൽ പൃഥ്വിരാജിനെയും അനൂപ് മേനോനെയും പിടിച്ചു കെട്ടി കൊണ്ട് പോകുന്ന സ്ഥലം .. .അമിതമായ മദ്യപാന ആസക്തി ഉള്ളവരെ  ചികിൽസിച്ചു , അവരുടെ വെള്ളമടി നിർത്തിക്കുന്ന മഹത്തായ ഒരു സ്ഥാപനം ..

സാമാന്യം തെറ്റില്ലാത്ത രീതിയിൽ വെള്ളമടിച്ചിരുന്ന ഒരു അപ്പനും , അപ്പനെ കടത്തി വെട്ടുന്ന രീതിയിൽ താമരകൾ ആയിട്ടുള്ള  കുറെ വള്ളിക്കെട്ടു  പാപ്പന്മാരും അമ്മാവന്മാരും ഉണ്ടായിരുന്ന ഒരു ഇടത്തരം നസ്രാണി കുടുംബം ആയിരുന്നു എന്റേത് ...നോട്ട് ദി പോയിന്റ്  "വെള്ളമടിച്ചിരുന്ന" എന്ന് പറയുമ്പോൾ ,ഇന്നത്തെ അവസ്ഥയിൽ  എന്റെ അപ്പൻ തികഞ്ഞ മദ്യ വിരോധി (കഴിഞ്ഞ ഒരു ദശാബ്ദം എന്ന് വേണമെങ്കിൽ പറയാം) ആണെന്ന കാര്യം ഇവിടെ കുറിച്ചുകൊള്ളട്ടെ .....
ഇത്തരത്തിൽ മദ്യസമ്പന്നമായ ബന്ധു ബലം  എനിക്കുണ്ടായിരുന്നത് കൊണ്ട് പല തവണ കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള ഡി അഡിക്ഷൻ സെന്ററുകളിൽ ഇവരുടെ ഒപ്പം പോകാനുള്ള ദൗർഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട് ..

ഇനി കഥയിലേക്ക്..  കുടിയന്മാരെ ഈ  ഡി അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നത് ഒരു വലിയ ബാലീ കേറാ മലയാണ്.. ഒരു 90  ശതമാനം പേരും ഇവിടെ പോവാൻ തല്പര കക്ഷികൾ ആയിരിക്കില്ല ... ചിലരെ ബലം പ്രയോഗിച്ചു , കയ്യും കാലും ഒക്കെ കെട്ടിഇട്ടു  ഒരുമാതിരി കിഡ്‌നാപ്പിംഗ് സെറ്റപ്പിൽ ആണ് കൊണ്ടുപോവുക.. . ചിലർക്ക് ഫുഡിൽ ഉറക്ക ഗുളിക ഒക്കെ കൊടുത്തു മയക്കി ആണ് കൊണ്ടുപോവുക ..ചില കുടിയന്മാർ മര്യാദക്കാരാണ് അവർക്കു മദ്യം മേടിച്ചു കൊടുത്താൽ കൂടെ പോരുന്നവരാണ് .. ഒരു അലമ്പും ഇല്ല .. കള്ളും ടച്ചിങ്‌സ് ആയി ഇച്ചിരി അച്ചാറും മതി..

 എന്റെ ഈ കഥയിലെ  നായകനും അങ്ങനെ ഒരു മര്യാദരാമനായ കുടിയനാണ്... ആള് മറ്റാരുമല്ല , എന്റെ അപ്പൻ തന്നെ ... മദ്യം മേടിച്ചു കൊടുത്തപ്പോൾ , തലശേരി ഉള്ള "പ്രതീക്ഷ " എന്ന ഡി അഡിക്ഷൻ സെന്ററിലേക്ക് പോരാമെന്നു  അപ്പൻ സമ്മതിച്ചു.. സെന്ററിൽ എത്തിക്കുന്നത് വരെ മാത്രമേ നമുക്ക് പണിയുള്ളു .. ബാക്കി എല്ലാം അവിടുത്തെ ഡോക്ടർ മാരും, കൗൺസിലിംഗ്  വിദഗ്ധരും , യോഗ  ട്രെയിനെർസ് തുടങ്ങി  ഇതര മേഖലകളിൽ പരിശീലനം സിദ്ധിച്ചവർ  നോക്കിക്കോളും ... 

