Tuesday 19 March 2019

ഒരു "ഡി-അഡിക്ഷൻ" കഥ

ഇത്തവണത്തെ കഥ ഒരു ഡി അഡിക്ഷൻ സെന്ററിനെ കുറിച്ചാണ് .. സിമ്പിളായി പറയണമെങ്കിൽ , പാവാട എന്ന സിനിമയിൽ പൃഥ്വിരാജിനെയും അനൂപ് മേനോനെയും പിടിച്ചു കെട്ടി കൊണ്ട് പോകുന്ന സ്ഥലം .. .അമിതമായ മദ്യപാന ആസക്തി ഉള്ളവരെ  ചികിൽസിച്ചു , അവരുടെ വെള്ളമടി നിർത്തിക്കുന്ന മഹത്തായ ഒരു സ്ഥാപനം ..

സാമാന്യം തെറ്റില്ലാത്ത രീതിയിൽ വെള്ളമടിച്ചിരുന്ന ഒരു അപ്പനും , അപ്പനെ കടത്തി വെട്ടുന്ന രീതിയിൽ താമരകൾ ആയിട്ടുള്ള  കുറെ വള്ളിക്കെട്ടു  പാപ്പന്മാരും അമ്മാവന്മാരും ഉണ്ടായിരുന്ന ഒരു ഇടത്തരം നസ്രാണി കുടുംബം ആയിരുന്നു എന്റേത് ...നോട്ട് ദി പോയിന്റ്  "വെള്ളമടിച്ചിരുന്ന" എന്ന് പറയുമ്പോൾ ,ഇന്നത്തെ അവസ്ഥയിൽ  എന്റെ അപ്പൻ തികഞ്ഞ മദ്യ വിരോധി (കഴിഞ്ഞ ഒരു ദശാബ്ദം എന്ന് വേണമെങ്കിൽ പറയാം) ആണെന്ന കാര്യം ഇവിടെ കുറിച്ചുകൊള്ളട്ടെ .....
ഇത്തരത്തിൽ മദ്യസമ്പന്നമായ ബന്ധു ബലം  എനിക്കുണ്ടായിരുന്നത് കൊണ്ട് പല തവണ കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള ഡി അഡിക്ഷൻ സെന്ററുകളിൽ ഇവരുടെ ഒപ്പം പോകാനുള്ള ദൗർഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട് ..

ഇനി കഥയിലേക്ക്..  കുടിയന്മാരെ ഈ  ഡി അഡിക്ഷൻ സെന്ററുകളിൽ എത്തിക്കുന്നത് ഒരു വലിയ ബാലീ കേറാ മലയാണ്.. ഒരു 90  ശതമാനം പേരും ഇവിടെ പോവാൻ തല്പര കക്ഷികൾ ആയിരിക്കില്ല ... ചിലരെ ബലം പ്രയോഗിച്ചു , കയ്യും കാലും ഒക്കെ കെട്ടിഇട്ടു  ഒരുമാതിരി കിഡ്‌നാപ്പിംഗ് സെറ്റപ്പിൽ ആണ് കൊണ്ടുപോവുക.. . ചിലർക്ക് ഫുഡിൽ ഉറക്ക ഗുളിക ഒക്കെ കൊടുത്തു മയക്കി ആണ് കൊണ്ടുപോവുക ..ചില കുടിയന്മാർ മര്യാദക്കാരാണ് അവർക്കു മദ്യം മേടിച്ചു കൊടുത്താൽ കൂടെ പോരുന്നവരാണ് .. ഒരു അലമ്പും ഇല്ല .. കള്ളും ടച്ചിങ്‌സ് ആയി ഇച്ചിരി അച്ചാറും മതി..

