Friday 23 August 2019

കഥാകൃത്ത്

ഫേസ്ബുക്കിലെ ചളി കഥകൾ വായിച്ചിട്ടു കുറെ പേര് എന്നോട് ചോദിച്ചിരുന്നു.. ഈ എഴുതുന്ന വളിപ്പൊക്കെ കൂട്ടി വെച്ച് ഒരു പുസ്‌തകമാക്കി ഇറക്കിക്കൂടെ എന്ന്... കൂട്ടുകാരുടെ അടുത്ത് നിന്നും , പല തവണ ഇത്തരം അനാവശ്യ പ്രോത്സാഹനം കിട്ടിയപ്പോൾ ഞാനും കരുതി , എന്നാൽ ഒരു തകഴിയോ  , എം  ടിയോ,  ചുരുങ്ങിയത് ഒരു ശ്രീനിവാസാണെങ്കിലും ആയിട്ട് തന്നെ ബാക്കി കാര്യം എന്ന്..

ബൂക്കിറക്കാൻ ഒരു പബ്ലിഷർ വേണം.. പരിചയത്തിൽ ആണേൽ ആരും ഇല്ല താനും.. നെറ്റിൽ പരതിയപ്പോൾ കുറെ ലിസ്റ്റ് കിട്ടി.. മാതൃഭൂമി ബുക്ക്സ് , ഡി സി ബുക്ക്സ് , മനോരമ ബുക്ക്സ് , ഒലീവ് പബ്ലിക്കേഷൻസ് .. അങ്ങനെ കുറെ എണ്ണം.. ഞാൻ എപ്പോളും നാട്ടിൽ ഇല്ലാത്തതു കൊണ്ട് , പബ്ലിഷർമാരോട് സംസാരിക്കാൻ അപ്പനെയും ഏല്പിച്ചു..

വൈകുന്നേരം ആയപ്പൊളേക്കും അപ്പന്റെ വാട്സാപ്പ് മെസ്സേജ് എത്തി  - " പബ്ലിഷർ സെറ്റ് ആയി "

ആഹാ.. അത് കൊള്ളാലോ.. എന്റെ എഴുത്തുകുത്തിന്റെ ഒരു ഡ്രാഫ്റ്റ് കോപ്പി പോലും കാണാതെ പബ്ലിഷറെ ഒപ്പിച്ച അപ്പനെ ഓർത്തു എനിക്ക് അഭിമാനം തോന്നി..

"ആരാ അപ്പാ ടീമ്സ്.. ഡി സി ബുക്ക്സ് ആണോ ? അതോ ഒലീവ് പബ്ലിക്കേഷനോ ?" - എന്റെ ആകാംഷ മൂത്തു

"അതൊന്നും അല്ലേടാ .. അവരെക്കാൾ പഴയ ടീമാ.. തട്ടാങ്കണ്ടി ബുക്ക്സ് .. പോരാത്തതിന് ഇവരുടെ മാർക്കറ്റിംഗ് വിങ് , ഈ മാതൃഭൂമിയേക്കാൾ ഒക്കെ  സ്ട്രോങ്ങാ " - അപ്പൻ മൊഴിഞ്ഞു

തട്ടാങ്കണ്ടിയോ ? ആ എന്ത് മാങ്ങാണ്ടി എങ്കിലും ആകട്ടെ .. പബ്ലിഷറെ കിട്ടിയല്ലോ .. സമാധാനമായി.. അല്ല ഈ റോയൽറ്റി ഇനത്തിൽ എത്ര കിട്ടുമായിരിക്കും...  ആവോ അറിയാൻ പാടില്ല.. എന്നാലും കിട്ടാൻ പോകുന്ന കാശിനെയും , വരാൻ പോകുന്ന പ്രശസ്തിയെയും ഓർത്തു  ഞാൻ മനക്കോട്ട കെട്ടാൻ തുടങ്ങി..

എന്റെ മനക്കോട്ട അങ്ങ്   മാനത്തോളം ഉയർന്നു .. ആ കോട്ട ആറ്റം ബോംബ് ഇട്ടു  തകർത്തുകൊണ്ട് അപ്പന്റെ ശബ്ദം എന്റെ കർണ പടങ്ങളിൽ പതിച്ചു..