കൗണ്സിലിംഗ് ചെയ്യുന്നവർ അതീവ ഭയങ്കരമാർ ആണ് .. സെന്ററിൽ എത്തുന്നവരെ (താമരകളെ  - വെള്ളത്തിൽ ജീവിക്കുന്ന മനുഷ്യന്മാർ ) പലതരം ചോദ്യം ചോദിച്ചു ചോദിച്ചു അവർ മദ്യപാനികൾ ആയതിന്റെ മൂല കാരണം കണ്ടെത്തും .. മിക്കവർക്കും പറയാൻ ഒരേ കാരണങ്ങൾ... 

യുവാക്കൾ മദ്യപാനികൾ ആവാൻ കാരണം  തൊഴിലില്ലായ്മയും  അതുമൂലമുള്ള അപകര്ഷബോധവും  ആവുമ്പോൾ  , കടുംബസ്ഥർക്കു  കടബാധ്യത , ഭാര്യയുമായുള്ള പൊരുത്തക്കേട് , മക്കളെ കുറിച്ചുള്ള ആധി  തുടങ്ങിയവ  ആണ് മദ്യപാനി ആവാനുള്ള മൂല കാരണം .. വിഭാര്യരുടെ മദ്യപാനം  നിരാശമൂലമുള്ളതാണ് ... 

ഞങ്ങൾ പ്രതീക്ഷ സെന്ററിൽ എത്തി ... അപ്പന് ഒരു കൂസലും ഇല്ല ..  ആദ്യത്തെ ചെറിയ മെഡിക്കേഷന് ശേഷം അപ്പനെ കൗൺസിലിംഗിനായി കൊണ്ടുപോയി.. മേല്പറഞ്ഞതിൽ അപ്പന്റെ  മദ്യപാനകാരണം കണ്ടുപിടിക്കാൻ കൗണ്സിലിംഗ് വിദഗ്ധനും റെഡിയായി ഇരിക്കുന്നു.. നാദാപുരം കാരൻ ഒരു മനോജേട്ടൻ ആണ് കൗൺസിലിംഗ് വിദഗ്ദൻ..

കൗൺ : നമസ്കാരം മാത്യു  ചേട്ടാ .. പ്രതീക്ഷ ഭവൻ ഇഷ്ടപ്പെട്ടോ 
ചാച്ച : കുഴപ്പമില്ല 
കൗൺ : അതെന്താ ഇഷ്ടമാകാത്ത പോലെ ഒരു മറുപടി ?
ചാച്ച: ചില സെറ്റപ്പ് ഒക്കെ  കൊള്ളാം.. വൈകുന്നേരം  ആവുമോ ഈ ലൈറ്റ് ഒക്കെ കാണുമ്പോ ഒരു റൂഫ് ടോപ് ബാറിന്റെ ആമ്പിയൻസ് ഉണ്ട് ..
കൗൺ : ചേട്ടൻ മദ്യപാനാസക്തിയിൽ നിന്നും പൂർണമായി പുറത്തു വന്നിട്ടില്ലെന്ന് തോന്നുന്നു..
ചാച്ച : അതിനു എനിക്ക് ആസക്തി ഇല്ലല്ലോ 
കൗൺ : എന്താണ് നിങ്ങൾ ഒരു മദ്യപാനി ആവാനുള്ള കാരണം ? വീട്ടിൽ എന്തേലും പ്രോബ്ലെംസ് ? ഇല്ലെങ്കിൽ എന്തേലും മാനസിക വിഷമം.. എന്താണേലും തുറന്നു പറയൂ..