 എന്റെ ഈ കഥയിലെ  നായകനും അങ്ങനെ ഒരു മര്യാദരാമനായ കുടിയനാണ്... ആള് മറ്റാരുമല്ല , എന്റെ അപ്പൻ തന്നെ ... മദ്യം മേടിച്ചു കൊടുത്തപ്പോൾ , തലശേരി ഉള്ള "പ്രതീക്ഷ " എന്ന ഡി അഡിക്ഷൻ സെന്ററിലേക്ക് പോരാമെന്നു  അപ്പൻ സമ്മതിച്ചു.. സെന്ററിൽ എത്തിക്കുന്നത് വരെ മാത്രമേ നമുക്ക് പണിയുള്ളു .. ബാക്കി എല്ലാം അവിടുത്തെ ഡോക്ടർ മാരും, കൗൺസിലിംഗ്  വിദഗ്ധരും , യോഗ  ട്രെയിനെർസ് തുടങ്ങി  ഇതര മേഖലകളിൽ പരിശീലനം സിദ്ധിച്ചവർ  നോക്കിക്കോളും ... 

കൗണ്സിലിംഗ് ചെയ്യുന്നവർ അതീവ ഭയങ്കരമാർ ആണ് .. സെന്ററിൽ എത്തുന്നവരെ (താമരകളെ  - വെള്ളത്തിൽ ജീവിക്കുന്ന മനുഷ്യന്മാർ ) പലതരം ചോദ്യം ചോദിച്ചു ചോദിച്ചു അവർ മദ്യപാനികൾ ആയതിന്റെ മൂല കാരണം കണ്ടെത്തും .. മിക്കവർക്കും പറയാൻ ഒരേ കാരണങ്ങൾ... 

യുവാക്കൾ മദ്യപാനികൾ ആവാൻ കാരണം  തൊഴിലില്ലായ്മയും  അതുമൂലമുള്ള അപകര്ഷബോധവും  ആവുമ്പോൾ  , കടുംബസ്ഥർക്കു  കടബാധ്യത , ഭാര്യയുമായുള്ള പൊരുത്തക്കേട് , മക്കളെ കുറിച്ചുള്ള ആധി  തുടങ്ങിയവ  ആണ് മദ്യപാനി ആവാനുള്ള മൂല കാരണം .. വിഭാര്യരുടെ മദ്യപാനം  നിരാശമൂലമുള്ളതാണ് ... 

ഞങ്ങൾ പ്രതീക്ഷ സെന്ററിൽ എത്തി ... അപ്പന് ഒരു കൂസലും ഇല്ല ..  ആദ്യത്തെ ചെറിയ മെഡിക്കേഷന് ശേഷം അപ്പനെ കൗൺസിലിംഗിനായി കൊണ്ടുപോയി.. മേല്പറഞ്ഞതിൽ അപ്പന്റെ  മദ്യപാനകാരണം കണ്ടുപിടിക്കാൻ കൗണ്സിലിംഗ് വിദഗ്ധനും റെഡിയായി ഇരിക്കുന്നു.. നാദാപുരം കാരൻ ഒരു മനോജേട്ടൻ ആണ് കൗൺസിലിംഗ് വിദഗ്ദൻ..

കൗൺ : നമസ്കാരം മാത്യു  ചേട്ടാ .. പ്രതീക്ഷ ഭവൻ ഇഷ്ടപ്പെട്ടോ 
ചാച്ച : കുഴപ്പമില്ല 
കൗൺ : അതെന്താ ഇഷ്ടമാകാത്ത പോലെ ഒരു മറുപടി ?
ചാച്ച: ചില സെറ്റപ്പ് ഒക്കെ  കൊള്ളാം.. വൈകുന്നേരം  ആവുമോ ഈ ലൈറ്റ് ഒക്കെ കാണുമ്പോ ഒരു റൂഫ് ടോപ് ബാറിന്റെ ആമ്പിയൻസ് ഉണ്ട് ..
കൗൺ : ചേട്ടൻ മദ്യപാനാസക്തിയിൽ നിന്നും പൂർണമായി പുറത്തു വന്നിട്ടില്ലെന്ന് തോന്നുന്നു..
ചാച്ച : അതിനു എനിക്ക് ആസക്തി ഇല്ലല്ലോ 
കൗൺ : എന്താണ് നിങ്ങൾ ഒരു മദ്യപാനി ആവാനുള്ള കാരണം ? വീട്ടിൽ എന്തേലും പ്രോബ്ലെംസ് ? ഇല്ലെങ്കിൽ എന്തേലും മാനസിക വിഷമം.. എന്താണേലും തുറന്നു പറയൂ..