" തട്ടാങ്കണ്ടി നാണു എന്റെ ഒരു പഴയ ദോസ്താ.. അവര് പഴയ പ്രിന്റിങ്ങും, ബുക്ക് ബൈൻഡിങ്ങും പരിപാടിയും ഒക്കെ നിർത്തി .., ഇപ്പൊ നെറ്റ് കഫെയും  , ഡി ടി പി യും , ഫോട്ടോസ്റ്റാറ്റും ഒക്കെയാ.. ബുക്ക് ഒന്നിന് 80  രൂപയുടെ തോതിൽ അവര് അടിച്ചു തരും.. കുറ്റിയാടി സ്റ്റാൻഡിൽ, ബസിൽ കേറി   വിൽക്കാനുള്ള ബംഗാളികളെയും അവൻ സെറ്റാക്കും.. ബംഗാളി ഒന്നിന്  ഉച്ചവരെ 500 രൂപ  .. എത്ര കോപ്പി വേണമെന്നാ ഞാൻ അവനോടു പറയേണ്ടേ ? "

എന്റെ നാട്ടിലെ ബസ്റ്റാന്റിൽ , സ്വർണലിപികളിൽ  ഞാനെഴുതിയ വളിപ്പുകൾ  , അച്ചര പുഢതയില്ലാത്ത  ഒട്ടുമില്ലാത്ത  ബംഗാളികള് , അതും ഞാൻ അങ്ങോട്ട് ദിവസക്കൂലി  കൊടുത്തു  , "സേട്ടാ നൂറു  റൂപ - നൂറു  റൂപ " എന്നും പറഞ്ഞു വിൽക്കുന്ന കാര്യം ആലോചിച്ചപ്പോൾ , തല്ക്കാലം എം ടി ആവാനുള്ള ആഗ്രഹം ഞാൻ അങ്ങ് തല്ലിക്കെടുത്തി..

വെറുതെ ബംഗാളികളുടെ ഇടയിൽ കൂടി നാറാനായിട്ടു ഓരോ പരിപാടികളെ ...

Thursday 8 August 2019

പുട്ടും മുട്ടേം

എനിക്ക് പരിചയമുള്ള  കുഴിമടിയന്മാരുടെ ലിസ്റ്റെടുത്താൽ അതിൽ ഒന്നാം സ്ഥാനം എനിക്ക് തന്നെ ആവും കിട്ടുക .. രാവിലെ  അലാറം അടിച്ചാൽ ഓഫാക്കാൻ മടി.. ഉറക്കം പോയാലും കട്ടിലിൽ നിന്ന് എണീക്കാൻ മടി .. എണീറ്റാൽ തന്നെ പല്ലു തേക്കാൻ മടി..  കുളിക്കാൻ മടി.. ജോലിക്കു പോകാൻ മടി.. അലക്കാൻ മടി.. നടക്കാൻ മടി.. അങ്ങനെ പല പല മടികൾ.. പക്ഷെ തിന്നാൽ മാത്രം ഒരു മടിയും ഇല്ല .. തീറ്റ കൂടുകയും , പല്ലുതേപ്പ് കുറയുകയും ചെയ്ത കാരണം  , എന്റെ ഒരുമാതിരി പെട്ട പല്ലെല്ലാം  പുഴുപ്പല്ലായി മാറിയിരിക്കുന്നു..

അങ്ങനെ വളഞ്ഞു വളഞ്ഞു, ചുറ്റി തിരിഞ്ഞു,   ഒടുവിൽ ഞാൻ കഥയുടെ ടോപ്പിക്കിൽ എത്തിയിരിക്കുന്നു .. അതെ,  ഇന്നത്തെ ചിന്താവിഷയം  "പുഴുപ്പല്ലാണ്" ..

എന്റെ  പുഴുപ്പല്ലെന്നു പറയുമ്പോൾ അങ്ങനെ ചെറിയ സെറ്റപ്പൊന്നും അല്ല .. ഞാൻ കഴിക്കുന്ന ഫുഡിന്റെ പകുതിയും എന്റെ അണപല്ലാണ്  എടുക്കുന്നത്.. ഉദാഹരണത്തിന് , ഒരു നിലക്കടല എടുത്തു ചാവക്കാൻ നോക്കിയാൽ , അത് നേരെ അണ പല്ലിന്റെ ഓട്ടയിലേക്കു പോവും ; രണ്ടാമത്തെ നിലക്കടല മുതൽക്കേ എന്റെ വയറ്റിലേക്ക് പോവൂ.. കശുവണ്ടി ആണേലും , ബീഫിന്റെ കഷ്ണമാണേലും എല്ലാം ഇത് തന്നെ അവസ്ഥ.. ഗണപതിക്ക്‌ കൊടുക്കുന്നപോലെ , ആദ്യത്തെ ഗഡു പുഴുപ്പല്ല് കൊണ്ടുപോകും...

പല്ലുവേദന കൂടിയപ്പോൾ ആണ് ഒരു ഡെന്റിസ്റ്റിന്റെ അടുത്തേക്ക് വെച്ച് പിടിച്ചത്.. ഭാര്യയുടെ കൂട്ടുകാരി ആണ് ആണ് ഡോക്ടർ .. .. ഒരു പല്ലു പറിക്കാൻ പോലും ആരോഗ്യം ഇല്ലാത്ത ഒരു കൃശഗാത്ര  .. എന്നാലോ  എല്ലാ ഡെന്റിസ്റ്റുകളെയും പോലെ വാ തോരാതെ സംസാരിക്കുന്ന ഒരു മനുഷ്യസ്ത്രീ ..