കുറച്ചു നേരത്തെ നിശബ്ദത..
കൗൺസിലിംഗ് വർക്ക് ഔട്ട് ആകുന്നുണ്ടെന്നു  മനോജേട്ടന് തോന്നിയ നിമിഷം  ചാച്ചന്റെ ശാന്തമായ മറുപടി..

"എനിക്ക് .. 
എനിക്ക് കൊതിയാണ് സാർ .. ഭയങ്കര കൊതി ...
നല്ല നല്ല ബ്രാൻഡിൽ ഉള്ള മദ്യം, അതിപ്പോ വിസ്കിയോ ബ്രാണ്ടിയോ ആവട്ടെ ... സ്വദേശിയോ വിദേശിയോ ആവട്ടെ ..
നല്ല ക്രിസ്റ്റൽ ഗ്ലാസിൽ പെഗ് പെഗായി ഒഴിച്ച് , ഐസ് ഒക്കെ ഇട്ടു , സോഡാ ഒക്കെ ചേർത്ത്  , നല്ല ചിക്കൻ ഫ്രയും ഒക്കെ കൂട്ടി , ബോണി എം ഇന്റെ പാട്ടൊക്കെ കേട്ട് , മടക്കെ മടക്കെ എന്നടിക്കാൻ എനിക്ക് ഭയങ്കര കൊതി ആണ് "

കൗൺസിലർ ആകെ ചമ്മി പോയി.. ആദ്യമായാണ് ഒരാൾ സത്യസന്ധമായ ഒരു കാരണം പറയുന്നത്..

കൗൺസിലർ മനോജേട്ടൻ ചാച്ചന്റെ നല്ലൊരു സുഹൃത്തായി മാറി...അപ്പനെ ഡി അഡിക്ഷൻ സെന്ററിൽ ഇട്ടിട്ടു കാര്യമില്ല എന്ന് ഞങ്ങൾക്ക് മനസിലായി.. തന്റെ വെള്ളമടി ഇത്തരുണത്തിൽ പോയാൽ തന്റെ ലിവർ  ഉടനെ തന്നെ പണിമുടക്കുമെന്നും , തന്റെ ഭാര്യ വിധവയാകുമെന്നും അപ്പനും മനസിലായി.. ആ ഒരു ബോധോദയത്തിൽ ചാച്ച അന്ന് വെള്ളമടി നിർത്തുന്നതായി സത്യം ചെയ്തു..പ്രതീക്ഷ സെന്ററിലെ അപ്പന്റെ സഹവാസം അങ്ങനെ കഴിഞ്ഞു .. 

ഇടക്കൊക്കെ മനസിന് വല്ല ചാഞ്ചാട്ടവും തോന്നുമ്പോൾ ചാച്ച , കൗൺസിലർ മനോജേട്ടനെ വിളിക്കും.. ചിലപ്പോൾ  ആളെ വീട്ടിൽ പോയി കാണും.. കൗൺസിലിംഗ് കഴിഞ്ഞു ഹാപ്പി ആയി തിരിച്ചു വരും..

വര്ഷങ്ങള്ക്കു ശേഷം ഞങ്ങൾ തലശേരി വഴി പോകുകയായിരുന്നു .. അപ്പനും അമ്മയും പെങ്ങളും എല്ലാരും ഉണ്ട് വണ്ടിയിൽ ...വഴിയരികിൽ  ആ പഴയ "പ്രതീക്ഷ" ഭവൻ ഞങ്ങൾ കണ്ടു.. പഴയ ഡി അഡിക്ഷൻ കഥകൾ ഒക്കെ അപ്പനോട് ചോദിച്ചപ്പോൾ  കൗൺസിലർ മനോജേട്ടന്റെ കാര്യവും ഇടയിൽ ഓർത്തു ...