കുറച്ചു നേരത്തെ നിശബ്ദത..
കൗൺസിലിംഗ് വർക്ക് ഔട്ട് ആകുന്നുണ്ടെന്നു  മനോജേട്ടന് തോന്നിയ നിമിഷം  ചാച്ചന്റെ ശാന്തമായ മറുപടി..

"എനിക്ക് .. 
എനിക്ക് കൊതിയാണ് സാർ .. ഭയങ്കര കൊതി ...
നല്ല നല്ല ബ്രാൻഡിൽ ഉള്ള മദ്യം, അതിപ്പോ വിസ്കിയോ ബ്രാണ്ടിയോ ആവട്ടെ ... സ്വദേശിയോ വിദേശിയോ ആവട്ടെ ..
നല്ല ക്രിസ്റ്റൽ ഗ്ലാസിൽ പെഗ് പെഗായി ഒഴിച്ച് , ഐസ് ഒക്കെ ഇട്ടു , സോഡാ ഒക്കെ ചേർത്ത്  , നല്ല ചിക്കൻ ഫ്രയും ഒക്കെ കൂട്ടി , ബോണി എം ഇന്റെ പാട്ടൊക്കെ കേട്ട് , മടക്കെ മടക്കെ എന്നടിക്കാൻ എനിക്ക് ഭയങ്കര കൊതി ആണ് "

കൗൺസിലർ ആകെ ചമ്മി പോയി.. ആദ്യമായാണ് ഒരാൾ സത്യസന്ധമായ ഒരു കാരണം പറയുന്നത്..

കൗൺസിലർ മനോജേട്ടൻ ചാച്ചന്റെ നല്ലൊരു സുഹൃത്തായി മാറി...അപ്പനെ ഡി അഡിക്ഷൻ സെന്ററിൽ ഇട്ടിട്ടു കാര്യമില്ല എന്ന് ഞങ്ങൾക്ക് മനസിലായി.. തന്റെ വെള്ളമടി ഇത്തരുണത്തിൽ പോയാൽ തന്റെ ലിവർ  ഉടനെ തന്നെ പണിമുടക്കുമെന്നും , തന്റെ ഭാര്യ വിധവയാകുമെന്നും അപ്പനും മനസിലായി.. ആ ഒരു ബോധോദയത്തിൽ ചാച്ച അന്ന് വെള്ളമടി നിർത്തുന്നതായി സത്യം ചെയ്തു..പ്രതീക്ഷ സെന്ററിലെ അപ്പന്റെ സഹവാസം അങ്ങനെ കഴിഞ്ഞു .. 

ഇടക്കൊക്കെ മനസിന് വല്ല ചാഞ്ചാട്ടവും തോന്നുമ്പോൾ ചാച്ച , കൗൺസിലർ മനോജേട്ടനെ വിളിക്കും.. ചിലപ്പോൾ  ആളെ വീട്ടിൽ പോയി കാണും.. കൗൺസിലിംഗ് കഴിഞ്ഞു ഹാപ്പി ആയി തിരിച്ചു വരും..

വര്ഷങ്ങള്ക്കു ശേഷം ഞങ്ങൾ തലശേരി വഴി പോകുകയായിരുന്നു .. അപ്പനും അമ്മയും പെങ്ങളും എല്ലാരും ഉണ്ട് വണ്ടിയിൽ ...വഴിയരികിൽ  ആ പഴയ "പ്രതീക്ഷ" ഭവൻ ഞങ്ങൾ കണ്ടു.. പഴയ ഡി അഡിക്ഷൻ കഥകൾ ഒക്കെ അപ്പനോട് ചോദിച്ചപ്പോൾ  കൗൺസിലർ മനോജേട്ടന്റെ കാര്യവും ഇടയിൽ ഓർത്തു ...