മൂപ്പര് എന്നെ ചാര് കസേരയിൽ പിടിച്ചു കിടത്തി.. ഉറ ഇട്ട കൈ കൊണ്ട്  തള്ളി തുറന്നു പിടിച്ച വായിൽ , കൊടില് പോലത്തെ എന്തോ കുന്ത്രാണ്ടം ഇട്ടു ഡോക്ടർ തകൃതി പരിശോധന തുടങ്ങി ..

"പല്ലൊക്കെ മൊത്തം അബദ്ധമാണല്ലോ .. അണപ്പല്ല് നാലും പോക്കാ .. റൂട്ട് കനാൽ ചെയ്യേണ്ടി വരും .." - ഡോക്ടറത്തി മൊഴിഞ്ഞു

എന്തുവേണേലും ആയിക്കോ എന്ന് ഞാൻ കണ്ണ് കൊണ്ട് കഥകളി കാട്ടി..

പരിശോധന തുടരുന്നതിനിടെ  മൂപ്പര് എന്നോട് ഒരു ചോദ്യം  - "രാവിലെ പുട്ടും , മുട്ടക്കറിയിം ആയിരുന്നോ" ?

ഇതിപ്പോ എന്താ സംഭവം .. ഒരു ഐഡിയയും ഇല്ലല്ലോ .. ഇപ്പോളത്തെ ഡോക്ടര്മാര്  പ്രവചിക്കാനും തുടങ്ങിയോ.. ഞാൻ മൂപ്പരെ കണ്ണ് മിഴിച്ചു നോക്കി ..

അപ്പോൾ ഡോക്ടർ  ,  തന്റെ കൊടിലിന്റെ അറ്റത്തു ഇരിക്കുന്ന  ഒരു തേങ്ങാ പീര കാട്ടിക്കൊണ്ടു പറഞ്ഞു  - "ഇങ്ങളെ  അണപ്പലിന്റെ കിഴുത്തെന്നു കിട്ടിയതാ"

ഡോക്ടർ ഒരു വിക്രീള ഭാവത്തിൽ എന്നെ നോക്കി.. എന്റെ വൃത്തിയില്ലായ്മയെ നല്ലതുപോലെ വിമർശിച്ചു.. എങ്ങനെ ഭംഗിയായി പല്ലു തേക്കണമെന്നു പറഞ്ഞു തന്നു.. സംസാരത്തിനിടക്ക് തന്നെ റൂട്ട് കനാലിന്റെ, ആദ്യഭാഗമായ പല്ലൊക്കെ തുരക്കലും, ക്യാവിറ്റി നീക്കം ചെയ്യലും ഒക്കെ കഴിഞ്ഞു..

"ഇന്നത്തെ പരിപാടി ഒക്കെ കഴിഞ്ഞു ; ഇനി നാളെ വരണം" - ഡോക്ടർ മൊഴിഞ്ഞു

ഞാൻ : "ഡോക്ടറെ , ഒരു കാര്യം  പറയാനുണ്ട് "

ഡോക്ടർ : "എന്താ, മറ്റേ തേങ്ങാ പീരയുടെ കാര്യമാണോ..?"

"ഉം .. " ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

ഡോക്ടർ മൊഴിഞ്ഞു : "ഞാൻ നീതുനോടൊന്നും പറയൂല്ല... അല്ലേയ്, പറയുന്ന എനിക്കില്ലേ ഒരു നാണം "

ദന്താശുപത്രിയിൽ നിന്നും ഇറങ്ങുമ്പോളും ഡോക്ടറത്തി എന്നെ നോക്കി പുച്ഛ ഭാവത്തിൽ ചിരിക്കുന്നുണ്ടായിരുന്നു.... 

 പക്ഷെ, പല്ലിനിടയിൽ നിന്നും കിട്ടിയ  വെറുമൊരു തേങ്ങാപ്പീര വെച്ച് എന്റെ ബ്രേക്‌ഫാസ്‌റ്  എന്തായിരിക്കുമെന്ന് ഊഹിച്ചെടുത്ത ഡോക്ടറോട്  എനിക്ക്  സഹതാപം മാത്രമേ തോന്നിയുള്ളൂ..  കാരണം  മൂപ്പത്തിക്ക്  പല്ലിനിടിൽനിന്നു കിട്ടിയ പുട്ടും മുട്ടേം , ഞാൻ രാവിലെ  കഴിച്ചതിന്റെതല്ലായിരുന്നു ... തലേന്ന് രാത്രി തിന്നതിന്റേതായിരുന്നു..  നമ്മളാരാ മൊതല്....

#അമലിന്റെ_തള്ളലുകൾ  
#ടിന്റുമോൻ_ലോജിക് 

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...