 ആ മനോജേട്ടൻ ഒക്കെ എന്ത് ചെയുന്നു എന്ന്  ചാച്ചനോട് ചോദിച്ചപ്പോൾ , ചാച്ച വാട്സാപ്പിൽ വന്നൊരു ഫോട്ടോ എനിക്ക് കാണിച്ചു തന്നു .. മനോജേട്ടന്റെ ഫോട്ടോ ആണ്..  ഏതോ ഒരു ബാറിൽ ഇരുന്നു ചിയേർസ് പറയുന്ന ഫോട്ടോ .. അടിച്ചു കിണ്ടി ആണ്.. കയ്യിൽ എന്തോ കളർ ഇല്ലാത്ത ഡ്രിങ്ക് ആണ് .. അപ്പനോട്  ചോദിച്ചപ്പോ അത് മുന്തിയ ഇനം വോഡ്ക ആണെന്ന് പറഞ്ഞു .. പോരാത്തതിന് ആളിപ്പോ നല്ല താമരയും  ആണത്രേ...  

എന്തോ വലിയ ട്രാജഡി കാരണമാണ് മനോജേട്ടൻ കുടി തുടങ്ങിയതെന്ന് എനിക്ക് തോന്നി.. ഒന്നുകിൽ ഭാര്യ ഉപേക്ഷിച്ചു പോയി കാണണം .. അല്ലെങ്കിൽ വീട് ജപ്തി.. ഇല്ലെങ്കിൽ കൊച്ചിനെതിലും മാരക അസുഖം.. ഇങ്ങനെ പല പല ചിന്തകൾ എന്റെ മനസിലൂടെ പോകുമ്പോൾ ചാച്ചന്റെ  മഹത് വചനങ്ങൾ എന്റെ കർണപാടങ്ങളിൽ പതിച്ചു .    ..

ഒത്തിരി ഒന്നും ചിന്തിച്ചു വെറുതെ കാട് കേറേണ്ട ... 
മനോജ് പണ്ടേ നല്ല അടിയാ.. നിന്നോട് ഞാൻ പറഞ്ഞില്ലെന്നേ ഉള്ളു ...
നിനക്കോർമയുണ്ടോ എന്നറിയില്ല..  പണ്ട് ഞാൻ  എപ്പോളും കൗൺസിലിംഗ് കൗൺസിലിംഗ്  എന്നും  അവന്റെ വീട്ടിൽ പോയിരുന്നത്... ഇതായിരുന്നു ഞങ്ങളുടെ കൗൺസിലിംഗ്.. വോഡ്ക കൗൺസിലിംഗ് .. വോഡ്ക  കുടിച്ചാൽ മണക്കില്ലെന്നുള്ള മഹാസത്യം എന്നെ പഠിപ്പിച്ച മഹാനായ കൗൺസിലർ ...

ഞങ്ങളെ ഒക്കെ വിദഗ്ദമായി ചാച്ച പറ്റിക്കുകയായിരുന്നു എന്ന സസ്പെൻസ് ഞാനും പെങ്ങളും ഒരു ഞെട്ടലോടെ ആണ് കേട്ടത്.. പക്ഷെ അമ്മക്ക് ഒരു കുലുക്കവുമില്ല... അമ്മയുടെ മുഖത്തു ആണെങ്കിലോ ഒരു പുച്ഛ ഭാവവും.. കാര്യം ചോദിച്ചപ്പോ അമ്മയുടെ മറുപടി - "വാറ്റടിച്ചുരുന്ന അപ്പനും , ചാരായം അടിച്ചിരുന്ന ആങ്ങളയും ഉണ്ടായിരുന്ന എങ്ങനെയാണോ ബാലാ വോഡ്കയുടെ മണം പഠിപ്പിക്കുന്നത് "

Tuesday 12 March 2019

ഒരു കളരിക്കഥ..