 ആ മനോജേട്ടൻ ഒക്കെ എന്ത് ചെയുന്നു എന്ന്  ചാച്ചനോട് ചോദിച്ചപ്പോൾ , ചാച്ച വാട്സാപ്പിൽ വന്നൊരു ഫോട്ടോ എനിക്ക് കാണിച്ചു തന്നു .. മനോജേട്ടന്റെ ഫോട്ടോ ആണ്..  ഏതോ ഒരു ബാറിൽ ഇരുന്നു ചിയേർസ് പറയുന്ന ഫോട്ടോ .. അടിച്ചു കിണ്ടി ആണ്.. കയ്യിൽ എന്തോ കളർ ഇല്ലാത്ത ഡ്രിങ്ക് ആണ് .. അപ്പനോട്  ചോദിച്ചപ്പോ അത് മുന്തിയ ഇനം വോഡ്ക ആണെന്ന് പറഞ്ഞു .. പോരാത്തതിന് ആളിപ്പോ നല്ല താമരയും  ആണത്രേ...  

എന്തോ വലിയ ട്രാജഡി കാരണമാണ് മനോജേട്ടൻ കുടി തുടങ്ങിയതെന്ന് എനിക്ക് തോന്നി.. ഒന്നുകിൽ ഭാര്യ ഉപേക്ഷിച്ചു പോയി കാണണം .. അല്ലെങ്കിൽ വീട് ജപ്തി.. ഇല്ലെങ്കിൽ കൊച്ചിനെതിലും മാരക അസുഖം.. ഇങ്ങനെ പല പല ചിന്തകൾ എന്റെ മനസിലൂടെ പോകുമ്പോൾ ചാച്ചന്റെ  മഹത് വചനങ്ങൾ എന്റെ കർണപാടങ്ങളിൽ പതിച്ചു .    ..

ഒത്തിരി ഒന്നും ചിന്തിച്ചു വെറുതെ കാട് കേറേണ്ട ... 
മനോജ് പണ്ടേ നല്ല അടിയാ.. നിന്നോട് ഞാൻ പറഞ്ഞില്ലെന്നേ ഉള്ളു ...
നിനക്കോർമയുണ്ടോ എന്നറിയില്ല..  പണ്ട് ഞാൻ  എപ്പോളും കൗൺസിലിംഗ് കൗൺസിലിംഗ്  എന്നും  അവന്റെ വീട്ടിൽ പോയിരുന്നത്... ഇതായിരുന്നു ഞങ്ങളുടെ കൗൺസിലിംഗ്.. വോഡ്ക കൗൺസിലിംഗ് .. വോഡ്ക  കുടിച്ചാൽ മണക്കില്ലെന്നുള്ള മഹാസത്യം എന്നെ പഠിപ്പിച്ച മഹാനായ കൗൺസിലർ ...

ഞങ്ങളെ ഒക്കെ വിദഗ്ദമായി ചാച്ച പറ്റിക്കുകയായിരുന്നു എന്ന സസ്പെൻസ് ഞാനും പെങ്ങളും ഒരു ഞെട്ടലോടെ ആണ് കേട്ടത്.. പക്ഷെ അമ്മക്ക് ഒരു കുലുക്കവുമില്ല... അമ്മയുടെ മുഖത്തു ആണെങ്കിലോ ഒരു പുച്ഛ ഭാവവും.. കാര്യം ചോദിച്ചപ്പോ അമ്മയുടെ മറുപടി - "വാറ്റടിച്ചുരുന്ന അപ്പനും , ചാരായം അടിച്ചിരുന്ന ആങ്ങളയും ഉണ്ടായിരുന്ന എങ്ങനെയാണോ ബാലാ വോഡ്കയുടെ മണം പഠിപ്പിക്കുന്നത് "

Tuesday 12 March 2019

ഒരു കളരിക്കഥ..