96 - 97 കാലത്തിലെ ഒരു വേനൽ കാലം.. ഞാൻ ഒരു നാലാം ക്‌ളാസിൽ പഠിക്കുന്നു.. തടി കുറക്കാൻ ആയി അപ്പൻ എന്നെ കൊണ്ട് പോയി കളരിയിൽ ചേർത്തു.. കടത്തനാടൻ കളരി ആണ് .. വീടിന്റെ അടുത്ത് തന്നെ .. പ്രധാന ഗുരുക്കളുടെ പേര് കണാരൻ.. അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റും മകനുമാണ് മനോജ് ഗുരുക്കൾ..വേറൊരു അസിസ്റ്റന്റ് ആവട്ടെ മണിഏട്ടൻ..
നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ വള്ളികളും കളരിയിൽ പോകുന്നുണ്ട് .. എന്റെ കുറെ കൂട്ടുകാരും , നാട്ടിലെ ഉഴപ്പന്മാരായ വേറെ കുറെ ചേട്ടന്മാരും , അങ്ങനെ അങ്ങനെ കുറെ പേര്.. അക്കൂട്ടത്തിൽ എന്റെ ഒരു കസിൻ ചേട്ടൻ സന്തോഷും ഉൾപ്പെടും .. കസിൻ എന്ന് പറയുമ്പോ സന്തോഷുചേട്ടായിയും ഞാനും തമ്മിൽ ഏകദേശം ഒരു 18 വയസ്സിനു വ്യത്യാസം ഉണ്ട് (അപ്പൂപ്പന്റെ ഫാമിലി പ്ലാനിംഗ് കുറച്ചു മോശമായിരുന്നു എന്ന കാര്യം ഈ അവസരത്തിൽ സ്മരിക്കുന്നു )....
ഞാനും ചേട്ടായിയും ഒരുമിച്ചു കളരിയിൽ നിൽക്കുന്നത് കണ്ടാൽ പുതുക്കോട്ടയിലെ പുതുമണവാളൻ സിനിമയിലെ കളരി ആശാൻ വി ഡി രാജപ്പനും , അസിസ്റ്റന്റ് മച്ചാൻ വര്ഗീസിനെയും പോലുണ്ടാവും.. ഒട്ടും വടിവില്ലാത്ത ശരീര പ്രകൃതി ആയിരുന്നു എന്റേതെങ്കിൽ , ചേട്ടായിക്ക് ശരീരമേ ഉണ്ടായിരുന്നില്ല.. ഒരുമാതിരി അസ്ഥി കോലം.. ഞാൻ കളരിയിൽ തടി കുറക്കാൻ പോയപ്പോൾ , ചേട്ടായിടെ ലക്‌ഷ്യം കളരിയിൽ പോയി ഒന്ന് ബോഡി ബിൽഡിംഗ് നടത്തുക എന്നതായിരുന്നു.. പോരാത്തതിന് അപ്പോളൊക്കെ മൂപ്പരുടെ കല്യാണാലോചന നടക്കുന്ന സമയമായിരുന്നു .. അങ്ങനെ അടവുകൾ ഒക്കെ ആയി ഞങ്ങള് കളരിയിൽ സജീവമായി..
മഴക്കാലം തുടങ്ങുന്നതോടെ കളരി വൈൻഡ് അപ്പ് ചെയ്യും.. ഉഴിച്ചിൽ ആണ് പിന്നീടുള്ള പ്രധാന പരിപാടി.. കുഴമ്പോക്കെ ഇട്ടു , ചവിട്ടി ഉഴിഞ്ഞു , പത്തു നാല്പതു ദിവസത്തെ വിശ്രമം കഴിയുമ്പോൾ നമ്മൾ ഒരു പുതിയ മനുഷ്യനാവും എന്നാണു പറയപ്പെടുന്നത്..