96 - 97 കാലത്തിലെ ഒരു വേനൽ കാലം.. ഞാൻ ഒരു നാലാം ക്‌ളാസിൽ പഠിക്കുന്നു.. തടി കുറക്കാൻ ആയി അപ്പൻ എന്നെ കൊണ്ട് പോയി കളരിയിൽ ചേർത്തു.. കടത്തനാടൻ കളരി ആണ് .. വീടിന്റെ അടുത്ത് തന്നെ .. പ്രധാന ഗുരുക്കളുടെ പേര് കണാരൻ.. അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റും മകനുമാണ് മനോജ് ഗുരുക്കൾ..വേറൊരു അസിസ്റ്റന്റ് ആവട്ടെ മണിഏട്ടൻ..
നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാ വള്ളികളും കളരിയിൽ പോകുന്നുണ്ട് .. എന്റെ കുറെ കൂട്ടുകാരും , നാട്ടിലെ ഉഴപ്പന്മാരായ വേറെ കുറെ ചേട്ടന്മാരും , അങ്ങനെ അങ്ങനെ കുറെ പേര്.. അക്കൂട്ടത്തിൽ എന്റെ ഒരു കസിൻ ചേട്ടൻ സന്തോഷും ഉൾപ്പെടും .. കസിൻ എന്ന് പറയുമ്പോ സന്തോഷുചേട്ടായിയും ഞാനും തമ്മിൽ ഏകദേശം ഒരു 18 വയസ്സിനു വ്യത്യാസം ഉണ്ട് (അപ്പൂപ്പന്റെ ഫാമിലി പ്ലാനിംഗ് കുറച്ചു മോശമായിരുന്നു എന്ന കാര്യം ഈ അവസരത്തിൽ സ്മരിക്കുന്നു )....
ഞാനും ചേട്ടായിയും ഒരുമിച്ചു കളരിയിൽ നിൽക്കുന്നത് കണ്ടാൽ പുതുക്കോട്ടയിലെ പുതുമണവാളൻ സിനിമയിലെ കളരി ആശാൻ വി ഡി രാജപ്പനും , അസിസ്റ്റന്റ് മച്ചാൻ വര്ഗീസിനെയും പോലുണ്ടാവും.. ഒട്ടും വടിവില്ലാത്ത ശരീര പ്രകൃതി ആയിരുന്നു എന്റേതെങ്കിൽ , ചേട്ടായിക്ക് ശരീരമേ ഉണ്ടായിരുന്നില്ല.. ഒരുമാതിരി അസ്ഥി കോലം.. ഞാൻ കളരിയിൽ തടി കുറക്കാൻ പോയപ്പോൾ , ചേട്ടായിടെ ലക്‌ഷ്യം കളരിയിൽ പോയി ഒന്ന് ബോഡി ബിൽഡിംഗ് നടത്തുക എന്നതായിരുന്നു.. പോരാത്തതിന് അപ്പോളൊക്കെ മൂപ്പരുടെ കല്യാണാലോചന നടക്കുന്ന സമയമായിരുന്നു .. അങ്ങനെ അടവുകൾ ഒക്കെ ആയി ഞങ്ങള് കളരിയിൽ സജീവമായി..
മഴക്കാലം തുടങ്ങുന്നതോടെ കളരി വൈൻഡ് അപ്പ് ചെയ്യും.. ഉഴിച്ചിൽ ആണ് പിന്നീടുള്ള പ്രധാന പരിപാടി.. കുഴമ്പോക്കെ ഇട്ടു , ചവിട്ടി ഉഴിഞ്ഞു , പത്തു നാല്പതു ദിവസത്തെ വിശ്രമം കഴിയുമ്പോൾ നമ്മൾ ഒരു പുതിയ മനുഷ്യനാവും എന്നാണു പറയപ്പെടുന്നത്..
ഉഴിച്ചിലിന്റെ ആദ്യ ദിവസം.. ആർക്കുമാർക്കും എന്താണ് നടക്കാൻ പോകുന്നതെന്ന് വലിയ പിടിയില്ല ... പ്രത്യേക മറ കെട്ടിയ മുറിയിൽ ആണ് ഉഴിച്ചിൽ .. ആദ്യം ആദ്യം സീനിയർ ചേട്ടന്മാരുടെ ഊഴം ആണ് .. പിന്നീട് ജൂനിയർസ്.. സീനിയർസിൽ സന്തോഷേട്ടനെ ഊഴം അവസാനമാണ്.. എന്താണെന്നറിയില്ല ഉഴിച്ചിൽ മുറിയിൽ നിന്നും ഇടയ്ക്കിടയ്ക്ക് ഓരോ നിലവിളി കേൾക്കാറുണ്ടായിരുന്നു.. ചിലർ ഉറക്കെ ഗുരുക്കളോടു "മതിയേ, മതിയേ , വയ്യേ " എന്നൊക്കെ കരയുന്നതും കേൾക്കാമായിരുന്നു.. ഉഴിച്ചിൽ കഴിഞ്ഞു തിരിച്ചിറങ്ങുന്ന ആരും ഉഴിച്ചിലിനു ഊഴം കാത്തു നിൽക്കുന്നവരോട് മിണ്ടുന്നു പോലുമില്ല.. സഹതാപം കലർന്ന ഒരു നോട്ടം മാത്രം..
ഈ ഉഴിച്ചിൽ എന്ന് പറയുമ്പോൾ സിൽക്ക് സ്മിത , സ്ഫടികത്തിൽ ലാലേട്ടനെ ഉഴിയുന്ന സംഭവം ആണെന്നാണ് ഞങ്ങളെല്ലാം കരുതിയിരുന്നത് ... പക്ഷെ സംഗതി അതല്ല ..ഗഡാഗഡിയനായ ഒരു ഗുരുക്കൾ നമ്മളെ പല രീതിയിൽ ചവിട്ടി തിരുമ്മും .. ഒരു സുഖവുമില്ല ..ഇടയ്ക്കു അസഹനീയ വേദനയാണ് ..
"ഇവന്മാർക്കൊന്നും നാണമില്ലേ ? വയസ്സ് പത്തു മുപ്പതായി.. എന്നിട്ടു ആ വയസ്സൻ ഗുരുക്കള് ഒന്ന് കുഴമ്പു ഇട്ടു തടവുമ്പോളത്തേക്കും കിടന്നു മോങ്ങുന്നു ...ഇച്ചിരി വേദന പോലും സഹായിക്കാൻ പറ്റാത്ത ഇവന്മാര് എങ്ങനെ ജീവിതത്തിൽ വിജയിക്കും ?" - സന്തോഷേട്ടൻ തന്റെ സ്ഥായി ഭാവമായ പുച്ഛത്തിൽ ഞങ്ങൾ ജൂനിയർസ്‌നോട് ഒരു നെടുനീളൻ ഡയലോഗ് അങ്ങ് കാച്ചി..
"സന്തോഷേ അടുത്തത് നീയാട്ടോ.. റെഡിയായിക്കോ " - മനോജ് എന്ന അസിസ്റ്റന്റ് ഗുരുക്കൾ പറഞ്ഞു
സന്തോഷേട്ടൻ തന്റെ മുറി കയ്യൻ ബനിയനും കിടെക്സ് ലുങ്കിയും ഊരി തോളത്തു ഇട്ടു , ലങ്കോട്ടി ധാരിയായി ഉഴിച്ചിൽ മുറിയിലേക്ക് പോയി.. കണ്ടാലറിയാം , മൂപ്പരും സിൽക്ക് സ്മിതയുടെ ഉഴിച്ചിൽ പ്രതീക്ഷിച്ചാണ് ഉഴിച്ചിൽ മുറിയിൽ പോകുന്നത് ..
നേരം കുറച്ചായി.. ഉഴിച്ചിൽ മുറിയിൽ നിന്നും ഒച്ചയൊന്നും കേൾക്കുന്നില്ല ..
പെട്ടന്ന് , കേട്ട് പരിചയമുള്ള ശബ്ദത്തിൽ ഒരലർച്ച .. സന്തോഷ് ചേട്ടായിടെ ആണ് ..
" ഗുരുക്കളെ ...മതി ഗുരുക്കളെ , മതി , മതി...
സാർ പ്ളീസ് , മനോജ് സർ .. ഡാഡിയോടു നിർത്താൻ പറ
നിർത്തെടാ , നിർത്താൻ ....