ഉഴിച്ചിലിന്റെ ആദ്യ ദിവസം.. ആർക്കുമാർക്കും എന്താണ് നടക്കാൻ പോകുന്നതെന്ന് വലിയ പിടിയില്ല ... പ്രത്യേക മറ കെട്ടിയ മുറിയിൽ ആണ് ഉഴിച്ചിൽ .. ആദ്യം ആദ്യം സീനിയർ ചേട്ടന്മാരുടെ ഊഴം ആണ് .. പിന്നീട് ജൂനിയർസ്.. സീനിയർസിൽ സന്തോഷേട്ടനെ ഊഴം അവസാനമാണ്.. എന്താണെന്നറിയില്ല ഉഴിച്ചിൽ മുറിയിൽ നിന്നും ഇടയ്ക്കിടയ്ക്ക് ഓരോ നിലവിളി കേൾക്കാറുണ്ടായിരുന്നു.. ചിലർ ഉറക്കെ ഗുരുക്കളോടു "മതിയേ, മതിയേ , വയ്യേ " എന്നൊക്കെ കരയുന്നതും കേൾക്കാമായിരുന്നു.. ഉഴിച്ചിൽ കഴിഞ്ഞു തിരിച്ചിറങ്ങുന്ന ആരും ഉഴിച്ചിലിനു ഊഴം കാത്തു നിൽക്കുന്നവരോട് മിണ്ടുന്നു പോലുമില്ല.. സഹതാപം കലർന്ന ഒരു നോട്ടം മാത്രം..
ഈ ഉഴിച്ചിൽ എന്ന് പറയുമ്പോൾ സിൽക്ക് സ്മിത , സ്ഫടികത്തിൽ ലാലേട്ടനെ ഉഴിയുന്ന സംഭവം ആണെന്നാണ് ഞങ്ങളെല്ലാം കരുതിയിരുന്നത് ... പക്ഷെ സംഗതി അതല്ല ..ഗഡാഗഡിയനായ ഒരു ഗുരുക്കൾ നമ്മളെ പല രീതിയിൽ ചവിട്ടി തിരുമ്മും .. ഒരു സുഖവുമില്ല ..ഇടയ്ക്കു അസഹനീയ വേദനയാണ് ..
"ഇവന്മാർക്കൊന്നും നാണമില്ലേ ? വയസ്സ് പത്തു മുപ്പതായി.. എന്നിട്ടു ആ വയസ്സൻ ഗുരുക്കള് ഒന്ന് കുഴമ്പു ഇട്ടു തടവുമ്പോളത്തേക്കും കിടന്നു മോങ്ങുന്നു ...ഇച്ചിരി വേദന പോലും സഹായിക്കാൻ പറ്റാത്ത ഇവന്മാര് എങ്ങനെ ജീവിതത്തിൽ വിജയിക്കും ?" - സന്തോഷേട്ടൻ തന്റെ സ്ഥായി ഭാവമായ പുച്ഛത്തിൽ ഞങ്ങൾ ജൂനിയർസ്‌നോട് ഒരു നെടുനീളൻ ഡയലോഗ് അങ്ങ് കാച്ചി..
"സന്തോഷേ അടുത്തത് നീയാട്ടോ.. റെഡിയായിക്കോ " - മനോജ് എന്ന അസിസ്റ്റന്റ് ഗുരുക്കൾ പറഞ്ഞു
സന്തോഷേട്ടൻ തന്റെ മുറി കയ്യൻ ബനിയനും കിടെക്സ് ലുങ്കിയും ഊരി തോളത്തു ഇട്ടു , ലങ്കോട്ടി ധാരിയായി ഉഴിച്ചിൽ മുറിയിലേക്ക് പോയി.. കണ്ടാലറിയാം , മൂപ്പരും സിൽക്ക് സ്മിതയുടെ ഉഴിച്ചിൽ പ്രതീക്ഷിച്ചാണ് ഉഴിച്ചിൽ മുറിയിൽ പോകുന്നത് ..
നേരം കുറച്ചായി.. ഉഴിച്ചിൽ മുറിയിൽ നിന്നും ഒച്ചയൊന്നും കേൾക്കുന്നില്ല ..
പെട്ടന്ന് , കേട്ട് പരിചയമുള്ള ശബ്ദത്തിൽ ഒരലർച്ച .. സന്തോഷ് ചേട്ടായിടെ ആണ് ..
" ഗുരുക്കളെ ...മതി ഗുരുക്കളെ , മതി , മതി...
സാർ പ്ളീസ് , മനോജ് സർ .. ഡാഡിയോടു നിർത്താൻ പറ
നിർത്തെടാ , നിർത്താൻ ....
നിർത്തിനിട നാ #$%$ മോനെ , എടൊ പരട്ട കുരുക്കളേ നിർത്തെടാ,