നിർത്തിനിട നാ #$%$ മോനെ , എടൊ പരട്ട കുരുക്കളേ നിർത്തെടാ,
നിന്നെ വീട്ടിൽ കേറി തല്ലുണ്ടാ.. മഹാത്‌മാ ക്ലബിന്റെ സെക്രട്ടറിയാടാ ഞാൻ..
പട്ടി ചെറ്റ തെണ്ടി "
ഈ ഭരണിപ്പാട്ട് കഴിഞ്ഞതും കൊടൂരമായ നിശബ്ദത.. പുറത്തെ ഓരോ ഇല അനക്കം പോലും കൃത്യമായി കേൾക്കാവുന്ന അത്രയും സൈലൻസ് ..
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരേം പോലെ സന്തോഷേട്ടനും ഉഴിച്ചിൽ കഴിഞ്ഞു തിരിച്ചിറങ്ങി .. ആരോടും ഒന്നും മിണ്ടാതെ നടന്നു പോയി ..മൂപ്പര് പിന്നെ കളരിയിൽ വന്നതേ ഇല്ല ..
കളരിയിലെ ജൂനിയർസിന്റെ ഇടയിൽ പല കഥകളും പ്രചരിച്ചു .. സന്തോഷേട്ടന്റെ ഭീഷണിയിൽ ഗുരുക്കളും മോനും പേടിച്ചു പോയെന്നും , ദേഹം നൊന്ത സന്തോഷ്ചേട്ടൻ ഗുരുക്കളെ തല്ലിയെന്നും അങ്ങനെ അങ്ങനെ പല പല കഥകൾ ..
വർഷങ്ങൾ കുറെ കഴിഞ്ഞു .. കളരിയും കളരിക്കാരും പല വഴിക്കായി .. അടുത്തിടക്ക്
എന്തോ ഒരു സൗഹൃദ സംഭാഷണത്തിനിടക്ക് ഞാൻ ചേട്ടായിയോട് ചോദിച്ചു - "പണ്ട് കളരിയിൽ പോയപ്പോൾ , ചേട്ടന്റെ ഭീഷണിയിൽ ഗുരുക്കള് ശെരിക്കും പേടിച്ചു പോയോ ; മുറിയിൽ നിന്ന് പിന്നെ ഒച്ച ഒന്നും കേട്ടില്ലല്ലോ ?"
"കളരിയിൽ പോകുമ്പോൾ ലുങ്കി ഉടുക്കരുത്.. അഥവാ ഉടുത്താൽ തന്നെ എന്നും അലക്കി ഇടണം " - ഒരു അന്തവും കുന്തവുമില്ലാത്ത സന്തോഷേട്ടന്റെ മറുപടി ..
ഞാൻ : "ലുങ്കിയോ ? എന്താ ചേട്ടായി കിളി പോയോ ?"
സന്തോഷേട്ടൻ : "കിളിയും കുരുവിയും ഒന്നും പോയതല്ല ... അന്ന് ഗുരുക്കളെ തെറി പറഞ്ഞുന്നും പറഞ്ഞു , അവന്മാര് എന്നെ അകത്തിട്ടു പെരുകി.. ഒച്ച വെക്കാൻ നോക്കിയപ്പോ വായില് എന്റെ അളിഞ്ഞ ലുങ്കിയും കുത്തി കേറ്റി.. അതായിരുന്നു ആ നിഗൂഢമായ നിശബ്ദത.."
കളരിയിൽ പോകുമ്പോൾ ലുങ്കി ഉടുക്കുന്നത് ആരോഗ്യത്തിനു ഹാനികരം എന്ന് പഠിപ്പിച്ച Santosh Vadakkedath ചേട്ടായിക്ക് വേണ്ടി ഈ ബഡായി ഞാൻ ഡെഡിക്കേറ്റ് ചെയ്യുന്നു..
NB : സന്തോഷേട്ടൻ എന്റെ ഫേസ്ബുക് അക്കൗണ്ട് പൂട്ടിച്ചില്ലെങ്കിൽ അടുത്താഴ്ച വേറൊരു കരാട്ടെ കഥ പറയാം

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...