നിന്നെ വീട്ടിൽ കേറി തല്ലുണ്ടാ.. മഹാത്‌മാ ക്ലബിന്റെ സെക്രട്ടറിയാടാ ഞാൻ..
പട്ടി ചെറ്റ തെണ്ടി "
ഈ ഭരണിപ്പാട്ട് കഴിഞ്ഞതും കൊടൂരമായ നിശബ്ദത.. പുറത്തെ ഓരോ ഇല അനക്കം പോലും കൃത്യമായി കേൾക്കാവുന്ന അത്രയും സൈലൻസ് ..
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരേം പോലെ സന്തോഷേട്ടനും ഉഴിച്ചിൽ കഴിഞ്ഞു തിരിച്ചിറങ്ങി .. ആരോടും ഒന്നും മിണ്ടാതെ നടന്നു പോയി ..മൂപ്പര് പിന്നെ കളരിയിൽ വന്നതേ ഇല്ല ..
കളരിയിലെ ജൂനിയർസിന്റെ ഇടയിൽ പല കഥകളും പ്രചരിച്ചു .. സന്തോഷേട്ടന്റെ ഭീഷണിയിൽ ഗുരുക്കളും മോനും പേടിച്ചു പോയെന്നും , ദേഹം നൊന്ത സന്തോഷ്ചേട്ടൻ ഗുരുക്കളെ തല്ലിയെന്നും അങ്ങനെ അങ്ങനെ പല പല കഥകൾ ..
വർഷങ്ങൾ കുറെ കഴിഞ്ഞു .. കളരിയും കളരിക്കാരും പല വഴിക്കായി .. അടുത്തിടക്ക്
എന്തോ ഒരു സൗഹൃദ സംഭാഷണത്തിനിടക്ക് ഞാൻ ചേട്ടായിയോട് ചോദിച്ചു - "പണ്ട് കളരിയിൽ പോയപ്പോൾ , ചേട്ടന്റെ ഭീഷണിയിൽ ഗുരുക്കള് ശെരിക്കും പേടിച്ചു പോയോ ; മുറിയിൽ നിന്ന് പിന്നെ ഒച്ച ഒന്നും കേട്ടില്ലല്ലോ ?"
"കളരിയിൽ പോകുമ്പോൾ ലുങ്കി ഉടുക്കരുത്.. അഥവാ ഉടുത്താൽ തന്നെ എന്നും അലക്കി ഇടണം " - ഒരു അന്തവും കുന്തവുമില്ലാത്ത സന്തോഷേട്ടന്റെ മറുപടി ..
ഞാൻ : "ലുങ്കിയോ ? എന്താ ചേട്ടായി കിളി പോയോ ?"
സന്തോഷേട്ടൻ : "കിളിയും കുരുവിയും ഒന്നും പോയതല്ല ... അന്ന് ഗുരുക്കളെ തെറി പറഞ്ഞുന്നും പറഞ്ഞു , അവന്മാര് എന്നെ അകത്തിട്ടു പെരുകി.. ഒച്ച വെക്കാൻ നോക്കിയപ്പോ വായില് എന്റെ അളിഞ്ഞ ലുങ്കിയും കുത്തി കേറ്റി.. അതായിരുന്നു ആ നിഗൂഢമായ നിശബ്ദത.."
കളരിയിൽ പോകുമ്പോൾ ലുങ്കി ഉടുക്കുന്നത് ആരോഗ്യത്തിനു ഹാനികരം എന്ന് പഠിപ്പിച്ച Santosh Vadakkedath ചേട്ടായിക്ക് വേണ്ടി ഈ ബഡായി ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു..
NB : സന്തോഷേട്ടൻ എന്റെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചില്ലെങ്കിൽ അടുത്താഴ്ച വേറൊരു കരാട്ടെ കഥ പറയാം

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...